സ്വാതന്ത്ര്യ സമരത്തിൽ രാഷ്ട്രപിതാവായ മഹാത്മജിയെപ്പോലും സ്വാധീനിച്ച ഖിലാഫത്ത് സമരവും അതിന്റെ നേതാക്കളും ഓർമ്മിക്കപ്പെടാതെ പോകുന്നു.
എൻ.അബു.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആദ്യ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികം നാം ആഘോഷിക്കുന്നു. 1920 ഓഗസ്റ്റ് 18 നു കോഴിക്കോട് കടപ്പുറത്ത് തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേരെ അന്ന് ഗാന്ധിജി അഭിസംബോധന ചെയ്യുമ്പോൾ അദ്ദേഹത്തെ സ്വാധീനിച്ചത്, കേരളത്തിലും വളർന്നുപന്തലിച്ച ഖിലാഫത്ത് സമരമായിരുന്നു.
തിരുച്ചിയിൽ നിന്ന് കോഴിക്കോട്ടെത്തിയ മഹാത്മജിയെ റയിൽവേ സ്റ്റേഷനിൽ മാലയിട്ടു സ്വീകരിച്ചത് തന്നെ, ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. മുത്തുക്കോയ തങ്ങളായിരുന്നു.
എന്താണ് ഖിലാഫത്ത്? ഒന്നാം ലോകമഹായുദ്ധം അവസാനിച്ചകാലം. ലോകത്തെമ്പാടുമുള്ള മുസ്ലിംകൾ പുണ്യപ്രദേശങ്ങളായി കണക്കാക്കുന്ന സ്ഥലങ്ങളുടെ സംരക്ഷകനായ തുർക്കിയിലെ ഓട്ടോമൻ സുൽത്താൻ എതിർപക്ഷത്തായിരുന്നു. എങ്കിൽ ഈ ഖലീഫമാരുടെ ഭരണം അവസാനിപ്പിക്കുക തന്നെയെന്നു ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചു. ഇതിനെതിരെ ആയിരുന്നു, 1919ൽ തുടങ്ങിയ ഖിലാഫത്ത് സമരം. അത് മലബാറിലും ചൂടുപിടിച്ചു വരുന്നതിനിടയായിരുന്നു, ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കാർക്കു വേണ്ടി പോരാടി തിരിച്ചെത്തിയ ഗാന്ധിജിയുടെ മലബാർ സന്ദർശനം.
ഖിലാഫത്തിന്റെ പേരിൽ മുസ്ലിംകൾ ആരംഭിച്ച നിസ്സഹകരണ പ്രസ്ഥാനം ഏറ്റെടുക്കണമെന്ന് 23 കോടി വരുന്ന ഹിന്ദുമത വിശ്വാസികളടക്കമുള്ള എല്ലാവരോടുമായി മഹാത്മജി അന്ന്, കോഴിക്കോട് കടപ്പുറത്തെ സാക്ഷിയാക്കി ആഹ്വാനം ചെയ്തു. സർക്കാർ നൽകിയ എല്ലാ പദവികളും ഉപേക്ഷിക്കാനും അഭിഭാഷകർ കോടതി ബഹിഷ്കരിക്കാനും ആഹ്വാനമുയർന്നു. അധ്യാപകരടക്കമുള്ളവർ സർക്കാർ ജോലി രാജി വെക്കണമെന്നും, കുട്ടികൾ സർക്കാർ സ്കൂളുകൾ വിട്ട് നാട്ടുവിദ്യാലയങ്ങളിൽ ചേരണമെന്നും ഗാന്ധിജി ആവശ്യപ്പെടുകയുണ്ടായി. വിദേശ വസ്ത്രങ്ങൾ ബഹിഷ്ക്കരിച്ച് നമ്മുടെ പാവപ്പെട്ടവർ കുടിലുകളിലിരുന്നു നെയ്തുണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ആ വാക്കുകൾ കേൾക്കാൻ എത്തിയ 20000 ത്തിൽപരം പേരിൽ കെ.