വേനൽ രൂക്ഷമാതോടെ നാട്ടിലും കാട്ടിലും അഗ്നി താണ്ഡവമാകുന്നു. ഇതിൽ ഏറെയും അനുഭവപ്പെടുന്നത് നമ്മുടെ അലക്ഷ്യമായ ഇടപെടലുകൾ കാരണമത്രെ. കഥാബിന്ദു അഗ്നിബാധയല്ലാതിരുന്നെങ്കിലും പ്രശസ്ത സാഹിത്യകാരനായ ഉറൂബിന്റെ ആ പ്രശസ്ത കൃതി നമ്മെ ഓർമ്മിപ്പിക്കുന്നു. "തീ കൊണ്ട് കളിക്കരുത്”
എൻ.അബു
പൊന്നാനിക്കാരനായ പരുത്തുള്ളി ചിലപ്പുറത്ത് കുട്ടിക്കൃഷ്ണമേനോനെ മലയാളികൾ ഏറെ അറിഞ്ഞുകാണില്ല. എന്നാൽ പി.സി.കുട്ടികൃഷ്ണൻ എന്ന ഉറൂബിനെ (1915 -1979 ) അറിയാത്തവർ കേരളത്തിലാരും ഉണ്ടാവില്ല. "ഉമ്മാച്ചു"എന്ന നോവലിലൂടെ മലയാളത്തിന്റെ കരൾ കവർന്ന, “നീലക്കുയിൽ” എന്ന ചലച്ചിത്രത്തിലൂടെ ദേശീയ അവാർഡ് കേരളത്തിന്റെതാക്കി മാറ്റിയ വിശ്രുതനായ എഴുത്തുകാരൻ.
അദ്ദേഹം രചിച്ച ഒരു നാടകം അറുപതുകളിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ആസ്വാദകരുടെ ഹരമായിരുന്നു. അദ്ദേഹം ദിവംഗതനായി നാൽപത് വര്ഷങ്ങൾക്കുശേഷം, ഇപ്പോൾ അദ്ദേഹത്തെ ഓർക്കാൻ കാരണം "തീ കൊണ്ട് കളിക്കരുത്" എന്ന പേരിൽ അദ്ദേഹ രചിച്ച ആ സാഹിത്യകൃതിയാണ്.
എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് നാട്ടിലും കാട്ടിലും അഗ്നിതാണ്ഡവത്തിന്റെ വാർത്തകൾ എന്നും വരുമ്പോൾ, തീ കൊണ്ട് നാം ഏറെ കളിക്കുകയല്ലേ എന്നു തോന്നിപ്പോകുന്നു.
എത്ര അലക്ഷ്യമായാണ് നാം തീയെ കാണുന്നത്? എല്ലാ ഡിഗ്രികളും കടന്നു ഉഷ്ണം സർവമാപിനികളെയും കീഴടക്കുമ്പോൾ, പുരയിടങ്ങളും ഫ്ലാറ്റുകളും വിപണികളും കാടുകളുമെല്ലാം അഗ്നിബാധയിൽ കത്തിച്ചാമ്പലാവുന്നതിന്റെ പ്രധാനകാരണം നമ്മുടെ ഈ അലക്ഷ്യബോധമല്ലേ?
ആയിരക്കണക്കിന് ഏക്കർ വനം കർണാടകയിലെ ബന്ദിപ്പൂരിൽ അഗ്നിക്കിരയായത് നാം കഴിഞ്ഞയാഴ്ച പത്രത്തിൽ വായിച്ചു. വനത്തിനുള്ളിൽ നിയമം ലംഘിച്ച് കാലികളെ മേയ്ക്കാൻ ഇറങ്ങിയവർ കടുവകളെ ഓടിക്കാനായി തീയിട്ടതാണത്രെ അവിടെ ഈ വൻ അഗ്നിബാധയ്ക്കുകാരണമായത്.
അലക്ഷ്യമായി എറിഞ്ഞ സിഗരററ്റ് കുറ്റിയാണത്രെ തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ ഒന്നര ഏക്കറോളം പ്രദേശം കത്തിനശിക്കാൻ ഇടയായത്. അഗ്നിശമന സേനക്കാർ എത്തുന്നതിനു മുമ്പ്തന്നെ സർവകലാശാലാ പാർക്കിൽ നിന്നു വെള്ളം പമ്പ് ചെയ്ത് വിദ്യാർഥികൾ തന്നെ തീ നിയന്ത്രിച്ചെങ്കിലും കിളിക്കുഞ്ഞുങ്ങൾ മുതൽ പെരുമ്പാമ്പ് വരെ വെന്തുചത്തു.
കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തിൽ വിലങ്ങാട് മലയങ്ങാട് മലയിൽ പത്ത് ഏക്കർ സ്ഥലത്ത് ഈ മാസാദ്യം ഉണ്ടായ തീപ്പിടുത്തത്തിൽ തേക്ക്, തെങ്ങ്, കമുക്, കശുമാവ്, എന്നിവയുടെ തൈകൾ കത്തിനശിച്ച് നാലര ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്.
കോഴിക്കോട് കാരശ്ശേരിയിൽ 30 ഏക്കർ ഭൂമിയിലാണ് കഴിഞ്ഞാഴ്ച റബ്ബർ മരങ്ങൾ ചാമ്പലായത്. അടിവാരത്ത് പോലീസ് ഔട്ട് പോസ്റ്റിലുണ്ടായ അഗ്നിബാധ 15 വാഹനങ്ങൾ ചുട്ടുകരിച്ചു.
ഒന്നിന് പിറകെ മറ്റൊന്നായി കഴിഞ്ഞ വർഷങ്ങളിൽ കോഴിക്കോട്ടെ തിരക്കുപിടിച്ച മിഠായി തെരുവിലുണ്ടായ തീപ്പിടുത്തം അക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ നമുക്ക് അവസരം നൽകി എന്നത് നേര്.
എന്നാൽ ഇപ്പോഴിതാ നമ്മുടെ ഇന്ത്യാതലസ്ഥാനത്ത് തന്നെ തിരക്കുപിടിച്ച ഒരു വൻ കേന്ദ്രത്തിൽ ഉണ്ടായ അഗ്നിബാധ അനേകലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കിയതിനുപുറമെ ഒരു രക്ഷാപ്രവർത്തകന്റെ ജീവനും അപഹരിച്ചിരിക്കുന്നു.
അഞ്ചു വർഷത്തെ കണക്കെടുത്തപ്പോൾ, കഴിഞ്ഞകൊല്ലം കേരളത്തിൽ കാടുകളിൽ തന്നെ 1556 സ്ഥലങ്ങളിൽ തീപ്പിടുത്തമുണ്ടായി. ഇതിൽ വയനാട്ടിൽ തന്നെ ബത്തേരിയിൽ 172 , മാനന്തവാടിയിൽ 118 എന്നിങ്ങനെയായിരുന്നു കണക്കുകൾ. മൂന്നാറിലാകട്ടെ 280 ഉം. കേരളത്തിൽ 2013 ൽ 412 പ്രദേശങ്ങളിൽ മാത്രമായിരുന്നു കാട്ടുതീ എങ്കിൽ, 2017 ൽ അത് 718 ആയി ഉയരുകയുണ്ടായി. ഇതിൽ 370 എണ്ണം വൻ അഗ്നിബാധ ആയിരുന്നു. നാലുകൊല്ലംകൊണ്ട് കത്തിയമർന്നത് 1470 ഹെക്ടറിൽ നിന്നു 2940 ഹെക്ടറായും ഉയർന്നു. ജീവൻ നഷ്ടം അധികൃതർ കണക്കെടുക്കുമ്പോൾ ശ്രദ്ധിക്കാറുണ്ടെങ്കിലും മൃഗങ്ങളോ, പക്ഷികളോ വെന്തു ചാവുന്നത് എണ്ണി നോക്കാറില്ല. വൻമരങ്ങൾ കത്തിച്ചാമ്പലാവുന്നത് എണ്ണുമ്പോഴും അപൂർവ്വ സസ്യലതാദികളുടെ നഷ്ടവും വിലപ്പെട്ട രേഖകളുടെ നാശനഷ്ടവും അവരുടെ പരിഗണനയിൽ വരാറില്ല.
കാലാവസ്ഥ വ്യതിയാനമെന്നും ആഗോളതാപനമെന്നുമൊക്കെ പറഞ്ഞു അഗ്നിബാധയെ ചെറുതായിക്കാണേണ്ടകാലം എന്നോ അവസാനിക്കേണ്ടതായിരുന്നു. കടുത്ത പാരിസ്ഥിതിക ദുരന്തത്തിലേക്ക് ജനതയെ നയിക്കുന്നതാണ് ഈ പ്രതിഭാസം.
