ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആര് അംബേദ്കറുടെ 125മത് പിറന്നാളിലും ഓര്‍ക്കാൻ കഴിയാതിരുന്ന ചില കാര്യങ്ങള്‍ ഡിസംബര്‍ ആറിനു അദ്ദേഹത്തിന്റെ 63മത് ചരമദിനത്തിലെങ്കിലും നമുക്ക് അനുസ്മരിക്കാം.
എന്‍. അബു
വ്യക്തികളും സ്ഥാപനങ്ങളും ജډദിനങ്ങള്‍ ആഘോഷിക്കാറുണ്ട്. രാജ്യങ്ങള്‍ സ്ഥാപകദിനവും കൊണ്ടാടാറുണ്ട്.
എന്നാല്‍ ഒരു നാട്ടില്‍ ഭരണഘടനയുടെ പിറന്നാള്‍ ആഘോഷം ഇതാദ്യമാണെന്നു തോന്നുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഇന്ത്യ ഇക്കഴിഞ്ഞ നവംബർ 26 നു ഭരണഘടനയുടെ എഴുപതാം വാര്‍ഷികം കൊണ്ടാടുകയുണ്ടായി. പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്കരിച്ചെങ്കിലും ഡല്‍ഹിയിലും സംസ്ഥാനങ്ങളിലും ഈ ആഘോഷം നടന്നത്, 1949 നവംബര്‍ 26ന് നമ്മുടെ ഭരണഘടനാനിര്‍മാണസഭ അത് അംഗീകരിച്ചതിന്റെ ഓര്‍മക്കായിട്ടായിരുന്നു – സംവിധാന്‍ ദിവസ് എന്ന പേരില്‍.
ഇന്ത്യയുടെ ഭരണഘടനാ ശില്പിയായ ബാബാസാഹിബ് അംബേദ്കര്‍ മരിച്ചിട്ട് ഡിസംബര്‍ ആറിനു 63 വര്‍ഷങ്ങളാകുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റൂവിന്റെ ആദ്യ ക്യാബിനറ്റില്‍ നിയമകാര്യമന്ത്രി ആയിരുന്നു ആ ബാരിസ്റ്റര്‍. അദ്ദേഹം ബുദ്ധമതവിശ്വാസി ആയിരുന്നു. തല്‍സംബന്ധമായ ഒടുവിലത്തെ ഗ്രന്ഥം പൂര്‍ത്തിയാക്കി, മൂന്നാനാളിലാണ് ഭീംറാവു രാംജി അംബേദ്കര്‍ അറുപത്തഞ്ചാം വയസ്സില്‍ ഡല്‍ഹിയിൽ അന്ത്യശ്വാസം വലിച്ചത്.
അംബേദ്കറുടെ ജډദിനം എല്ലാ ഏപ്രില്‍ 14നും നാം ഭീം ജയന്തി ആയി ആഘോഷിക്കാറുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ 125മത് പിറന്നാളിലും ഇക്കഴിഞ്ഞ സംവിധാന്‍ ദിവസത്തിലും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഒക്കെ അദ്ദേഹത്തിനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയുണ്ടായി.
കോണ്‍സ്റ്റിറ്റ്യൂഷന്‍ അസംബ്ലിയിലെ 284 അംഗങ്ങള്‍ അംഗീകരിച്ച് 1950 ജനുവരി 26 മുതല്‍ പ്രാബല്യത്തില്‍ വന്നതാണ് നമ്മുടെ ഭരണഘടന. എന്നാല്‍ ഇതിനകം നൂറിലേറെ ഭേദഗതികള്‍ നാം അതില്‍ വരുത്തിക്കഴിഞ്ഞു. 395 വകുപ്പുകളിലായി തുടങ്ങിയ ഭരണഘടന ഇന്നു 448ല്‍ വന്ന് നില്‍ക്കുമ്പോഴും, മതേതരത്വം എന്ന അടിസ്ഥാനതത്വത്തില്‍ ഒരു തരത്തിലും നാം വെള്ളം ചേര്‍ത്തിട്ടില്ല. നാനാത്വത്തില്‍ ഏകത്വം എന്നു വിശ്വസിക്കുന്ന മതനിരപേക്ഷത അതിന്റെ അടിക്കല്ലായി ഇന്നും നിലനില്ക്കുന്നു.