പി. കേശവമേനോൻ, യു. ഗോപാലമേനോൻ, എം.കെ. നാരായണമേനോൻ, എന്നീ സ്വാതന്ത്ര്യസമര നേതാക്കളോടൊപ്പം മുഹമ്മദ് അബ്ദു റഹിമാൻ സാഹിബ്, ഇ. മൊയ്തു മൗലവി, എം .അസ്സൻകോയ മുല്ല, കെ.എം. മൗലവി, പി.കെ. മൊയ്തീൻകുട്ടി തുടങ്ങിയ നേതാക്കളും എത്തിയിരുന്നു. തിരൂർ കോട്ടായിയിലെ അധ്യാപകൻ സി, നൈനാൻകുട്ടി "കണ്ടാറെ പോലീസിന്റെ മിണ്ടാട്ടം മാറിപ്പോയി " എന്ന ഒരു മാപ്പിളപ്പാട്ട് രചിച്ച്, അന്ന് ദേശീയ പ്രസ്ഥാനത്തിൽ സജീവമായിരുന്ന കെ.എം. സീതി സാഹിബിനു കത്ത് പാട്ടായി അയച്ചുകൊടുക്കുകയുണ്ടായി.
അടുത്ത വർഷം പൊന്നാനിയിൽ ഒരു ഖിലാഫത്ത് സമ്മേളനം പോലും നടക്കുകയുണ്ടായി.
1924 വരെ ഇന്ത്യയിൽ നടന്ന ഖിലാഫത്ത് സമരം ഒരു വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനമായി വളർന്നുവലുതായി. മൗലാനാ മുഹമ്മദലി, സഹോദരൻ മൗലാനാ ഷൗക്കത്തലി ഹക്കിം, അജ്മൽ ഖാൻ, ഹസ്രത്ത് മോഹാനി, മുഖ്താർ അഹമ്മദ് അൻസാരി, മൗലാനാ ആസാദ് തുടങ്ങിയവർ നേതൃത്വം നൽകിയ ഇന്ത്യൻ സമരത്തെ 1920 ഓഗസ്റ്റ് ഒന്നിനു മഹാത്മജി പിന്തുണച്ചു. ഇന്ത്യയൊട്ടാകെ ഖിലാഫത്ത് ദിനം പോലും ആചരിക്കപ്പെട്ടു.
ഖിലാഫത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രമുഖനായ മൗലാനാ ഷൗക്കത്തലിയെ ഒപ്പം വേദിയിൽ നിർത്തി, മഹാത്മജി ചെയ്ത പ്രസംഗം സ്വാതന്ത്ര്യസമര സേനാനി ആയിരുന്ന കെ. മാധവൻ നായരാണ് മൊഴിമാറ്റം നടത്തിയത്. (തിരുവനന്തപുരത്ത് ഗാന്ധിജിയുടെ പ്രസംഗത്തിന്റെ തർജ്ജമക്കാരൻ അന്ന് കോൺഗ്രസിൽ സജീവമായിരുന്ന പിൽക്കാല മുസ്ലിം ലീഗ് നേതാവ് കെ.എം.സീതിസാഹിബ് ആയിരുന്നു.)
ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടത്തിന്റെ ശക്തി നേരിട്ടറിയാൻ മൗലാനാ അഹമ്മദലി, അങ്ങകലെ തുർക്കിയിലേക്കും കപ്പൽ കയറിപ്പോയിരുന്നു. ആ ഉത്തേജകമാണ് സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ശക്തിപകരാൻ മഹാത്മജിയെ ആവേശഭരിതമാക്കിയത്.