ലോകത്ത് ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം നടക്കുന്ന 20 നഗരങ്ങളിൽ പതിനഞ്ചും ഇന്ത്യയിലാണെന്നറിയുമ്പോൾ അഗ്നിബാധയുടെ ബാക്കിപത്രത്തെക്കുറിച്ചുകൂടി നാം ബോധവാന്മാരാകണ്ടേ? ഹരിയാനയിലെ ഗുരുഗ്രാം ആണ് ഇക്കാര്യത്തിൽ ഏറ്റവും വലിയ വില്ലൻ. മറ്റു പതിനാലു നഗരങ്ങളിൽ ഡൽഹി, ആഗ്ര, പാറ്റ്ന, ലക്നൗ, വാരാണസി തുടങ്ങിയവയും ഉൾപ്പെടുന്നു.
മണ്ണിൽ നാശം വിതറുകയും വിണ്ണിൽ വായു മലിനീകരിക്കുകയും ചെയ്യുന്ന തീപ്പിടുത്തങ്ങൾ ആൾപ്പാർപ്പ് അധികമില്ലാത്ത വനമേഖലകളിലാണ് വ്യാപകമായി നടക്കുന്നതെന്നത് നേര്. എന്നാൽ വീടുകളിൽ പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചും വാണിജ്യ മേഖലകളിൽ ഷോർട് സർക്യൂട്ട് മൂലവും ആണിത് നടക്കുന്നതെന്ന് അറിയുമ്പോൾ നമ്മുടെ അലംഭാവം തന്നെയാണ് പ്രതിക്കൂട്ടിൽ കയറുന്നത്.
പാർപ്പിട സമുച്ചയങ്ങളും, വാണിജ്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് അഗ്നിശമന നീക്കങ്ങൾക്ക് സൗകര്യപ്പെടുംവിധത്തിലുള്ള സജ്ജീകരണങ്ങളോട് കൂടിയാണ് എന്നു വർഷത്തിൽ ഒരിക്കലെങ്കിലും അധികൃതർ ശ്രദ്ധിക്കേണ്ടതല്ലേ? അഗ്നിശമനസേനവിഭാഗത്തിനു ആവശ്യമായ വെള്ളം ശേഖരിക്കുന്നതിനോ, അവരുടെ വാഹനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനോ ഉള്ള സംവിധാനങ്ങളുണ്ടോ എന്നും നാട്ടുകാരായ നാമും ശ്രദ്ധിക്കാറുമില്ല.
ഫയർഫോഴ്സ് എന്നറിയപ്പെട്ടിരുന്ന അഗ്നിശമനവിഭാഗത്തിന്റെ പേരിൽ രക്ഷ എന്നർഥമുള്ള റെസ്ക്യൂ എന്നു കൂട്ടിച്ചേർത്തതല്ലാതെ, കാട്ടിലെ തീ അണക്കുന്നതിനുള്ള പ്രത്യേകപരിശീലന മുറകൾ ഇന്നും നമ്മുടെ ഫയർഫോഴ്സിൽ മതിയായ തോതിൽ നടക്കുന്നില്ല. എണ്ണായിരം പേരുൾപ്പെട്ട ഒരു പ്രത്യേക സേന തന്നെ ഇതിനായി രൂപവൽക്കരിക്കണമെന്ന നിർദേശവും വനരോദനമായി തന്നെയാണ് അവസാനിച്ചത്.
തമിഴ്നാട്ടിലെ തേനിയിൽ പത്തുപേരുടെ മരണത്തിൽ കലാശിച്ച അഗ്നിബാധ കഴിഞ്ഞ വർഷമുണ്ടായി. അതിനുശേഷവും മൂന്നാർ ഭാഗത്ത് ഇഷ്ടംപോലെ കടന്നുവരാനും ടെന്റ് കെട്ടാനുമൊക്കെ വിനോദയാത്രികർക്ക് സാധിക്കുന്നു. മീശപ്പുലിമലയിലേക്കു കടക്കാൻ മാത്രം അനുമതി ഉള്ളപ്പോൾ കൊഴുക്കമലയിലും, വട്ടവടയിലും ആനയിറങ്ങിയിലുമൊക്കെ തമ്പുകൾ ഉയർത്തി വിനോദയാത്രികർ ഭക്ഷണം പാകം ചെയ്യുകയും, അവശിഷ്ടങ്ങൾ അലക്ഷ്യമായെറിഞ്ഞു സ്ഥലം വിടുകയും ചെയ്യുന്നു. ടൂറിസം പ്രവർത്തനങ്ങൾക്ക് അനുവദിച്ച ഏക ഏജൻസിയായ കേരള ഫോറസ്ററ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഇവിടെ നോക്കുകുത്തിയാവുന്നു.