അപ്പോഴും അയോധ്യാഭൂമിയിലെ അവകാശവാദങ്ങള്‍ തുടങ്ങി ആള്ക്കൂട്ടക്കൊലവരെ എത്തി നില്ക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നാം എന്ത് ഭക്ഷിക്കണമെന്നും, എന്ത് ധരിക്കണമെന്നും, ഏത് ഭാഷ സംസാരിക്കണമെന്നുമൊക്കെ ഏതാനും പേര് ചേര്‍ന്നു തീരുമാനിക്കുന്നിടത്ത് സംഗതികള്‍ വഴിമാറി എത്തുന്നു. അതിന്റെയൊക്കെ പേരില്‍ കൊല്ലും കൊലയും പലയിടങ്ങളിലായി നടക്കുന്നു.
ഇത്തരുണത്തില്‍ ശ്രദ്ധേയമായ ചില സംഗതികള്‍ അരങ്ങേറിയതും നമുക്ക് കാണാതിരുന്നുകൂടാ. അയോധ്യാവിധി ഉന്നതാധികാരകോടതിയില് നിന്നു വന്നപ്പോഴും അനുകൂലവും പ്രതികൂലവുമായ പ്രസ്താവനകളുണ്ടായി. അപ്പോഴും 135 കോടിജനങ്ങളില് ആരുംതന്നെ നിയമം കയ്യിലെടുത്തില്ല. തീര്‍ത്തും അവഗണിക്കപ്പെട്ടുപോയി എന്നു പരിതപിച്ച മുസ്ലീം സംഘടനകള്‍ പോലും റിവ്യു ഹര്‍ജി നല്‍കാനാണ് തീരുമാനിച്ചത്.
അഭിപ്രായ സ്വാതന്ത്രത്തിനു ഊന്നല്‍ നല്കുന്ന ഭരണഘടന അംഗീകരിച്ച നാട്ടില്‍ സുപ്രീം കോടതിവിധി കുറ്റമറ്റതാണേന്നു സാക്ഷ്യപത്രം നല്കുന്ന കേന്ദ്രമന്ത്രി മുഖതാര്‍ അബ്ബാസ് നഖ്വിയെ നാം കാണുന്നു. അയോധ്യയില്‍ പൊളിച്ച ബാബറി മസ്ജീദിന്റെ അവശിഷ്ടങ്ങള്‍ക്കിടയിൽ ക്ഷേത്രക്കല്ലുകള് കണ്ടതായി പറയുന്ന കെ.കെ. മുഹമ്മദ് എന്ന ആര്ക്കിയോളജിസ്റ്റിനെയും വിധിക്കെതിരെ പുനര്വിധിക്കായി ഹര്‍ജി നല്‍കിയിട്ട് കാര്യമില്ലെന്നു പറയുന്ന ഖയ്യും ഹസന് റിസ്വി എന്ന ദേശീയ ന്യൂനപക്ഷകമ്മീഷന് ചെയര്‍മാനേയും നാം അറിയുന്നു.
കൊച്ചു സംസ്ഥാനമാണെങ്കിലും രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിക്കാൻ കഴിഞ്ഞ കേരളവും തല ഉയര്‍ത്തി നിന്നു. മൂന്നരക്കോടി ജനങ്ങള്‍ക്ക് അത് സാധിച്ചു. മലയാളക്കരയിലെ ജനസംഖ്യയില്‍ പകുതിയിലേറെയും ഹിന്ദുമത വിശ്വാസികള്‍ ആണെങ്കിലും തെരഞ്ഞെടുപ്പുകളിൽ പോലും ജാതിമത ചിന്തകള്‍ക്കതീതമായി വോട്ടവകാശം വിനിയോഗിച്ചു വരുന്നവരാണവര്‍. ഭാരതീയ ജനതാപാര്‍ട്ടി എന്നു വേഷം മാറി വന്നിട്ടും പഴയകാല ജനസംഘത്തെ നാലയലത്ത് അടുപ്പിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. നിയമസഭയിലേക്ക് തന്നെ കേന്ദ്രത്തില്‍ മന്ത്രിപദം പോലും നേടിയെടുത്ത് മടങ്ങിവന്ന ഒരേ ഒരു രാജഗോപാലനെ മാത്രമേ കേരളം ഇതേവരെയായി അനന്തപുരിയിലേക്ക് അയച്ചിട്ടുള്ളു എന്നു ഓര്‍ക്കുക.
