ബി.ജെ.പി.ക്ക് വോട്ട് ചെയ്തില്ലെങ്കിൽ കേരളമായിരിക്കും ഉത്തർപ്രദേശ് എന്ന് നിലവിളിച്ച അവിടത്തെ മുഖ്യമന്ത്രി അറിയേണ്ടതിലേക്ക്
കരിയാടൻ
പതിനെട്ടാമത് ലോക്സഭയിലേക്കുള്ള അടുത്ത പൊതുതെരഞ്ഞെടുപ്പ് രണ്ടര വർഷം അടുത്തെത്തി നിൽക്കുന്നു. അതിലേക്കുള്ള കർട്ടൻ റൈസർ എന്ന നിലയിൽ അഞ്ചു നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പുകൾ നടക്കുകയാണ്.
ഈ സെമിഫൈനൽ തുടങ്ങുന്നതിനു തലേനാളിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് ഭരിക്കുന്ന യോഗി ആദിത്യനാഥ് എന്ന സന്യാസിവര്യനു പരിഭ്രാന്തി. അജയ്സിങ്ങ് ബിഷ്ട് എന്ന പേരിൽ ഗാർവാളിലെ താക്കൂർ കുടുംബത്തിൽ പിറന്ന ഇദ്ദേഹത്തെ ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിത സ്ഥാനത്തുനിന്നു ലക്നോവിലെ സർക്കാർ മന്ദിരത്തിലിരുന്നു സംസ്ഥാനം ഭരിക്കാൻ, പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രത്യേകം തെരഞ്ഞെടുത്തതായിരുന്നു.
എന്നാൽ നിയമസഭയിലേക്കുള്ള പുതിയ തെരഞ്ഞെടുപ്പിന്റെ മണി മുഴങ്ങിയതോടെ അദ്ദേഹത്തിനു ഹാലിളക്കം. 47 -ആം വയസിൽ തുടർന്നും തനിക്കു മുഖ്യമന്ത്രിപദം ലഭിക്കുമോ എന്ന ആശങ്ക.
അഞ്ചുഘട്ടങ്ങളിലായി നടന്നുവരുന്ന യു.പി.നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യനാളിന്റെ തലേന്നു അദ്ദേഹത്തിന്റെ ഒരു വീഡിയോ സന്ദേശം നാടാകെ വൈറലായി. ബി.ജെ.പി.യെ ഇവിടുത്തെ വോട്ടർമാർ വീണ്ടും അധികാരത്തിലേറ്റിയില്ലെങ്കിൽ ഈ സംസ്ഥാനം കശ്മീരോ, ബംഗാളോ, കേരളമോ പോലെ ആയിപ്പോകും എന്നാണദ്ദേഹം പറഞ്ഞുവച്ചത്.
ഒരു സംസ്ഥാനം മറ്റൊരു സംസ്ഥാനത്തിനു മേൽ കുതിര കയറരുതെന്നത് നമ്മുടെ വിശ്വവിഖ്യാതമായ ഭരണഘടനയിൽ ആലേഖനം ചെയ്യപ്പെട്ടതാണ്. എന്നാൽ 1972 ൽ ജനിച്ച് ആർ.എസ്.എസ്. ശാഖയിലൂടെ വളർന്നു ഹിന്ദു യുവാവാഹിനി എന്ന തീവ്രവാദ സംഘടനയിൽ നാളുകൾ കഴിച്ചു കൂട്ടിയ ഇദ്ദേഹത്തിനു 1950 ൽ അംഗീകരിക്കപ്പെട്ട ഭരണഘടനാ വായിക്കാൻ സമയം കിട്ടിക്കാണുകയില്ല. പക്ഷെ 2017 മാർച്ച് 18 നു 22 -ആമത് മുഖ്യമന്ത്രി ആയി അദ്ദേഹം സത്യപ്രതിജ്ഞ എടുത്തത്, ഈ ഭരണഘടനയിൽ കൈവെച്ചുകൊണ്ടായിരുന്നു.
എന്താണ് തന്റെ കീഴിൽ ഉത്തർപ്രദേശ് നേടിയെടുത്ത നേട്ടങ്ങൾ?
