ഇക്കഴിഞ്ഞ മാസങ്ങളിലായി പെട്രോളിനും ഡീസലിനും 22 തവണയാണ് കേന്ദ്രം വിലകൂട്ടിയത്. ലോകമെങ്ങും ഇന്ധനക്ഷാമമാണെന്നു പറഞ്ഞു, നികുതി ഇനത്തില്‍ വക കൂട്ടുമ്പോഴൊക്കെയും സംസ്ഥാനങ്ങളും അതില്‍ പങ്ക് പറ്റുന്നു.
എന്‍. അബു.
പെട്രോളും, ഡീസലു തമ്മിലുള്ള മതസരം പൊടിപൊടിക്കുന്നു. ആര് ആദ്യം സെഞ്ചുറി കടക്കുമെന്നുള്ള ഓട്ടപ്പന്തയം. ഡല്‍ഹിയടക്കം പല സംസ്ഥാനങ്ങളിലും അത് ഒപ്പത്തിനൊപ്പം എത്തിക്കഴിഞ്ഞു.
മാര്‍ച്ച് 25ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം 22 തവണയാണ് കേന്ദ്രം ഇന്ധനവില വര്‍ദ്ധിപ്പിച്ചത്. പന്ത്രണ്ടു തവണ എക്സൈസ് നികുതി കൂട്ടിയതിന്റെ വകയില്‍ പതിനെട്ടുലക്ഷം കോടി രൂപ മോദി സര്‍ക്കാര്‍ വാരിക്കൂട്ടിയെന്നു കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധി ചൂണ്ടിക്കാട്ടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ്. …. നാലുവര്‍ഷം കഴിഞ്ഞു മാത്രമെ നടക്കാനുള്ളു എന്നതിനാലാണ് കേന്ദ്രം ഭരിക്കുന്നവരുടെ ഈ ധിക്കാരമെന്നു പ്രതിപക്ഷകക്ഷികള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. പുര കത്തുമ്പോള്‍ കഴുക്കോല് ഊരിയെടുക്കുന്നത് പോലെ നികുതി വര്‍ധനയില്‍ സംസ്ഥാനങ്ങലും ആഹ്ലാദം കൊള്ളുന്നു.
ലോകമെമ്പാടും ഇന്ധനവില കുറയുമ്പോള്‍ ഇന്ത്യയില്‍ മാത്രം ദിനംപ്രതി പെട്രേള്‍ – ഡീസല്‍ വില കൂടുന്നതെന്താണ്? രാഷ്ട്ര നിര്‍മ്മാണ പ്രക്രിയക്ക് വേണ്ടിയാണ് കോവിഡ് കാലത്തും ഈ വര്‍ദ്ധന നടപ്പാക്കുന്നതെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും പറയുന്നു.
എന്നാല്‍ കേരളത്തില്‍ നിന്നു കേന്ദ്ര ക്യാബിനറ്റില്‍ സഹമന്ത്രിസഥാനം ലഭിച്ച മുന്‍ കേരള ബി.ജെ.പി. പ്രസിഡന്റ് വി.മുരളീധരനു പറയാനുള്ളത്, പെട്രോളിനു ശരിക്കും വില കുറഞ്ഞിരിക്കുകയാണ് എന്നാണ്. കണക്കിനു എത്രമാര്‍ക്ക് നേടിയാണ് അദ്ദേഹം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നു പാസായതെന്നറിയില്ല. വിദേശകാര്യവകുപ്പിന്റെ സഹമന്ത്രി ആയാണ് അദ്ദേഹം ചാര്ജ്ജെടുത്തിട്ടുള്ളതെങ്കിലും നരേന്ദ്രമോദി സര്‍ക്കാരിന്റെ എല്ലാ നടപടികളെയും പിന്താങ്ങാന് ബാധ്യതപ്പെട്ട ഈ തലശ്ശേരിക്കാരന് പറയുന്നത്, അസംസ്കൃത എണ്ണയായ ക്രൂഡ് ഓയിലിനു വില കുറയുമ്പോള്‍ സ്വാഭാവികമായും പെട്രോളിയം ഉല്പന്നങ്ങള്ക്ക് വില കൂടുമെന്നാണ്. അന്താരാഷ്ട്ര വിലയുടെ ഒരംശം മാത്രമാണ് കൂട്ടുന്നതെന്ന സാമ്പത്തിക ശാസ്ത്രവും മുരളീധരന് വിളമ്പിത്തരുന്നുമുണ്ട്.