കാലം കുറച്ചു കടന്നുപോയി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആവേശം നുകർന്ന ഖിലാഫത്ത് എന്ന ഈ നിസ്സഹകരണ സമരത്തിന്റെ പ്രധാന വക്താവായിരുന്ന മൗലാനാ മുഹമ്മദലിയെ പത്തുവർഷങ്ങൾക്കുശേഷം ഇന്ത്യൻ പ്രതിനിധിയായി ലണ്ടനിലേക്കയച്ചതും മഹാത്മജി ആയിരുന്നു.
ലണ്ടനിൽ ഓക്സ്ഫഡിൽ ഉപരിപഠനം നടത്തി തിരിച്ചുവന്ന മൗലാനാ മുഹമ്മദലി, അന്ന് തടങ്കലിലാക്കപ്പെട്ടിരുന്ന ഗാന്ധിജിയുടെയും കൂട്ടുകാരുടെയും മോചനത്തിനായി സുപ്രീംകോടതിയിലും അടരാടിയിരുന്ന അഭിഭാഷക പ്രമുഖനായിരുന്നു.
1930 ൽ ബക്കിങ്ങ്ഹാം പാലസിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത 80 രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിനിധി ആയാണ് മുഹമ്മദലി ചെന്നത്. അരമണിക്കൂറിലേറെ നീണ്ട പ്രസംഗത്തിൽ ഒന്നുകിൽ ഞങ്ങൾക്കു സ്വാതന്ത്ര്യം, അല്ലെങ്കിൽ ഒരു സ്വതന്ത്രഭൂമിയിൽ എനിക്ക് അന്ത്യവിശ്രമം കൊള്ളാൻ ആറടി മണ്ണ് എന്ന സിംഹഗർജനമാണ് അദ്ദേഹം മുഴക്കിയത്.
പ്രസംഗത്തിനിടയിൽ തളർന്നുവീണ മൗലാനാ, ലണ്ടനിൽ തന്നെ മരണപ്പെട്ടെങ്കിലും മൃതദേഹം അദ്ദേഹം ആഗ്രഹിച്ചപോലെ പാലസ്തിനിൽ മുസ്ലിം പുണ്യസ്ഥലമായ ബൈത്തുൽ മുഖദ്ദിസിനു സമീപമാണ് മറവു ചെയ്യപ്പെട്ടത്. അഞ്ചു വയസിനു മുതിർന്ന ഷൗക്കത്തലി, പിന്നീട് ഏഴുവർഷം കഴിഞ്ഞു 1938 ലാണ് ബിഹാറിൽ ദിവംഗതനായത്.
അഞ്ചാം വയസിൽ പിതാവ് നഷ്ടപ്പെട്ട മുഹമ്മദലിയെയും, ജ്യേഷ്ഠൻ ഷൗക്കത്തലിയെയും സ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതാൻ പഠിപ്പിച്ചത് ഉത്തർപ്രദേശുകാരിയായ മാതാവ് ബീഉമ്മയായിരുന്നു. യഥാർത്ഥനാമം ആബാദി ബാനു ബീഗം. ( 1850/-1924 ).
1857 -ലെ ഒന്നാമത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ സ്വന്തം കുടുംബത്തിലെ നിരവധിപേരെ നഷ്ടപ്പെട്ട അബ്ദുൽ അലിഖാന്റെ മക്കളായിരുന്നു, ഷൗക്കത്തലിയും (1873/-1938 ), മുഹമ്മദലിയും (1878/-1931). മാതൃരാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിച്ച ആ ധീരമാതാവ് മതപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും മക്കൾക്ക് പകർന്നു നൽകി.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടാനും മക്കളെ ആ മാതാവ് സജ്ജരാക്കി. ആ പോരാട്ടത്തിനിറങ്ങിയ അലി സഹോദരന്മാർ ഇരുവർക്കും ഏറെ പീഡനങ്ങളേറ്റു. കറാച്ചിയിൽ ഒരു വിചാരണാ പ്രഹസനം നടത്തി, ഇതുവരെയും ഇംഗ്ലീഷ് ഭരണാധികാരികൾ തുറുങ്കിലടച്ചു. മകൾ മരണപ്പെട്ടപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ പോലും മുഹമ്മദലിക്ക് അധികാരികൾ അനുവാദം നൽകിയില്ല.