മൂന്നു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതാക്കൾ ഇതിനു ചുട്ട മറുപടി നൽകിക്കഴിഞ്ഞു. കശ്മീരിന്റെ സൗന്ദര്യവും, ബംഗാളിന്റെ സംസ്കാരവും, കേരളത്തിന്റെ വിദ്യാഭ്യാസവും മാത്രം മതി, യു. പി. മുഖ്യമന്ത്രിക്ക് പാഠമാകാൻ എന്നു ഐക്യരാഷ്ട്രസഭയിൽ അണ്ടർ സെക്രട്ടറി ജനറൽ പദവിവരെ അലങ്കരിച്ച മുൻ കേന്ദ്രമന്ത്രി ഡോ. ശശി തരൂർ എം.പി. വ്യക്തമാക്കുകയുണ്ടായി. കേരള-ബംഗാൾ മുഖ്യമന്ത്രിമാരും യോഗിയുടെ ജല്പനത്തെ ശക്തിയുക്തം അപലപിക്കുന്നതും നാം കേട്ടു.
ലോക്സഭയുടെ ബജറ്റ് സമ്മേളനത്തിന്റെ സമാപന ദിവസം പ്രതിപക്ഷകക്ഷികളുടെയെല്ലാം വോക്ക്ഔട്ടിലേക്കും ഈ വിവാദ പ്രസ്താവന നയിക്കുകയുണ്ടായി. കോൺഗ്രസ്, ഡി.എം.കെ., തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, സി.പി.എം., സിപിഐ., ആർ.എസ്.പി., നാഷണൽ കോൺഫറൻസ്, മുസ്ലിം ലീഗ്, ജാർഖണ്ഡ് മുക്തി മോർച്ച തുടങ്ങി എല്ലാ കക്ഷികളിലും പെട്ടവർ ഇറങ്ങിപ്പോക്കിൽ പങ്കെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ ബി.ജെ.പി.യുടെ പരിവർത്തനജാഥ ഉദ്ഘാടനം ചെയ്യാൻ ഇതേ യോഗിയെ കേരളത്തിൽ എത്തിച്ച ഇവിടുത്തെ ബി.ജെ.പി. പ്രസിഡന്റിനു മാത്രമേ നേരം വെളുക്കാത്തതായുള്ളു. യോഗി വന്നിട്ടും അന്ന് കാലിയടിച്ചു കയറുകയായിരുന്നല്ലോ ഇവിടെ ബി.ജെ.പി.. ഇരുപത് ലോക്സഭാ സീറ്റിൽ മത്സരിച്ചിടത്തു പതിമൂന്നിലും കെട്ടിവെച്ച പണം നഷ്ടപ്പെട്ട കക്ഷി.
ഇതിനകം ഇന്ത്യക്കു ഒമ്പത് പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഉത്തർപ്രദേശ്, ജീവൻപോലും ബലി അർപ്പിക്കേണ്ടിവന്ന ഇന്ദിരാഗാന്ധി യുടെയും, രാജീവ്ഗാന്ധിയുടെയും കുടുംബത്തിൽ നിന്നുവന്ന രാഹുൽഗാന്ധിയെ തോല്പിക്കാൻ പാട് പെട്ടപ്പോൾ വൻഭൂരിപക്ഷത്തോടെ ലോക്സഭയിലേക്കയച്ച കേരളത്തെ കണ്ണെടുത്തു കാണാൻ യോഗിക്ക് സാധിക്കില്ലായിരിക്കാം.
ഔദ്യോഗികമായി നീതി ആയോഗ് പുറത്തുവിട്ട മാനവിക വികസന സൂചികയിൽ തന്നെ മിക്ക മേഖലയിലും കേരളത്തിനു ഏറെ പിറകിലാണ് ഉത്തർപ്രദേശ്, എന്നദ്ദേഹം മറന്നുപോകരുത്. കേരളമായിക്കിട്ടിയാൽ യു.പി. രക്ഷപ്പെട്ടുവെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്.
സുപ്രീം കോടതി അഭിഭാഷകൻ മഹമൂദ് പ്രാച്ച പറഞ്ഞത് പോലെ ആത്മരക്ഷക്കായി ദളിതർക്കും മുസ്ലിംകൾക്കും ആദിവാസികൾക്കും തോക്കിനു ലൈസൻസ് തേടേണ്ടിവരുന്ന സംസ്ഥാനമാണ് ഈ അത്യുത്തര പ്രവിശ്യ.
മറ്റേത് അളവുകോൽ വച്ചായാലും ലോകത്തിനുതന്നെ മാതൃകയാവും വിധം മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്ന കൊച്ചു സംസ്ഥാനമാണ് കേരളം.