പറമ്പിക്കുളത്ത് കഴിഞ്ഞകൊല്ലം ഒരു വൻ തീപിടുത്തമുണ്ടായപ്പോൾ വരുത്തിയ ഹെലികോപ്റ്ററുകൾക്ക് ഒന്നര മണിക്കൂർ വെള്ളം അടിച്ചിട്ടും തീ അണക്കാൻ സാധിച്ചിരുന്നില്ല. സഹായത്തിനു വിളിച്ച മറ്റു രണ്ടു ഹെലിക്കോപ്റ്ററുകൾക്കാകട്ടെ, കാലവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ ലക്ഷ്യത്തിലെത്താനും സാധിച്ചില്ല.
അടിക്കടി ഉണ്ടാവുന്ന അഗ്നിബാധകളുടെ വെളിച്ചത്തിൽ കഴിഞ്ഞ മാസം 1580 വൻകിട കെട്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ 1103 എണ്ണത്തിലും അഗ്നിശമന ചട്ടങ്ങൾ പാലിച്ചിട്ടില്ല എന്നാണത്രെ കണ്ടത്. ഇതിൽ തന്നെയും തിരുവനന്തപുരം ജില്ലയിൽ 150 ഉം കോഴിക്കോട് 140 ഉം കണ്ണൂരിൽ 168 ലും ഉണ്ടായിരുന്നു. ഇവരിൽ പലതിനും നോട്ടീസ് നൽകിയതാണ്. അടുത്തകാലത്ത് നടന്ന കാര്യമായ അഗ്നിശമന പ്രവർത്തനം.
കെട്ടിട സമുച്ഛയങ്ങൾ പണിയുമ്പോൾ അഗ്നിശമന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും, സെക്യൂരിറ്റി ജീവനക്കാർക്ക് പോലും അവ എങ്ങനെ പ്രവർത്തിപ്പിക്കണമെന്നോ എവ്ടെയാണെന്നുപോലുമോ അറിയാത്ത നിലയാണ്. സെക്യൂരിറ്റിക്കാർ തന്നെയും സ്ഥിരമായ തസ്തികയിലല്ലല്ലോ നിയമിക്കപ്പെടുന്നത്. അവർ ഇടയ്ക്കിടെ മാറിമാറി വരുന്നു.
ഫ്ളാറ്റുകളടക്കമുള്ള പാർപ്പിടങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് വാണിജ്യ സ്ഥാപനങ്ങൾക്കും, വ്യവസായ ശൃംഖലകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്കെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ, രാസവസ്തുക്കളും പടക്കങ്ങളും സൂക്ഷിക്കാൻ വൻകിട ഗോഡൗണുകൾ വേറെയുണ്ട്. ആശുപത്രികളും സിനിമാശാലകളും ടൗൺഹാളുകളും ഒക്കെ ഇതിൽ നിന്നും വ്യത്യസ്തം.
അംബര ചുംബികളായ ഉയർന്ന ഫ്ളാറ്റുകളിലെ മുകൾനിലകളിൽ എന്തെങ്കിലു സംഭവിച്ചാൽ രക്ഷാദൗത്യം നിർവഹിക്കാനുള്ള സ്കൈലിഫ്റ്റ് കേരളത്തിൽ തീരെ ഇല്ലെന്നുതന്നെ പറയാം. ഇരുപത് മീറ്റർ ഉയരത്തിലെങ്കിലും എത്താവുന്ന ഒരെണ്ണത്തിന് കോടികണക്കിന് രൂപ വേണം എന്നാണ് അധികൃതർ പറയുന്നത്. പലപ്പോഴും ഇലക്ട്രിസിറ്റി ബോർഡുകാർ തെരുവുവിളക്കുകൾ നന്നാക്കാനായി ഉപയോഗിക്കുന്ന ലിഫ്റ്റുകളെയാണ് ആശ്രയിച്ചിരിക്കുന്നത്. അവർക്കാകട്ടെ 12 മീറ്ററിൽ അധികം ഉയരാനും വയ്യ. കൊച്ചിയിൽ ഒരു ഉയർന്ന സൗധത്തിൽ തീപിടുത്തമുണ്ടായപ്പോൾ തൊട്ടടുത്ത കെട്ടിടത്തിൽ കയറിയാണ് തീ അണക്കാനുള്ള ശ്രമമുണ്ടായത്.
