അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ ആഴ്ചകൾക്കകം നടക്കുകയാണ്. പാർട്ടി തലങ്ങളിലെ പ്രചാരങ്ങൾക്ക് ക്ലച്ച് പിടിക്കുന്നില്ല എന്ന് കണ്ടപ്പോൾ, സംഘ്പരിവാർ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരെ രംഗത്തിറക്കിയിരിക്കുന്നു.
കരിയാടൻ
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു രണ്ടരക്കൊല്ലത്തോളം കാത്തിരിക്കണമെങ്കിലും, അതിന്റെ സെമിഫൈനലിനുള്ള വിസിൽ മുഴങ്ങിക്കഴിഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർഥി നിർണയങ്ങൾ നടന്നുവരികയാണ്. സിക്ക് മതാചാര്യരിൽപെട്ട ഗുരു രവിദാസിന്റെ വാരണാസിയിൽ നടക്കുന്ന ജന്മദിനാഘോഷങ്ങളിൽ സിക്കുകാരിൽ പലർക്കും പങ്കെടുക്കേണ്ടതിനാൽ പഞ്ചാബിലെ വോട്ടിങ്ങ് തീയതിക്ക് അല്പമൊരു മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ ഫലങ്ങൾ അഞ്ചു സംസ്ഥാനങ്ങളിലും മാർച്ച് പത്തിനുതന്നെ.
അഞ്ചിടങ്ങളിലും രാഷ്ട്രീയകക്ഷികളും അവരുൾപ്പെട്ട മുന്നണികളും അവകാശവാദങ്ങൾ പലതും ഉന്നയിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു ചിത്രം ഇനിയും പൂർത്തിയായിട്ടില്ല. അതേസമയം ഹിന്ദുത്വവോട്ടുകൾ ഉറപ്പാക്കാൻ ബി.ജെ.പി.യും, കർഷകർ, ന്യുനപക്ഷങ്ങൾ, ദളിതർ എന്നിവരെ പിടികൂടാൻ ഇതരകക്ഷികളും തീവ്രശ്രമം നടത്തുന്നുണ്ട്.
ഭരണം കയ്യിലുള്ള പഞ്ചാബിൽ കോൺഗ്രസിനു കൂറുമാറ്റങ്ങളെ തുടർന്നു ഭീഷണി ഏറെയുണ്ട്. ഏറ്റവുമധികം നിയമസഭാ സീറ്റുകളിലേക്ക് മത്സരം നടക്കുന്ന ഉത്തർപ്രദേശിലാകട്ടെ ഭരണം പിടിച്ചുപറ്റിയ ബി.ജെ.പി.യും മന്ത്രിമാരടക്കമുള്ള എം.ൽ.എ.മാരുടെ കൂട്ടരാജിയിൽ വിയർക്കുകയാണ്.
71 ജില്ലകളിൽ ബഹുഭൂരിപക്ഷവും ഹിന്ദുമതവിശ്വാസികളാണെങ്കിലും യു.പി.യിൽ മുസ്ലിംകളെയും ദളിതരേയും ഒപ്പം കൂട്ടാൻ ഇത്തവണ ബി.ജെ.പി. നേതാക്കൾ നടത്തിയ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. ഇരുപത് ശതമാനത്തോളം മുസ്ലിംകളുള്ള സംസ്ഥാനമാണ് ഇത്. കേന്ദ്രസർവകലാശാല ആയ അലിഗഡിന്റെയും, മുസ്ലിം വിജ്ഞാനകേന്ദ്രമായ ദാറുൽ ഉലും ദിയോബന്ദിന്റെയും സംസ്ഥാനം എന്ന നിലയിൽ അതിന്റെ പ്രാധാന്യം ഏറെയുമാണ്.