എന്നാൽ ആ ഖിലാഫത്ത് സമരമെന്നപോലെ അതിൽ പങ്കെടുത്ത നേതാക്കളും ഓർമകളുടെ അറകളിൽ നിന്ന് സാവധാനം അപ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. മൗലാനാ മുഹമ്മദലിയുടെ പേരിൽ ഡൽഹിയിൽ ഒരു അക്കാദമിയും അതിന്റെ ആഭിമുഖ്യത്തിൽ അവാർഡ്ദാനവും നടക്കാറുള്ളത് എത്രപേർക്കറിയാം? ഉത്തർപ്രദേശിൽ ജന്മസ്ഥലമായ റാംപൂരിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു സർവകലാശാല തന്നെയുണ്ട്. ഡൽഹിയിലും, മുംബെയിലും സ്വദേശമായ യു.പിയിലെ റാംപൂരിലും ഒക്കെ മുഹമ്മദലി സ്മാരക റോഡുകളുണ്ട്. കോഴിക്കോടിനടുത്ത് എളേറ്റിലിയിൽ ഒരു ഹയർ സെക്കണ്ടറി സ്കൂളും , അദ്ദേഹത്തിന്റെ പേരിലാണറിയപ്പെടുന്നത്. മുസ്ലിംലീഗിന്റെ ആദ്യകാല സംസ്ഥാന സമ്മേളനങ്ങളിലൊന്നുനടന്നപ്പോൾ, കോഴിക്കോടിനു സംഘാടകർ നൽകിയ പേരും മൗലാനാ മുഹമ്മദലി നഗർ എന്നായിരുന്നു.
ഗാന്ധിജിയുടെ കോഴിക്കോട് സന്ദർശനത്തിന്റെ അടുത്തവർഷം പൊന്നാനിയിൽ ചേർന്ന ഖിലാഫത്ത് സമ്മേളനം, ബ്രിട്ടീഷുകാരുടെ മർദ്ദനമുറകളെ അതിജീവിച്ച ഒരു കാർഷിക വിപ്ലവത്തിനു തിരികൊളുത്തിയെങ്കിലും, അത് മലബാർ കലാപമാക്കി മാറ്റാൻ ബ്രിട്ടീഷ് ഭരണകൂടത്തിന് കഴിഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആറാമത്തെ പ്രസിഡന്റായിരുന്നു മുഹമ്മദലി. അന്ന് ജ്യേഷ്ഠനോടൊപ്പം കോഴിക്കോട്ടേക്ക് വരാൻ അദ്ദേഹത്തിനു സാധിച്ചില്ലെങ്കിലും പിന്നീട് ഇവിടേക്ക് മൗലാനാ മുഹമ്മദലിയുടെ സന്ദർശനം നടക്കുകയുണ്ടായി. കോഴിക്കോട്ടു തെക്കേപ്പുറത്ത് പരപ്പിലിൽ ഇന്നും നിലകൊള്ളുന്ന മുഹമ്മദലി കടപ്പുറവും, പാളയത്ത് നിന്ന് കിഴക്കോട്ട് പോകുന്ന എം.എം. അലി റോഡും ആ സ്മാരക ഫലകങ്ങളത്രെ.
എന്നാൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ പോരാട്ടം എന്ന നിലയിൽ മഹാത്മജി അംഗീകരിക്കുകയും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു ഉത്തേജകമായ നിസ്സഹകരണസമരമായി വളരുകയും ചെയ്ത ആ ഖിലാഫത്ത് സമരത്തെയും സാവകാശം മറവിയിലേക്ക് തള്ളുകയാണ് നാം എന്നത് എത്രമാത്രം ഖേദകരം!