അതല്ല രസം. മന്മോഹന്സങ്ങിന്റെ ഭരണകാലത്ത്, ചെറിയതോതില്‍ ഇന്ധനവില കൂട്ടിയപ്പോള്‍ തിരുവനന്തപുരത്ത് ബി.ജെപി. സംസ്ഥാന പ്രസിഡന്റായ അദ്ദേഹം 1914 നവംബര്‍ ഒമ്പതിനു സെക്രട്ടറിയേറ്റിനു മുന്നില്‍ കാളവണ്ടിയില്‍ സഞ്ചരിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.
നാളെ 100 രൂപയാകാന്‍ കുതിക്കുന്ന വിലയെ പിടിച്ചു നിര്‍ത്തി ഇന്നു 80 രൂപയ്ക്കു പെട്രോളും ഡീസലും തരുന്നില്ലേ എന്നു മന്ത്രി മുരളീധരന് ചോദിച്ചു കൂടെന്നുമില്ല.
സ്കൂട്ടറും മോട്ടോര്‍ സൈക്കിളും, കാറും ഒക്കെ സ്വന്തമായുള്ള സമ്പന്നവര്‍ഗ്ഗത്തിനു പെട്രോള്‍ വിലയില്‍ അല്പമൊരു വര്‍ധന സഹിച്ചുകൂടെ എന്നു ചോദിക്കുന്ന ചില അനുയായികളേയും മുരളീധരന്റെ പാര്‍ട്ടിക്കു സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഡീസലിനു കൂടി വില വര്‍ദ്ധിക്കുന്നതോടെ ലോറികളിലും ട്രക്കുകളിലുമായി സംസ്ഥാനങ്ങളിലേക്കു വരുന്ന ചരക്കുകള്ക്കൊക്കെയും വില കുത്തനെ കൂടുമെന്നു അവര്‍ക്കു ചിന്തിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തന്നെ കൂട്ടിയ ടിക്കറ്റ് ചാര്‍ജ്ജ് പോരാ എന്നു പറഞ്ഞു ബസുടമകള്‍ പണിമുടക്കിന്റെ വക്കിലുമാണ് താനും.
എണ്ണക്ഷാമം ലോകം മുഴുവന്‍ അനുഭവപ്പെടുന്ന ഒരു പ്രതിഭാസമാണെന്നത് നേര്. അതുകൊണ്ട് പല രാജ്യങ്ങളും കൂടുതല്‍ വില കൊടുക്കാന്‍ നിര്‍ബന്ധമാവുന്നു എന്നതും സത്യം. അഞ്ചെട്ടുവര്‍ഷമായി സൗദി അറേബ്യയുമായി പൊരുതി നില്ക്കുന്ന അയല്‍രാജ്യമായ യെമന്‍, സൗദി എണ്ണ ശൃംഖലയുടെ മേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളാണ് രാജ്യാന്തര തലത്തില്‍ ഇപ്പോഴത്തെ ഇന്ധനവിലക്കയറ്റത്തിന് കാരണമായി പറയുന്നത്. ഈ ആക്രമണത്തെ തുടര്‍ന്നു അഞ്ചു ശതമാനം ഉല്പാദനം നിലച്ചത്രെ.
ആവശ്യമായ എണ്ണയില്‍ 70 ശതമാനവും ഇറക്കുമതി ചെയ്യേണ്ടതുള്ള ഇന്ത്യയുടെ സ്ഥിതി മനസ്സിലാക്കാവുന്നത് തന്നെ.