ഇത് മനസ്സിലാക്കിയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷം നേടിയപ്പോഴും എം.പി.മാരോട് സംസാരിക്കവേ, കൂടുതൽ ന്യുനപക്ഷ പിന്തുണനേടാൻ പരിശ്രമിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. ഉത്തർപ്രദേശ് നിയമസഭയിലേക്ക് ഒരൊറ്റ ബി.ജെ.പി.ക്കാരനും മത്സരിക്കാൻപോലും ടിക്കറ്റ് കൊടുക്കാതിരുന്ന പാർട്ടി, കേന്ദ്രത്തിൽ രണ്ടു മുസ്ലിംകൾക്ക് മന്ത്രിപദം നൽകുകയും ചെയ്തു.
എന്നാൽ ഇന്ത്യയുടെ 28 സംസ്ഥാനങ്ങളിൽ പതിനഞ്ചിലും മുസ്ലിം മന്ത്രിമാർ ആരുമില്ല. യു.പി.യിൽ ആകട്ടെ ഹജ് കാര്യവും വഖഫ് കാര്യവും നോക്കാൻ കൗൺസിലിൽ നിന്ന് മുഹ്സിൻ റാസ എന്ന ഒരു മുസൽമാനും മന്ത്രിപദം നൽകേണ്ടിവന്നുവെന്നുമാത്രം.
ഇത്തരുണത്തിലാണ് മുൻ ബി.ജെ.പി.പ്രസിഡന്റ് കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു കഴിഞ്ഞമാസം കേരളത്തിൽ മാന്നാനത്ത് വന്നു ഒരു മതത്തോടും വിദ്വേഷം കാണിക്കരുതെന്നു ആഹ്വാനം ചെയ്തത്.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും സംഘ്പരിവാർ അണികൾ എത്രത്തോളം സ്വീകരിക്കുമെന്നറിയില്ല. പ്രഖ്യാപിച്ചിടത്തോളം സ്ഥാനാർഥികളിൽ ഒരു മുസ്ലിമിന്റെ പേര് കണ്ടത് റാംപൂരിലെ നവാബ് കുടുംബത്തിൽ നിന്നുള്ള ഹൈദർ അലി ഖാന്റേതാണ്. സഖ്യകക്ഷിയായ അപ്നാദളിന്റെ പട്ടികയിലുള്ള ഇദ്ദേഹം ഒരു മുൻ കോൺഗ്രസ് എം.പി.യുടെ മകനും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയുമാണ്. എന്നാൽ ഹരിദ്വാറിലെ മതപീഡനപ്രസംഗങ്ങളെ തള്ളിപ്പറയാൻ ഇനിയും ബി.ജെ.പി.നേതൃത്വം തയ്യാറായിട്ടില്ല. അയോദ്ധ്യ കാട്ടി ഹിന്ദുവോട്ടുകളുടെ ബലത്തിൽ എളുപ്പത്തിൽ ജയിച്ചുകയറാമെന്നു കരുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലും അതൊഴിവാക്കി മതവിദ്വേഷം തന്നെ പറഞ്ഞുനടക്കുന്നു. ഗോരഖ്പൂർ എന്ന സുരക്ഷിത മണ്ഡലം തെരഞ്ഞെടുത്തിരിക്കയാണദ്ദേഹം. നിലവിൽ അദ്ദേഹം ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമത്രെ.
വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തിൽ ഭരണകക്ഷി നിശ്ശബ്ദത പാലിക്കുകയാണെന്നു പരക്കെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജി രോഹിൻടൻ നരിമാൻ ഈയിടെ ഇത് പ്രസ്താവിക്കുകയും മതഹിന്ദു പ്രസംഗങ്ങളിൽ നടപടി എടുക്കണമെന്നു കാണിച്ചു പ്രമുഖ മലയാളി പത്ര പ്രവർത്തകനായ ശശികുമാർ സുപ്രീം കോടതിയിൽ സ്വകാര്യ ഹർജി ഫയൽ ചെയ്യുകയും ചെയ്തു. നിർഭാഗ്യകരമെന്നു പറയട്ടെ ഈ ഘട്ടത്തിലാണ് ചാനലുകളിൽ പ്രമുഖരായ മുസ്ലിം വനിതകളെ അധിക്ഷേപിക്കുന്ന ആപ്പുകൾ സൃഷ്ടിക്കപ്പെട്ടത്.