രാഷ്ട്രീയത്തിൽ ഏറെ മുങ്ങിക്കുളിക്കുന്ന സംസ്ഥാനമായിട്ടും കേരളത്തിൽ രാഷ്ട്രീയ ജാഥകളിലൊന്നുംതന്നെ വർഗ്ഗീയ മുദ്രാവാക്യങ്ങൾ ഉയരാറില്ല. മനുഷ്യരുടെയെല്ലാവരുടെയും രക്തം ചുവപ്പാണെന്നും, ശ്വസിക്കുന്നത് ഒരേ വായുവാണെന്നും, കുടിക്കുന്നത് ഒരേ വെള്ളമാണെന്നും തിരിച്ചറിയുന്നവരാണവർ. എല്ലാ ജാഥകളിലും ചന്ദനക്കുറികളും, നിസ്കാരത്തഴമ്പുകളും, കുരിശുമാലകളും ധരിച്ചവർ തോളോടുതോളുരുമ്മി നീങ്ങുന്നത് മറ്റൊരിടത്തും കാണാവുന്ന കാഴ്ചകളല്ല.
ഒന്നിച്ചിരുന്നു ഓണമുണ്ണുന്നവരും, വരി നിന്നു സക്കാത്ത് വാങ്ങുന്നവരും കൊടുക്കുന്നവരും ജാതിയും മതവും നോക്കാത്ത സംസ്ഥാനമാണിത്. ഇവിടെയാണ് ഹലാലിന്റെയും ഹിജാബിന്റെയും പേരിൽ ഭക്ഷണത്തിലും വസ്ത്രത്തിലും വിഷം ചേർക്കാൻ യോഗി ആദിത്യനാഥിനെപ്പോലുള്ളവർ ശ്രമിക്കുന്നത്.
നൂറുശതമാനം ഞാനൊരു കൂറും കുടുമയുമുള്ള ഹിന്ദു, നൂറുശതമാനമെന്റെ മിത്രം കൂറും പെരുമായുമുള്ള മുസ്ലിം എന്ന് പാടിയ ഇടശ്ശേരി ഗോവിന്ദൻ നായരുടെ നാടാണിത്.
അയോധ്യയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബ്റി മസ്ജിദ് ഒരു കൂട്ടം കാർസേവകർ തകർത്തപ്പോൾ ഇവിടെ ഒരൊറ്റ ക്ഷേത്രത്തിന്റെയും ഒരു കല്ലുപോലും ഇളക്കരുതെന്നു ആഹ്വാനം ചെയ്ത പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാടാണിത്.
വ്രതമെടുത്ത് കറുപ്പുടുത്ത് തീർഥാടനത്തിനായി ശബരിമലയുടെ പതിനെട്ടുപടികൾ കയറും മുമ്പ് അയ്യപ്പന്മാർക്ക് പോവുന്ന വഴിയിൽ ദർശന സൗകര്യം ഏർപ്പെടുത്തിക്കൊടുക്കുന്ന വാവർ മുസ്ലിം പള്ളിയുടെ നാടാണിത്. മാപ്പിളലഹളയെന്നു ഇന്നും പേര് വിളിച്ച് അപമാനിക്കുന്ന 1921 – ലെ മലബാർ സ്വാതന്ത്ര്യ സമരത്തിനിടയിൽ അനാഥരായ മുസ്ലിം സ്ത്രീകൾക്കായി സ്വന്തം നെല്ലറ തുറന്നുകൊടുത്ത കോട്ടക്കൽ പി.എസ്. വാര്യരുടെ നാട്.
ജുമുഅ മസ്ജിദിലെ ബാങ്ക് വിളിയും ധർമശാസ്താ ക്ഷേത്രത്തിലെ ഓംകാരനാദവും, സെന്റ് ജോസഫ് ചർച്ചിലെ മണിമുഴക്കവും ദിവസവും പലതവണ കേൾക്കുന്ന ഭക്തിരസത്തിൽ ആനന്ദം കൊള്ളുന്ന പാളയം പ്രദേശത്തെ മുഖമുദ്രയായി തൊട്ടുകാണിക്കുന്ന തലസ്ഥാനമുള്ള സംസ്ഥാനമാണിതെന്നും യോഗി തിരിച്ചറിയട്ടെ.