അതേസമയം ജനസംഖ്യയില്‍ നാലിലൊന്നു മാത്രമുള്ള മുസ്ലീംകളും അതിലും താഴെയുള്ള കൈസ്തവരും തുടര്‍ച്ചയായി മന്ത്രിസഭയില്‍പോലും സാന്നിധ്യം ഉറപ്പിച്ച് വരുന്നു. അങ്ങനെ വിവിധ ജാതിമതസ്ഥര്‍ അധികാരക്കസേരയിലേക്ക് വരുന്നതിൽ വന്ഭൂരിപക്ഷമുള്ളപ്പോഴും ഹൈന്ദവ മനസ്സിനു അമര്‍ഷമില്ല എന്നര്‍ത്ഥം.
ക്രിസ്തുമതത്തേയും ഇസ്ലാം മതത്തേയും സഹര്‍ഷം സ്വാഗതം ചെയ്ത ഭൂമിയാണ് കേരളം. സെന്റ് തോമസിന്റെ വരവ് ക്രൈസ്തവര്‍ ഓര്‍ക്കുമ്പോൾ മാലിക് ദിനാറും സംഘവും കൊടുങ്ങല്ലൂരില്‍ വന്നു ആദ്യത്തെ പള്ളിപണിതത് മുസ്ലിംകളും ഓർക്കുന്നു.
തിരുവനന്തപുരത്ത് ഹിന്ദു ക്ഷേത്രവും, ക്രൈസ്തവ ദേവാലയവും മുസ്ലീംകളും തോളോടുചേര്‍ന്ന് നില്‍ക്കുന്നത് നാം കാണുന്നു. തെക്കന്‍ കാശി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനു വ്രതമനുഷ്ടിച്ചു വരുന്ന ജനലക്ഷങ്ങള്‍ തൊട്ടടുത്ത വാവര് പള്ളിയില്‍ കാണിക്ക അര്‍പ്പിച്ചാണ് മടങ്ങുന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തിനു ഒരുതരത്തിലും പോറൽ ഏല്പിക്കാൻ അനുവദിക്കില്ല എന്ന ദൃഢനിശ്ചയം, കേരളം ഇന്ത്യയെ ബോധിപ്പിക്കുന്നു. ഇക്കഴിഞ്ഞ നബിദിനാഘോഷവേളയില് തന്നെ എന്തൊക്കെ സുന്ദരമായ അനുഭവങ്ങളാണ് മലയാളനാട് കണ്ടതും കേട്ടതും.
കോഴിക്കോട് മാവൂര്‍ പൂവാട്ട് പറമ്പ് നബിദിനാഘോഷയാത്രയില് പങ്കെടുത്തവരെ പെരുണ്പുറ വിഷ്ണുക്ഷേത്ര ഭാരവാഹികള്‍ ലഡു നല്‍കിയാണ് സ്വീകരിച്ചത്. അഴിഞ്ഞിലം ജുമാമസ്ജിദ് അധികൃതര്‍ നടത്തിയ നബിദിന സംഗമത്തിനു അയ്യപ്പസേവാ സമിതിയുടെ വകയായിട്ടായിരുന്നു മധുരപലഹാര വിതരണം.
തിരുവനന്തപുരം കഴക്കൂട്ടത്ത് ലക്ഷംവീട്ടില്‍ താമസിക്കുന്ന ഷിനു എന്ന ഹിന്ദു യുവതിയുടെ താലികെട്ട് നടക്കാന്‍ കണിയാപുരം മസ്ജിദ് കമ്മിറ്റി പള്ളിമുറ്റത്ത് കതിര്‍മണ്ഡപം ഒരുക്കുകയും അഞ്ചുപവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കുകയും ചെയ്തത് നബിദിന പുണ്യമായിട്ടായിരുന്നു.