ചക്കിക്കൊത്ത ചങ്കരൻ എന്ന് പറഞ്ഞത്പോലെ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പറ്റിയ ഉപമുഖ്യമന്ത്രിയാണ് കേശവ പ്രസാദ് മൗര്യ. ഹരിദ്വാറിലെ ധർമ സംഷാദിൽ മുസ്ലിംകളെ അകെ കൊന്നെടുക്കണമെന്നുള്ള പ്രസംഗങ്ങൾ വിവാദമായതിനെപ്പറ്റി ബ്രിട്ടീഷ് ടി.വി. ചാനലായ ബി.ബി.സി. അഭിപ്രായം ചോദിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്തു പോവുകയാണദ്ദേഹം ചെയ്തത്.
കൂറുമാറ്റങ്ങളിലും കൂട്ടരാജികളിലുമൊക്കെ കുഴഞ്ഞു മറിയുന്ന ഉത്തർപ്രദേശിൽ ഇതിനകം തന്നെ നാലു പര്യടനങ്ങൾ നടത്തിക്കഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി, ഒറ്റയ്ക്ക് നിന്നാൽ ജയിച്ചു കയറുക പ്രയാസമാണെന്നു തിരിച്ചറിഞ്ഞുകഴിഞ്ഞു. ഏതാനും പ്രാദേശിക പാർട്ടികളുമായി ബി.ജെ.പി.ക്കു സഖ്യം പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നു.
പൗരത്വ ബില്ലും ഗോവധ നിരോധനവും മുത്തലാഖ് നിയമവും അയോധ്യയും ഒന്നും തന്നെ വേണ്ടവിധത്തിൽ വോട്ടായി മാറില്ല എന്ന് ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവർ തിരിച്ചറിഞ്ഞതാണ് കാരണം. ഇനി ഇപ്പോൾ കുട്ടിക്കുരങ്ങിനെക്കൊണ്ടു ചുടുചോറ് മാന്തിക്കുന്ന പണി വിവിധ സ്ഥാപനങ്ങളിൽ തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ ജൂലൈ മാസത്തിൽ "ബുള്ളി ഡീൽസ്" എന്ന പേരിൽ എൺപതോളം മുസ്ലിം വനിതകളെ അധിക്ഷേപിച്ച ആപ്പ് ഇറക്കിയിരുന്നു,. ഇതിനെതിരെ പരാതി ഉയർന്നപ്പോൾ അത് നിരോധിച്ചു എന്ന് പറഞ്ഞു കൈകഴുകിയതാണ്. കേന്ദ്ര ഗവൺമെന്റിന്റെ ഐ.ടി.സെൽ പുതുവത്സര ദിനത്തിൽ ബുള്ളി ബായി എന്ന പുതിയ ആപ്പിന്റെ കാര്യത്തിലും അധികൃതർ എത്രമാത്രം മുന്നോട്ടു പോകുമെന്നറിയില്ല. സുള്ളി എന്നും ബുള്ളി എന്നുമുള്ളവ തന്നെ പ്രാദേശിക ഭാഷകളിൽ സ്ത്രീകളെ അശ്ലീലച്ചുവയിൽ ചിത്രീകരിക്കുന്ന ഉത്തരേന്ത്യൻ വാക്കുകളാണ്. ഈ പരാതികൾ നിലനിൽക്കെത്തന്നെ മുസ്ലിംസ്ത്രീകളെ അവഹേളിക്കുന്ന ക്ലബ് ഹൗസ് എന്ന ആപ്പും രംഗത്തിറങ്ങിയതായി വനിതാകമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ തന്നെ പറഞ്ഞിരിക്കയാണ്. ഇതിനെപ്പറ്റി ചോദ്യം ചെയ്യാൻ വിളിക്കപ്പെട്ട അഞ്ചു യുവതികളിൽ ഒരാൾ മലയാളിയുമത്രെ.