എന്നാല്‍ പെട്രോളിയത്തെ ചരക്കു സേവന നികുതിക്ക് (ജി.എസ്.ടി.) പുറത്ത് നിര്‍ത്തിയിരിക്കുന്നതിനാല്‍ വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് തന്നെ നല്‍കിയിരിക്കയാണ് നാം. എക്സൈസ് നികുതി മാത്രം സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നു. അതേസമയം എണ്ണക്കു പൊതുവെ ക്ഷാമമുള്ളതിനാല്‍ ഉപഭോഗം കുറക്കാനാണ് വില കൂട്ടുന്നതെന്നു എണ്ണക്കമ്പനികളും പറയുന്നു. ഫലം സാധാരണക്കാരന്റെ വയറ്റത്തടി തന്നെ.
എന്നാല്‍ ഓര്‍ക്കേണ്ട കാര്യം രാജ്യാന്തര വിപണിയില്‍ ക്രൂഡോയിലിനു 19 രൂപ മാത്രം വില വരുമ്പോള്‍, ഇവിടെ അതിനു 80 രൂപ വസൂലാക്കുകയാണ് എന്നതാണ്. ഭീമമായ നികുതി വര്ദ്ധനയാണിതിനു കാരണം. മോദി ഗവണ്മെന്റ് അധികാരത്തില്‍ വന്നശേഷം ആറുവര്ഷങ്ങള്ക്കിടയില് അഡീഷണല്‍ ടാക്സ് എന്നും അതിനു പുറമെ സ്പെഷ്യല്‍ അഡീഷണല്‍ ടാക്സ് എന്നുമുള്ള പേരുകളില്‍ വന്‍ നികുതിയാണ് ഈടാക്കുന്നത്.
നികുതിയും നികുതിക്കുമേല്‍ നികുതിയുമായി കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെ ഇങ്ങനെ പിഴിയുമ്പോള്‍ കോര്‍പ്പറേറ്റ് നികുതികള്‍ കുറച്ചു കുറച്ചു കൊടുത്തുകൊണ്ടിരിക്കുകയുമാണ്. അംബാനി, അദാനി തുടങ്ങിയ വന്‍കിടക്കാര്‍ നയിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ നല്കിവന്നിരുന്ന 30 ശതമാനം കോര്‍പ്പറേറ്റ് നികുതി കേവലം 15 ശതമാനത്തിലേക്ക് വെട്ടിക്കിഴിച്ചിരിക്കുകയുമാണ്.
അംബാനിയുടെ മൊത്തം സമ്പാദ്യം നാലരലക്ഷം കോടി രൂപയില്‍ വന്നു നില്ക്കുന്ന ഒരവസരത്തിലാണിതെന്നു ഓര്‍ക്കണം. റിലയന്‍സിലൂടെ പെട്രോളിയം വ്യവസായ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന അംബാനി, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഉണ്ടാക്കിയ സമ്പാദ്യം തന്നെ ഒന്നേകാല്‍ ലക്ഷം കോടി രൂപയാണത്രെ.
പത്തുവര്‍ഷം മുമ്പ് ബാരലിനു 145 ഡോളര്‍ നല്കി നാം വാങ്ങിയിരുന്ന അസംസ്കൃത എണ്ണയ്ക്ക് ഇന്നത്തെ രാജ്യാന്തരവില 38 ഡോളര്‍ മാത്രമാണ്. 35 രൂപയ്ക്ക് ഡീസലും 45 രൂപയ്ക്ക് പെട്രോളും ഇന്ത്യയില്‍ വിറ്റിരുന്ന കാലം ഓര്‍മവരുന്നു. അതാണിന്നു ഇരട്ടിയോളം എത്തിനില്‍ക്കുന്നത്.
ഉപഭോഗത്തിനു വേണ്ടിയുള്ള എണ്ണയില്‍ 30 ശതമാനം മാത്രമെ ഇന്ത്യക്കകത്തുള്ളൂ എന്നത് നേര്. ഇറക്കുമതി ചെയ്യുന്ന ഏത് സാധനത്തിനുമെന്നപോലെ ക്രൂഡ് ഓയിലിനും ഇറക്കുമതിച്ചുങ്കം അഥവാ എക്സൈസ് ഡ്യൂട്ടി കേന്ദ്ര ഗവണ്മെന്റ് ഈടാക്കുന്നതിലും തെറ്റ് കാണാനാവില്ല. പെട്രോലിനു മൂന്നു രൂപയും ഡീസലിനു അഞ്ചു രൂപയും ആണത്. ഇതില്‍ 58 ശതമാനം കേന്ദ്രത്തിനുള്ളതാണ്. 42 ശതമാനം സംസ്ഥാനങ്ങള്‍ക്കും.
എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ജനസംഖ്യാടിസ്ഥാനത്തിലാണ്. കേരളത്തിനു പെട്രോളിനു നാലു പൈസയും ഡീസലിനു ആറു പൈസയുമാണ് കിട്ടുക. ആളുകള്‍ ഏറെ ഉള്ളതിനാല്‍ ഉത്തര്‍പ്രദേശിനു ഇത് യഥാക്രമം 30 പൈസയും 55 പൈസയുമത്രെ. എന്നാല്‍ വല്ലഭനു പുല്ലും ആയുധം എന്നപേരില്‍ നികുതി കൂട്ടി കേന്ദ്രം എണ്ണ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന്റെ വിഹിതം സംസ്ഥാനവും സസന്തോഷം സ്വീകരിക്കുന്നു.
1973 ല്‍ ലിറ്ററിനു മൂന്നര രൂപയ്ക്കു വിറ്റിരുന്ന പെട്രോളാണ് ഇന്ന് 100 രൂപയുടെ വക്കോളം എത്തി നില്‍ക്കുന്നത്. ക്ഷേമ രാഷ്ട്രമായ സ്വിസ്വര്‍ലാന്‍ഡില്‍ ലിറ്ററിനു മൂന്നു വര്‍ഷമായി പെട്രോളിനു വില 1.3 സ്വിസ്ഫ്രാങ്കാണ് (103 രൂപ) പക്ഷെ അവിടെ കുടിവെള്ളത്തിനു ഒന്നര ഫ്രാങ്കും കാപ്പിയ്ക്കും ചായക്കും ഒരു കപ്പിനു മൂന്നു ഫ്രാങ്കും വില കൊടുക്കണം. കൊച്ചു രാഷ്ട്രമായ വെനിസുവേലയിലാകട്ടെ പെട്രോള്‍ വില ലിറ്ററിനു ഒരു പെന്‍സു മാത്രം. ഏതാണ്ട് ഇന്ത്യയുടെ ഒരു രൂപ.
രൂപ വിലവരുന്ന ഒരു ദിനപത്രം, 13 പൈസക്ക് കിട്ടിയ കാലമായിരുന്നല്ലോ അത്. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് പന്ത്രണ്ടേകാല്‍ രൂപയ്ക്കു വിറ്റുവന്നിരുന്ന പെട്രോളിനു ഇന്നു എങ്ങനെ അത് 80 രൂപയായി?
പെട്രോളിയം ഉല്പന്നങ്ങള്ക്ക് ലോകത്ത് ഏറ്റവുമധികം നികുതി ചുമത്തുന്ന രാഷ്ട്രമാണ് ഇപ്പോള്‍ തന്നെ ഇന്ത്യ. ഇവിടെ ഈ നികുതികള്‍ 69 ശതമാനമാണ്. തൊട്ടടുത്ത ഇറ്റലി അത് 64 ശതമാനത്തിലും ഫ്രാന്‍സും ജര്‍മ്മനിയും 63 ശതമാനത്തിലും ഒതുക്കി നിര്‍ത്തുന്നു. ഇന്ത്യയേക്കാളേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രാജ്യങ്ങളാണവ. അമേരിക്കയില്‍ ഈ നികുതി 19 ശതമാനം മാത്രമാണെന്നും ഓര്‍ക്കുക.
ഫലം ആറു വര്‍ഷത്തെ മോദിഭരണം പെട്രോളിനു 247 ശതമാനവും ഡീസലിനു 294
ശതമാനവും ആണ് വില കൂട്ടിയിരിക്കുന്നത്. ഫലം ചൈന, പാക്കിസ്ഥാന്, ശ്രീലങ്ക,
നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കാളും ഇന്ധനവില ഇന്ത്യയില്‍. ഇനി
നമ്മുടെ ഓട്ടം സെഞ്ചുറി കടക്കാനാകുമോ?








