ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ ഡല്‍ഹിയിൽ നടന്ന കലാപം വിരല്‍ ചൂണ്ടുന്നത്, കര്‍ഷകബില്ലും പൗരത്വബില്ലും മാത്രമല്ല. നമ്മുടെ പ്രശ്നം എന്നതാണ്.
എന്‍. അബു
ജനപ്രതിനിധിസഭയായ പാര്‍ലമെന്റിൽ ഒരു ചര്‍ച്ചപോലും നടത്താതെ നിയമമാക്കിമാറ്റിയ കര്ഷകബില്ലുകള്ക്കെതിരായ സമരം രണ്ടുമാസം കഴിഞ്ഞിട്ടും നടക്കുകയാണ്. ഇത്തവണത്തെ റിപ്പബ്ലിക്ക്ദിനത്തില്‍ ഡല്‍ഹിയിൽ നടന്ന ട്രാക്ടര്‍റാലി അക്രമാസക്തമായതിനെതുടര്‍ന്ന് കര്‍ഷക സംഘടനകള്‍ പാര്‍ലമെന്റ് മാര്‍ച്ച് മാറ്റിവെച്ചുവെങ്കിലും.
ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് നീങ്ങിയ കര്ഷകലക്ഷങ്ങളിലൊരുഭാഗം, വഴിതെറ്റിവന്ന് പോലീസുമായി ഏറ്റുമുട്ടിയത് തികച്ചും നിര്‍ഭാഗ്യകരമായി. അതോടൊപ്പം തീവ്രവാദികളായ ചില സിക്ക് യുവാക്കള്‍ ചെങ്കൊടിയില്‍ സിക്ക് പതാക ഉയര്‍ത്തുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തു. (എന്നാല്‍ സംഘ്പരിവാര്‍ ആരോപിച്ചത് പോലെ ഇതുപക്ഷെ, ഖലിസ്ഥാന്‍ പതാക ആയിരുന്നില്ല. സിക്കുകാര്‍ അവരുടെ ഗുരുദ്വാരകള്‍ക്ക് മുകളില്‍ ഉയര്‍ത്താറുള്ള നിഷാന്‍ സാഹിബ് എന്ന മുക്കോണ പതാകയാണ്. ഇതാകട്ടെ രാഷ്ട്രപതാക നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒഴിഞ്ഞ കൊടിമരത്തിലാണ് ഉയര്‍ത്തിയതും. ഈ സിക്ക് പതാക 2014-ല്‍ ചെങ്കൊട്ടയില്‍ തന്നെ ഉയര്‍ത്തിയിരുന്നു. റിപ്പബ്ലിക്ക്ദിന പരേഡില്‍ പഞ്ചാബ് ടാബ്ലോകള്‍ക്ക് മുന്നിൽ സ്ഥിരമായി ഉയര്ത്തിവെക്കാറുമുള്ളതത്രെ.) തുടര്‍ന്നു പോലീസും സമരക്കാരും തമ്മില്‍ സംഘടനമുണ്ടായി, ഒരു കര്ഷകൻ മരണപ്പെടുകയും മുന്നൂറോളം പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 200 പേര് കസ്റ്റഡിയിലുമായി.
സമരത്തില്‍ നിന്നു രണ്ടു സംഘടനകള്‍ പിന്മാറിയതായി വാര്‍ത്ത ഉണ്ടെങ്കിലും, ഈ രണ്ടു സംഘടനകളും സംയുക്ത സമരസമിതിയായ കിസാന്‍ മോര്‍ച്ചയിൽ പെട്ടവരല്ലെന്നു സമിതിനേതാക്കള്‍ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല, സംഘര്‍ഷത്തിനു തുടക്കം കുറിച്ച പഞ്ചാബി സിനിമാതാരം ദീപ് സിദ്ധുന്റെ റോളിനേയും സമരസമിതി കുറ്റപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഗുരുദാസ്പൂരിൽ ബി.ജെ.പി.സ്ഥാനാര്‍ഥിയുടെ ക്യാംപയിന് മാനേജരായി പ്രവര്‍ത്തിച്ച സിദ്ദുവിനെ സമരമുറ്റത്ത് നിന്നു തങ്ങള്‍ ഓടിച്ചുവിടുകയാണുണ്ടായതെന്നു കര്‍ഷകര്‍ പറയുന്നു.
അറസ്റ്റ് വാറന്റൊക്കെ പുറപ്പടുവിച്ചിട്ടുണ്ടെങ്കിലും അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടേയുള്ളു എങ്കിലും നമ്മുടെ 2021 ലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ ഇങ്ങനെ അലങ്കോലപ്പെട്ടതിന്റെ മൂലകാരണം, ശബ്ദവോട്ടോടെ പാസാക്കിയ കര്‍ഷക ബില്ലുകളാണ് എന്ന കാര്യത്തില്‍ സംശയമില്ല.
മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട നമ്മുടെ മഹത്തായ രാജ്യത്തിന്റെ 72 മത് റിപ്പബ്ലിക്ക്ദിനം ഇങ്ങനെ അലങ്കോലപ്പെട്ടതില്‍ വ്യസനിക്കാത്തവര് ആരുമുണ്ടാവില്ല. മുഖ്യാതിഥിയായി നാം ക്ഷണിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ആ കാഴ്ച നേരിട്ടുവന്ന് കാണാന്‍ ഇടയാവാത്തതില് തല്ക്കാലം നമുക്കാശ്വസിക്കുക.
കഴിഞ്ഞ റിപ്പബ്ലിക്ക് ദിനങ്ങളിലെല്ലാം ഒരു വിദേശ രാഷ്ട്രത്തലവനെ നാം ക്ഷണിച്ചുകൊണ്ടുവരികയും രാഷ്ട്രത്തിന്റെ സര്വതോതോന്മുഖമായ പുരോഗതി വിളംബരപ്പെടുത്തുന്ന റിപ്പബ്ലിക്ക്ദിന റാലിയില്‍ മുഖ്യാതിഥി ആയി ആദരിക്കുകയും ചെയ്യാറുണ്ടായിരുന്നു.
1950ല്‍ ഇന്‍ഡോനീഷ്യയുടെ ആദ്യ പ്രസിഡന്റ് കുസാനോ സുക്കര്ണോയെ നമ്മുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാൽ നെഹ്റു വിളിച്ച് ആദരിച്ച മുതല്‍ തുടങ്ങിയതാണ് ആ പാരമ്പര്യം. 100 വര്‍ഷത്തോളം നമ്മുടെ നാട് ഭരിച്ച ശേഷം, അധികാരം വിട്ടൊഴിഞ്ഞ്പോയ ബ്രിട്ടനില്‍ നിന്നുതന്നെ നാലഞ്ചുതവണ മുഖ്യാതിഥികള്‍ വന്നിരുന്നു. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് മുതല്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് വരെ അതില്‍പെടുന്നു.
ഇതിനിടയില്‍ മൂന്നു തവണമാത്രമാണ് അത് മുടങ്ങിപ്പോയത്. രണ്ടുപ്രാവശ്യം നമ്മുടെ രാഷ്ട്രപതി അസുഖം ബാധിച്ച് കിടപ്പിലായപ്പോള്‍. 1966ലാകട്ടെ റിപ്പബ്ലിക്ക്ദിനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ശാസ്ത്രി മരണപ്പെട്ടത് കാരണം, രാഷ്ട്രം ദുഖാചരണത്തിലായതിനാലും.
ഇത്തവണ ബ്രിട്ടനില്‍ കോവിഡ് രോഗം തിമര്‍ത്താടുന്നത് കണ്ടാണ് അവിടുത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പിډാറിയത്. തെക്കെ അമേരിക്കയിലെ കൊച്ചു രാജ്യമായ സൂറിനാമിന്റെ പ്രസിഡന്റ് ചന്ദ്രിക പ്രസാദ് സിതോഖ് പകരക്കാരനായി വരുന്നുണ്ടെന്നു വാര്‍ത്ത ഉണ്ടായിരുന്നു. ആറു ലക്ഷം ജനങ്ങള്‍ മാത്രമുള്ള ഒരു ചെറുരാജ്യത്തിന്റെ തലവനാണെങ്കിലും ഇന്ത്യന്‍ വംശജനാണദ്ദേഹം എന്നത് ശ്രദ്ധേയവും ആയിരുന്നു. പക്ഷെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രവാസിദിന ചടങ്ങിനായി വന്നിരുന്ന ഇദ്ദേഹം, രണ്ടാമതൊരു ഇന്ത്യന്‍ യാത്രക്കെത്തിയില്ല.
അതെന്തായാലും ചെങ്കോട്ടയില്‍ നടന്ന കലാപത്തിനു നേരിട്ട് സാക്ഷിയാവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നതില്‍ നമുക്കാശ്വസിക്കാം. എങ്കിലും ഇന്ത്യയില്‍ വേരുകളുള്ള ഒരു വിദേശരാഷ്ട്രത്തലവന്റെ പ്രസക്തി എന്തെന്നു മനസ്സിലാക്കാന്‍ കഴിയുമായിരുന്ന ഒരവസരം നരേന്ദ്രമോദി ഭരണകൂടത്തിനു നഷ്ടപ്പെട്ടതില്‍ 135 കോടി ഇന്ത്യക്കാര്‍ക്ക് സങ്കടവുമുണ്ടാവും.
