ഇന്ത്യയുമായി ലയിക്കുമ്പോൾ ഭരണഘടനയിലൂടെ അനുവദിക്കപ്പെട്ട പ്രത്യേകാവകാശങ്ങൾ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് റദ്ധാക്കികളയുകയാണ് നരേന്ദ്രമോദിയും അമിത്ഷായും ചെയ്തത്. എന്നാൽ അത് കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും പുതുതായി ഒരു വികസനവും അവിടെ നടന്നില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത തന്നെ മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു.
എന്‍. അബു
കശ്മീർ മുതൽ കന്യാകുമാരിവരെ ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത. അഞ്ഞൂറിൽപരം നാട്ടു രാജ്യങ്ങളുടെ ലയനം പൂര്ണമാകുംവിധം 1947 ഓക്ടോബർ 26 നാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മുകശ്മീർ ഇന്ത്യയോട് ചേർന്നത്. 84,471 ചതുരശ്ര നാഴിക വിസ്തീർണ്ണമുള്ള ഈ മനോഹരതീരം എട്ടു കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും വലിയതുമായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിന്റെ കാവലാളുകളായിരുന്ന ഈസ്റ്റിന്ത്യ കമ്പനി വെറും 75 ലക്ഷം രൂപയ്ക്ക് 1846 ല്‍ ജമ്മു രാജാവായിരുന്ന ഗുലാബ് സിങ്ങിനു വിറ്റതായിരുന്നു, ഇന്ത്യയുടെ നന്ദനോദ്യാനമായിരുന്ന ഈ കശ്മീർ താഴ്വര.
അതെന്തോ ആകട്ടെ, എസ്.കെ. പൊറ്റക്കാട് തന്റെ സഞ്ചാരസാഹിത്യത്തില്‍ വിവരിച്ചത് പോലെ സമുദ്രവിതാനത്തില്‍ നിന്നു 3000 അടി ഉയരത്തില്‍ പച്ചപ്പട്ടുകുടകള് അണിനിരത്തിവെച്ചപോലെ മനോഹരമായ ഈ പ്രദേശം, ഒടുവില്‍ ഇന്ത്യയോടു ചേരുകയായിരുന്നു.
പച്ചനൂല്ക്കെട്ടുകൾ തൂക്കിയിട്ട തൂണുകൾ പോലെ പൈന്‍ മരങ്ങളും, മയില്പീലികളണിഞ്ഞു നില്ക്കുന്ന പോപ്ളാര്‍ മരങ്ങളും കൊണ്ട് ദൃശ്യഭംഗി പകരുന്ന തീരമാണെങ്കിലും, ആപ്പിളിന്റെ നിറമുള്ള ജനങ്ങളില്‍ ഭൂരിഭാഗവും അക്ഷരാഭ്യാസം ലഭിക്കാത്തവരത്രെ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെന്നപോലെ വ്യവസായ സംരഭങ്ങള്‍ക്കും ഇവിടേക്കു കടന്നുവരാന്‍ അന്നും ഇന്നും മടി.
ആ പോരായ്മകള്‍ നികത്താനുള്ള നടപടി എന്ന നിലക്കാണ് ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം പ്രകാരവും എ പ്രകാരവും ജമ്മുകശ്മീരിനു പ്രതേ്യക പദവി അനുവദിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ബി.ജെ.പി.യുടെ കേന്ദ്രഭരണം, ഒരു കൊല്ലം മുമ്പ് കര്‍ഫ്യു നടപ്പാക്കികൊണ്ട് ഒരൊറ്റയടിക്ക് രണ്ട് ഭരണഘടനാഭേദഗതി ബിലലുകള് കൊണ്ടുവന്നു ആ പദവികള്‍ നീക്കം ചെയ്തു. രാജ്യസഭക്കകത്ത് ബില്‍ കത്തിച്ചതിനു രണ്ട് കശ്മീര്‍ എം.പി.മാരെ വേദിക്ക് പുറത്താക്കുകയുമുണ്ടായി. പിന്നാലെ ഇന്ത്യക്ക് അകത്ത്നിന്നും പുറത്തുനിന്നും ഇതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. അങ്ങനെയൊരു വിമര്‍ശനനിലപാട് സ്വീകരിച്ച ബ്രിട്ടീഷ് ലേബര്‍ എം.പി. ജോസ് എബ്രഹാം അനുമതി കിട്ടിയ വിസയുമായി ഇന്ത്യയില്‍ വന്നിട്ടും കശ്മീര്‍ കാണിക്കാതെ ഡല്‍ഹിയിൽ നിന്നു തിരിച്ചയക്കുകയായിരുന്നു.