ഫ്ളാറ്റുകളുടെ പണികൾ നടക്കുന്നിടത്ത് അഗ്നിസുരക്ഷാ സംവിധാനങ്ങളിൽ അധികൃതർ വേണ്ടത്ര ശുഷ്കാന്തി കാണിക്കുന്നില്ലെന്ന പരാതി നിലനിൽക്കുകയാണ്. എന്നാൽ അവർ പരിശോധിച്ച് നൽകുന്ന സാക്ഷ്യപത്രത്തിന്റെ വെളിച്ചത്തിൽ മാത്രമെ തദ്ദേശഭരണ സ്ഥാപനങ്ങൾ നമ്പറുകൾ നൽകാറുള്ളൂ. അതേ സമയത്ത് അനുമതി മിക്കവാറും ഒരു വർഷത്തേക്കാണെന്നു ഉടമകളും അധികൃതരും ഒരുപോലെ മറന്നുപോകുന്നു. പുനഃപരിശോധനയാകട്ടെ ഫയലിൽ മയങ്ങിക്കിടക്കുകയും ചെയ്യുന്നു.
അഗ്നിസുരക്ഷാ സംവിധാനം ഏർപ്പെടുത്തിയെന്നു ഉടമകൾ സ്വന്തമായി സത്യവാങ്ങ്മൂലം നൽകിയാൽ മതിയെന്ന് പിൽക്കാലത്ത് ഇറങ്ങിയ ഉത്തരവ് പോലെ, മേധാവികൾ മാറിമാറി വരുമ്പോൾ നിബന്ധനകളിലും വെള്ളം ചേർക്കപ്പെടുന്നു.
ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആവശ്യങ്ങൾ കാര്യമായി ഉയരുമ്പോൾ മിക്ക ജില്ലകളിലും ഫയർ സ്റ്റേഷനുകൾ ആരംഭിക്കാറുണ്ട്. എന്നാൽ ആവശ്യത്തിനു മാത്രം സ്റ്റാഫിനോ വാഹനങ്ങളടക്കമുള്ള യന്ത്രങ്ങൾക്കോ വേണ്ടിയുള്ള മുറവിളി അടഞ്ഞ കാതുകളിലാണ് ചെന്നെത്താറ്.
ഇടുക്കി, വയനാട്, കോട്ടയം, പത്തനംതിട്ട, കൊല്ലം, തൃശൂർ, പാലക്കാട്, കാസർകോട്, തുടങ്ങി വനാതിർത്തി ജില്ലകളിൽ ഇരുപത് ഫയർ സ്റ്റേഷനുകളെങ്കിലും ആരംഭിക്കണമെന്ന നിർദ്ദേശം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല.
തലയ്ക്കു മുകളിൽ 24 മണിക്കൂറും ഉണർന്നു നിൽക്കുന്ന ഡെമോക്ലസിന്റെ വാൾ പോലെ ഏതവസരത്തിലും വിളി വന്നേക്കുമെന്നു കരുതി, ജാഗരൂകമാണ് നമ്മുടെ അഗ്നിശമനസേന. എന്നാൽ ഡ്യൂട്ടി കഴിഞ്ഞുപോയി ഒന്ന് മയങ്ങാനുള്ള പാർപ്പിട സൗകര്യങ്ങൾപോലും നാം അവർക്കു നൽകിയിട്ടില്ല. തീപ്പിടുത്തം ഉണ്ടായി എന്ന് കേട്ടാൽ അരയും തലയും മുറുക്കി പാഞ്ഞെത്തി അത് ശമിപ്പിക്കാൻ സന്നദ്ധതയുള്ള പൗരാവകാശബോധം നാം കാണിക്കാറുള്ളത്പോലെ തന്നെ അഗ്നിശമന പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് വഴിമുടക്കി കാഴ്ചക്കാരായി നിൽക്കുകയും മൊബൈൽ ഉയർത്തി രംഗങ്ങൾ പകർത്തുകയും ചെയ്യുന്നവർ കൂടിയാണ് നാം. അവർ ശ്രദ്ധിക്കേണ്ടകാര്യം, ജീവൻ പണയംവെച്ച് രാപ്പകൽ ഭേദമന്യെ രംഗത്തിറങ്ങുന്ന അഗ്നിശമനസേനാംഗങ്ങളുടെ കാര്യത്തിലും കുറേ ശ്രദ്ധ പതിയണമെന്നതാണ്.
“തീകൊണ്ടു കളിക്കരുത്" എന്ന സാഹിത്യ നായകൻ പറഞ്ഞുവച്ചിടത്ത് "തീക്കൊള്ളികൊണ്ട് തലചൊറിയരുത്" എന്ന് കൂടി കൂട്ടിച്ചെർക്കേണ്ടി വരരുതല്ലോ.