സിഗപ്പൂര്‍ എന്ന കൊച്ചുനാട്ടില്‍ ചെങ്കരുവീട്ടില് ദേവന് നായര്‍ എന്ന ഒരു മലയാളിക്ക് പ്രസിഡന്റാവാന്‍ കഴിഞ്ഞ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അപ്പോഴും ഇന്നിവിടെ ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവര്‍ അന്വേഷിക്കുന്നത് നമ്മുടെ നാട്ടില്‍ പിറന്നു വളര്ന്നവരോടൊക്കെ മതവും ജാതിയും തെളിയിക്കണമെന്നാണ് പൗരത്വബില്‍ എന്ന ഭൂതത്തെ കുടത്തില്‍ നിന്നു തുറന്നുവിട്ടതോടെ നമ്മുടെ രാഷ്ട്രപതി സ്ഥാനം വഹിച്ച ഫഖ്റുദ്ദീന്‍ അലി അഹമ്മദിന്റെ കുടുംബക്കാര്‍ക്ക് പോലും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിലയാണ്.
അമേരിക്കയെപ്പോലെ ഒരു മഹാരാജ്യംപോലും ഒരു കോടിയോളം വരുന്ന കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കവുമായി മുന്നേറുന്ന കാലഘട്ടത്തിലാണിത്നടക്കുന്നത്. വിദേശ ഇന്ത്യക്കാരില്‍ മുസ്ലീം സമുദായത്തില്‍ പെട്ടവര്‍ ഒഴിച്ചുള്ളവര്‍ക്കെല്ലാം ഇന്ത്യന്‍ പൗരത്വം നല്‍കാനും, മോദി ഗവണ്മെന്റ് ബില്‍ കൊണ്ടുവന്നിരിക്കയാണ്. അമേരിക്കയില്‍ 46-ാമത് പ്രസിഡന്റായി അധികാരമേറ്റ ജോ.ബൈഡണ്, തന്റെ ഡെപ്യൂട്ടിയയി ഒപ്പം കൂട്ടിയിരിക്കുന്നത് തന്നെ, ഇന്ത്യയില്‍ തമിഴ് വംശയായ കമലാ ഹാരിസിനെയാണ്. മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന വിവേചനത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ തന്നെ ശക്തിയായി വിമര്‍ശിച്ച ആളാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവായ ബൈഡന്, അധികാരമേറ്റുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ തന്നെ ബൈഡന് പറഞ്ഞത് ഒരു പാര്‍ട്ടിയുടെ വിജയമല്ല നാം ആഘോഷിക്കുന്നത്, പരിപൂര്‍ണ്ണ സ്വാതന്ത്രമാണ് എന്നാണ്. മാത്രമല്ല, അധികാരമേറ്റതിനു പിന്നാലെ തന്നെ ഒരു ഡസനോളം ഇന്ത്യന്‍ അമേരിക്കന്‍ സംഘടനകള്‍ കുറ്റപ്പെടുത്തിയ സംഘിസ്റ്റുകളായ സോണാല്‍ ഷായേയും അമിത് ജാനിയേയും തന്റെ സംഘത്തില്‍നിന്നു ബൈഡന് പിടിച്ചു പുറത്തിടുകയും ചെയ്തു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ അമേരിക്കയിലെ ഹൂസ്റ്റണില്‍ ചെന്നു റിപ്പബ്ലിക്കന്‍ നേതാവായ ഡൊണാള്‍ഡ് ട്രംപിനുവോട്ട് ചെയ്യാന്‍ ഹൗഡി മോഡി എന്ന പേരിട്ടു ഒരു പ്രചാരണ നാടകം അവിടെ ഇന്ത്യക്കാരെ വിളിച്ചു വരുത്തി നടത്തുകയുണ്ടായി.
പൗരത്വം ഓരോ വ്യക്തിയുടേയും അവകാശമാണ്. ഇരട്ട പൗരത്വത്തിനു അവകാശമുള്ളപ്പോഴും നമ്മുടെ തിരുവനന്തപുരം എം.പി.യായ മുന്‍ യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറല്‍ ശശി തരൂരിനെപ്പോലുള്ളവര്‍ അത് അഭിമാനപൂര്‍വ്വം നിരസിക്കുകയായിരുന്നു.