പേരാമ്പ്രയില്‍ പാലേരി ചെക്കും കുഴിയില്‍ പ്രത്യുഷയും വിനുപ്രസാദും തമ്മിലുള്ള വിവാഹം കെങ്കേമമാക്കാന്‍ മഹല്ല് നിവാസികള്‍ എല്ലാവര്‍ഷവും നടത്താറുള്ള നബിദിനാഘോഷ പരിപാടികള്‍ തന്നെ മാറ്റി വെച്ചു. നവദമ്പതികളാകട്ടെ നേരെ പള്ളി മുറ്റത്ത് ചെന്ന് സമൂഹനമസ്കാരം കഴിഞ്ഞിറങ്ങുകയായിരുന്ന അയല്‍വാസികളായ മുസ്ലീംകള്‍ക്ക് നന്ദി പറയുകയും ചെയ്തു.
തീര്‍ന്നില്ല, തീവ്രമായ ഹൃദ്രോഗവുമായി കഴിയുന്ന ആലപ്പുഴക്കാരനായ ആരോമല്‍ എന്ന ഒരാള്‍, ചികില്‍സക്ക് പണമില്ലാതെ കൈനീട്ടിയപ്പോള്‍ ഫറോക്ക് പെരുമുഖം എണ്ണക്കാട് മസ്ജിദില്‍ നിന്നു ജുമുഅ നമസ്കാരം കഴിഞ്ഞിറങ്ങിയവര്‍, ആയിരങ്ങളാണ് ആ കൈകളില്‍ അര്‍പ്പിച്ചത്. കോഴിക്കോട് പാളയം പള്ളിയില്‍ ഖത്തീബ് ഡോ. ഹുസൈന് മടവൂരും നേരത്തെ ഈ മാതൃക കാണിക്കുകയുണ്ടായി.
എല്ലാ അതിര് വരമ്പുകളെയും മായ്ച് കഴിഞ്ഞവര്‍ഷം കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ മഹാപ്രളയം ഓര്‍ക്കുക. കവളപ്പാറ പതോറില് മണ്ണിലമര്‍ന്നു മരിച്ച 59 പേരിൽ 49 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തപ്പോള്‍ ജാതിമത ചിന്തകള്‍ക്കൊന്നും കാത്തുനില്‍ക്കാതെ അവരുടെ പോസ്റ്റ്മോര്‍ട്ടത്തിനു സ്ഥലമൊരുക്കിയത് പൊതുകാട് മസ്ജിദിന്റെ അകത്തളങ്ങളിലായിരുന്നു.
ചലച്ചിത്രനടി ശ്രീദേവി കഴിഞ്ഞവര്‍ഷം ദുബായില്‍ സംശയാസ്പദമായി മരണപ്പെട്ടപ്പോള്‍ ആ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ അജ്മാനില്‍ നിന്നു പറന്നെത്തിയ താമരശ്ശേരിക്കാരന് മുഹമ്മദ് അശ്റഫിനെ ആര്‍ക്ക് മറക്കാന്‍ കഴിയും?
മുത്തലാഖും ലവ്ജിഹാദും ഘര്വാപസിയുമൊക്കെ പറഞ്ഞത് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പാടുപെടുന്ന ഉത്തരേന്ത്യന്‍ ലോബിക്കു ഇതൊന്നും വിഷയമേ അല്ല.
ഗുരുനാനാക്കിന്റെ ജډദിനത്തോടനുബന്ധിച്ച് സുഖ്പാല്സിങ്ങ് എന്ന 70 കാരനായ ഒരു സിക്ക് വയോധികന്, ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിൽ 900 ചതുരശ്ര അടി ഭൂമി മുസ്ലീം പള്ളി നിര്‍മ്മാണത്തിനായി സംഭാവന ചെയ്തത് വരെ അവര്‍ക്ക് അറിയില്ല.
ഉത്തര്‍പ്രദേശിൽ തന്നെ ഗോസ്ഗഞ്ചിലെ ബെലാരിഖാനില് മുസ്ലീം ശ്മശാനത്തിനു ഭൂമി ദാനം ചെയ്യാന്‍ ഹിന്ദു സഹോദരങ്ങള്‍ സന്നദ്ധരായതും അവര്‍ക്ക് അജ്ഞാതം.