നോബൽ സമ്മാനം നേടിയ പാകിസ്ഥാൻ വനിതയായ മലാല യൂസുഫ്സായി അടക്കം ബഹുമാന്യരായ 102 മുസ്ലിം മഹിളകളെയാണ് ലേലത്തിൽ വെച്ചിരിക്കുന്നതെന്നാണ് ബുള്ളി ബായിയിൽ പറയുന്നത്. പ്രശസ്ത സിനിമാനടിയായ ശബാന ആസ്മി മുതൽ പൗരത്വബിൽ നിയമത്തിനെതിരായ സമരത്തിൽ പങ്കെടുക്കവെ ഒരു വർഷത്തിലേറെയായി കാണാതായ നജീബ് അഹമ്മദിനെ നൊന്തുപെറ്റ ഫാത്തിമ നഫീസ എന്ന 65 കാരി വരെ ഇതിൽപ്പെടുന്നു.
തീവ്രവാദത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാതെ ശക്തമായി എതിർക്കുന്നവരാണ് ഇവരിൽ മിക്കവരും. ഡൽഹി ഹൈക്കോടതിയിലെ ഒരു മുസ്ലിം ജഡ്ജിയുടെ പത്നി, പ്രശസ്തരായ മാധ്യമ പ്രവർത്തകർ, തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കുന്ന ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ നേതാക്കൾ, തുടങ്ങിയവർ.
തന്നെ ലേലത്തിനു വെച്ചതായി പടം സഹിതം ബുള്ളി ആപ്പിൾ കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി എന്നാണ് കശ്മീർ ജേർണലിസ്റ്റ് ആയ ഖുർറത്തുലൈൻ റഹ്ബാർ പറഞ്ഞത്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഹിത് ഹബ് എന്ന സൈറ്റിലാണ് ഇത് ആദ്യം കണ്ടത്.
പരാതി നൽകിയപ്പോൾ പേരറിയാത്ത കുറേ ആളുകളുടെ പേരിൽ പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്തതായാണ് ഡൽഹി പോലീസിന്റെ ക്രൈം സെൽ പറഞ്ഞതെന്ന് തലസ്ഥാനത്ത് മാധ്യമ പ്രവർത്തകയായ ഇസ്മത്ത് ആറം പറഞ്ഞു. സമുദായ സൗഹാർദ്ദം തകർക്കാനും, സ്ത്രീപീഡനം നടത്താനോ ചെയ്യുന്ന ശ്രമങ്ങൾക്കെതിരായ ഇന്ത്യൻ പീനൽ കോഡിലെ വകുപ്പുകൾ അനുസരിച്ചാണത്രെ. എഫ്.ഐ.ആർ എന്നാൽ ആരെയും തിരിച്ചറിഞ്ഞിട്ടില്ല.
സാദിറ എന്ന ഒരു സ്ത്രീയുടെ പരാതിയുടെ വെളിച്ചത്തിൽ മുംബൈ പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുള്ളി ഡീൽസിനെതിരായ കേസിൽ ആറുമാസമായിട്ടും തുടർ നടപടി ഒന്നും ഉണ്ടായിട്ടില്ല എന്നതിനാൽ തനിക്ക് പ്രതീക്ഷയൊന്നുമില്ലെന്നു ഈ യുവതി പറഞ്ഞു. സുള്ളിയിലെന്നപോലെ ബുള്ളിയിലും തന്റെ പേര് കണ്ടതിനെത്തുടർന്നു നൽകിയ പരാതിയിൽ ആറുമാസമായി നടപടി ഒന്നും ഉണ്ടായില്ലെന്ന് മുംബെയിലെ ഒരു അഭിഭാഷക ആയ ഫാത്തിമ സുഹ്റാഖാനും പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരുടെ പേരുകൾ പറയാൻ ഹിത്ഹബിന്റെ ഭാരവാഹികളോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ഒന്നും കിട്ടിയില്ല എന്നു പറഞ്ഞു ഒഴിയുകയാണ് മുംബൈ പോലീസ്.