അതേ സമയം ഇന്ത്യക്കാരനെന്ന അഭിമാനത്തോടെയാണ് സി.വി.ദേവന് നായര്‍ എന്ന മലയാളി 1981-ല്‍ സിംഗപ്പൂരില്‍ മൂന്നാമത്തെ പ്രസിഡണ്ടായത്. നമ്മുടെ നാട്ടില്‍ വേരുകളുള്ളവര് ഇങ്ങനെ ഉയര്‍ന്ന ബഹുമതികളിലെത്തുമ്പോള്, ഇന്ത്യക്കാരെന്ന നിലക്ക് നാം അഭിമാനിക്കുകയും ചെയ്യുന്നു.
നമ്മുടെ ഉപപ്രധാനമന്ത്രി ആയിരുന്ന ബി.ജെ.പി. നേതാവ് എല്‍.കെ.അദ്വാനി ഇപ്പോള്‍ പാക്കിസ്ഥാനില്‍പ്പെട്ട കറാച്ചിയിലാണ് ജനിച്ചതെന്നത് നാം ഒരു പോരായ്മയായി കണ്ടിട്ടില്ല. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പദവി വരെ അലങ്കരിച്ച വിഖ്യാത എഴുത്തുകാരന് ഖുഷ്വന്ത് സിങ്ങ് പാക്കിസ്ഥാനിലെ ഹദാഹയില് നിന്നു വന്ന ആളാണെന്നതും നാം ചെറുതായി കണ്ടിട്ടില്ല. 98-ാം വയസ്സിലും നമ്മോടൊപ്പമുള്ള പ്രശസ്ത ചലച്ചിത്രതാരം ദിലീപ് കുമാര്‍ എന്ന യൂസുഫ്ഖാന് പാക്കിസ്ഥാനിലെ പെഷാവര്കാരനാണെന്നു നാം പറഞ്ഞു നടന്നട്ടില്ല.
ഇന്ത്യയടക്കം പാക്കിസ്ഥാനുവേണ്ടി ക്രിക്കറ്റ് കളിച്ച എം.ജഹാഗീര്ഖാനും, ഹോക്കി കളിച്ച അലി ഇഖ്തിദാര്ഷാ ദാരയും ലോകം തൊപ്പിയെടുത്ത് സലാം വയ്ക്കുന്ന കായിക താരങ്ങളാണ്.
ലോസ് ആഞ്ചലസ് ഒളിംപിപിക്സില് സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ ലാല്‍ഷാ ബുഖാരിയോ, ഒളിംപിക് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ നയിച്ച ശൈഖ് അബ്ദുള്‍ ലത്തീഫോ പാക്കിസ്ഥാനില്‍ പൗരത്വം സ്വീകരിച്ചതുകൊണ്ടു നാം അന്യരായി കണ്ടിട്ടില്ല.
ഇന്നും നാം അഭിമാനം കൊള്ളുന്നത് രാമന് സുബ്ബറാവുവെപ്പോലെ ഒരു ഇംഗ്ലീഷ് ക്രിക്കറ്ററുടെയും, റോഹന്‍ കന്ഹായിയെപ്പോലെ ഒരു വെസ്റ്റിന്‍ഡീസ് ക്രിക്കറ്ററുടേയും, ഇന്ത്യന്‍ കണക്ഷനില്‍ ആണ്.
രഞ്ജിട്രോഫി എന്ന പേരില്‍ ഇന്ത്യയില്‍ നടക്കുന്ന ദേശീയ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന് കാരണക്കാരനായ വിഭാജി രണ്‍ജിത്ത് സിങ്ങ്ജിയും ഇന്ത്യയുടെ ആദ്യകാല ക്രിക്കറ്റ് ക്യാപ്റ്റډാരില്‍ ഒരാളായ പട്ടൗഡി ഇഫ്തിഖ്റലിഖാനും, ഇംഗ്ലണ്ടിനുവേണ്ടി കളിച്ചിരുന്നുവെന്നതും നമുക്കഭിമാനം നല്കുന്ന വസ്തുതയാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ നയിച്ച മജീദ്ഖാന്, പഞ്ചാബില്‍ ലുധിയാനയുടെയും ആസിഫ് ഇഖ്ബാല്‍ ഹൈദരാബാദിന്റെയും മക്കളാണെന്നതും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന് തമിഴ്നാടിന്റെ പുത്രനാണെന്നതുമുള്ള വസ്തുത നമ്മെ ഉണര്‍ത്തുന്നത് പൗരത്വത്തിനപ്പുറത്തു ഒരു മനുഷ്യത്വം ഉണ്ടെന്നതാണ്.
കേരളം എന്നു കേട്ടാല്‍ തിളക്കണം ചോര എന്ന പാടത്തക്കവിധം നമ്മുടെ മഹാകവികള്‍ പോലും ചെറുതായിപ്പോകുന്ന ഈ കാലത്ത് പ്രത്യേകിച്ചും.