മാട്ടിറച്ചി കൈവശംവെച്ചവരെന്നു ആരോപിച്ച് ഉത്തര്‍പ്രദേശിൽ മുഹമ്മദ് അഖ്ലാഖിനെയും രാജസ്ഥാനില്‍ പെഹ്ലുഖാനെയും ഒക്കെ പിടികൂടി അവര്‍ അടിച്ചു കൊല്ലുന്നു. ഗുജറാത്തില്‍ ബില്‍ക്കീസ് ബാനു എന്ന വീട്ടമ്മ കൂട്ടമാനഭംഗത്തിനു ഇരയാകുന്നു. അവരുടെ കണ്മുമ്പില്വെച്ച് ബാലികയായ പെണ്‍കുട്ടിയെ പാറക്കല്ലില്‍ തല ഇടിച്ചു കൊല്ലുന്നു.
അമര്‍നാഥ് തീര്‍ഥാടനത്തിനുപോയ 50 പേരെ തീവ്രവാദികളുടെ തുടര്‍ച്ചയായ വെടിവെപ്പുകള്ക്കിടയിലും രക്ഷപ്പെടുത്തിയതിനു ജീവന് രക്ഷാപതക്കം നേടിയ ശൈഖ് സലീം ഗഫൂര്‍ എന്ന കാശ്മീരി ഡ്രൈവര്‍പോലും അവര്‍ക്കു അജ്ഞാതന്‍.
അതേസമയം ജയ്ശ്രീറാം എന്നു ഏറ്റുപറയാത്തതിനു ആളുകളെ തല്ലിക്കൊല്ലുന്നത് ശ്രീരാമന് തന്നെ സഹിക്കുന്നതാണോ എന്നു ചോദിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഡോ.ശശിതൂര്‍ എം.പി. യേയും, അയോധ്യാവിധി ന്യായീകരിക്കത്തക്കതല്ല എന്നു വിളിച്ചു പറയുന്ന ഒരു റിട്ടയര്‍ഡ് ജസ്റ്റിസ് അശോക് ഗാംഗുലിയേയും, സുന്നി വഖഫ് ബോര്‍ഡിനുവേണ്ടി വാദിക്കാന്‍ വരുന്ന രാജീവ് ധവാന് എന്ന സീനിയര്‍ അഭിഭാഷകനെയും നമുക്കു കാണാതിരിക്കാൻ സാധിക്കില്ല.
542 അംഗ ലോകസഭയില്‍ 349 സീറ്റിന്റെ പിന്‍ബലത്തോടെ ഡല്‍ഹി ഭരിക്കുന്ന നരേന്ദ്രമോദി എന്നും തങ്ങളോടൊപ്പം ഉണ്ടാകുമെന്നു മതഭ്രാന്തന്മാർ വിശ്വസിക്കുന്നു. അവര്‍ രാഷ്ട്രപിതാവിന്റെ ഛായാപടം വെച്ചു അതിനുനേരെ വെടി ഉതിര്‍ക്കുന്നവരാണ്. മഹാത്മജിയെ വെടിവെച്ചുകൊന്ന നാഥൂറാം ഗോഡ്സെയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നവരാണ്.
എന്നാല്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് എല്ലാ മതസ്ഥരേയും അംഗീകരിക്കുക എന്നതാണെന്ന് അത്തരക്കാര്‍ മറന്നുപോകുന്നു. ഇന്ത്യക്കുസ്വാതന്ത്യം ലഭിച്ചു മൂന്നുവര്‍ഷം കഴിഞ്ഞു മാത്രം ജനിച്ച ആളാണെങ്കിലും, മോദി ഇത്തവണ അധികാരമേറ്റത് തന്നെ, ഭരണഘടനയില്‍ ചുംബനം അര്പ്പിച്ചുകൊണ്ടാണെന്നു അവര്‍ ഓര്‍ക്കട്ടെ.
പരുക്കേല്പിക്കുമ്പോഴും അറുത്തുമാറ്റാനാവാത്തവിധം ഭദ്രമാണ് ഇന്ത്യന്‍ ഭരണഘടനയും അതിലെ മതേതരത്വവും. ഭരണഘടനാ ശില്പിയായ ബാബാസാഹിബ് അംബേദ്കറുടെ ചരമ ദിനത്തിലെങ്കിലും അത്തരക്കാര്‍ അത് ഓര്‍ക്കട്ടെ.