മുംബൈയിൽ നിന്നുള്ള ശിവസേനയുടെ പാർലമെന്റ് അംഗമായ പ്രിയങ്കാ ചതുർവേദി അടക്കമുള്ള പല എം.പി.മാരും ഇത് കേന്ദ്ര ഐ.ടി.മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയുണ്ടായി. അതിനു ലഭിച്ച മറുപടി ഈ ഹബ് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും തുടർ നടപടികൾ എടുത്തു വരികയാണെന്നുമാണ്. പ്രശസ്ത അമേരിക്കൻ പത്രമായ വാഷിങ്ങ്ടൺ പോസ്റ്റിന്റെ മുംബെ പ്രതിനിധിയായ റാണ അയ്യൂബ് പറയുന്നത്, കുറ്റക്കാർക്ക് നിയമത്തെ ഒട്ടും പേടിയില്ലാതായിരിക്കുന്നു എന്നാണ്.
അറസ്റ്റ് നടന്നിടത്തോളം നമ്മൾ അറിയുന്നത് സംഘ്പരിവാർ കുത്തിവയ്ക്കുന്ന മതഭ്രാന്ത് എത്ര ആഴത്തിലാണ് നമ്മുടെ നാട്ടിലെ യുവമനസ്സുകളെ സ്വാധീനിക്കുന്നത് എന്നതാണ്. ബുള്ളി ബായ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട വിവിധ സംസ്ഥാനങ്ങളിൽ നിന്നും പിടി കൂടിയവരിൽ മിക്കവരും ചെറുപ്പക്കാരായ വിദ്യാർഥികളാണ്.
ആസ്സാമിലെ ജോർഹട്ടിൽ ജനുവരി 5നു ബുള്ളിബായിയുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട നീരജ് ബിഷ്ണോയ എന്ന 20 കാരൻ, ഭോപ്പാലിൽ ടെക്നോളജി ഡിഗ്രിക്കു പഠിക്കുന്ന കക്ഷിയാണ്. അതിനു രണ്ടു ദിവസം മുമ്പ് ബെംഗളൂരുവിലെ എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നു പിടിയിലായത് ബിഹാർ പട്നാ സ്വദേശിയായ വിശാൽ കുമാർ എന്ന 21 കാരനാണ്. പിറ്റേന്നു പതിനെട്ടുവയസ് മാത്രം പ്രായമുള്ള ശ്വേതാസിങ്ങ് എന്ന പെൺകുട്ടിയെ ഉത്തരാഖണ്ഡിലും പിടികൂടി. 21 വയസ്സായ മായങ്ക്റാവത്തും ഇൻഡോറിൽ നിന്നു ഓംകാരേശ്വർ താക്കൂർ എന്ന 21കാരനായ കമ്പ്യൂട്ടർ വിദ്യാർഥിയും ഒഡീഷയിൽ നിന്നു എം.ബി.എ. വിദ്യാർഥിയായ നീരജ് സിങ്ങ് എന്ന 28 കാരനും പിടിയിലായി.
ഇടത്തരക്കാരും പാവപ്പെട്ടവരുമായവരുടെ കുടുംബത്തിൽ നിന്നുള്ളവരാണ് ഇവരിൽ മിക്കവരും എന്നതാണ് ശ്രദ്ധേയം. നീരജിന്റെ പിതാവ് ദശരഥ് ബിഷ്ണോയ് പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത ഒരാളാണ്. വിശാൽത്സാ ഒരു ടിക്കറ്റ് എക്സാമിനറുടെ മകനാണ്. ശ്വേത എന്ന പെൺകുട്ടി ക്യാൻസറും കോവിഡും പിടിപെട്ട് മരിച്ച മാതാപിതാക്കളുടെ മകളാണ്. നീരജ് സിങ്ങിന്റെ പിതാവ് ഒരു ചെറിയ പലചരക്കു കട നടത്തുന്ന ആളും.
ശേഷവിശേഷം: ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും നാം കൂടുതൽ കൂടുതൽ വർഗീയമാവുന്നുവെന്നത് ദു:ഖാകരം.
ചുടുചോറ് മാന്തിക്കാൻ കുട്ടിക്കുരങ്ങാണ് നല്ലതെന്നു നാട് ഭരിക്കുന്നവർ കരുതുന്ന കാലം.