ലദ്ദാഖ് പ്രദേശത്തെ അടര്‍ത്തിമാറ്റി 2019 ഓഗസ്റ്റ് അഞ്ചിനു രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കു മോദി ഗവണ്മെന്റ് രൂപം നല്‍കുകയും ചെയ്തു. എന്നാല്‍ വര്‍ഷം ഒന്നായതോടെ കശ്മീരികള്‍ക്ക് ഉള്ളതെല്ലാം നഷ്ടപ്പെടുകയും പുതുതായി ഒന്നും കിട്ടാതിരിക്കുകയും ചെയ്തുവെന്നതാണ് ഫലം. പാക്കിസ്ഥാനില്‍ നിന്നുള്ള ഹിന്ദുമത വിശ്വാസികളെപ്പോലും സ്വാഗതം ചെയ്ത് ഹൈന്ദവ ജനസംഖ്യ കൂട്ടാനുള്ള ശ്രമവും വിജയിക്കാതെപോയി. ഇന്ത്യന്‍ ജനതയുടെ ഭാഗമായിട്ടും ഇന്നു കശ്മീരികള്‍ക്ക് പൗരാവകാശങ്ങൾ മിക്കവയുമില്ല. പ്രത്യേകാവകാശം റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍പ്പോലും കര്‍ഫ്യുവും വിവിധകക്ഷി നേതാക്കളുടെ സംയുക്തയോഗത്തിനു വിലക്കുമായിരുന്നു. ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമില്ല ചില പ്രമുഖരെ മാസങ്ങള്‍ക്ക് ശേഷം വിട്ടയച്ചെങ്കിലും രാഷ്ട്രീയ നേതാക്കളില്‍ പലരും വീട്ടുതടങ്കലില്‍ കഴിയുകയാണ്. കേന്ദ്രമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറയുന്നത്, അവിടെ മുക്കാല്‍ കോടി ജനങ്ങളും ഫലത്തില്‍ തടങ്കലിലാണെന്നാണ്.
അക്രമങ്ങളും നുഴഞ്ഞുകയറ്റങ്ങളും ഭീകര പ്രവര്‍ത്തനങ്ങളും ഏറെകുറഞ്ഞെന്നു ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവര്‍ അവകാശപ്പെടുന്നുണ്ട് ലെഫ്. ഗവർണർ പദവി അലങ്കരിക്കുന്ന മുൻ എംഎൽഎ. ഐഎഎസ് ഉദ്യോഗസ്ഥൻ ഗിരീഷ് ചന്ദ്ര മുര്‍മുവും ഉപദേശകനായ ആര്.ആര്. ഭട്നഗറും അത് പറയുന്നുണ്ടെങ്കിലും ടെറിട്ടോറിയല്‍ ആര്‍മിയിലെ റൈഫിൾമാൻ ആയ ശാക്കിർ മന്സൂറിനെപ്പോലും കഴിഞ്ഞ ദിവസമാണ് ഭീകരർ തട്ടിക്കൊണ്ടു പോയത്. ബി.ജെ.പി. നേതാവായിട്ടും സജ്ജാദ് അഹമദ് ഖാന് വെടിയേറ്റു മരിക്കുകയും ചെയ്തു. ഈയൊരു കൊല്ലത്തില്‍തന്നെ 118 തീവ്രവാദി ആക്രമണങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട 138 തീവ്രവാദികളിലാവട്ടെ, ഭൂരിഭാഗവും കശ്മീരികളും.
കശ്മീര്‍ സിംഹം എന്നറിയപ്പെട്ടിരുന്ന ശൈഖ് അബ്ദുള്ള കാശ്മീർ ഗുഡാലോചനക്കേസിന്റെ പേരില്‍ ജയിലിൽ അടക്കപ്പെട്ടിരുന്നു എന്നത് നേര്. എന്നാല്‍ ജനസംഖ്യയില്‍ 67 ശതമാനം വരുന്ന മുസ്ലീംകളുടെ പ്രതിനിധി ആയി സംസാരിക്കവെ ഒരിഞ്ച് ഭൂമി പോലും പാക്കിസ്ഥാനുവിട്ട് കൊടുക്കില്ല എന്നു 77 77 – ആം വയസില്‍ അന്ത്യശ്വാസം വലിക്കുംവരെ വെട്ടിത്തുറന്ന് പറഞ്ഞ രാഷ്ട്രീയനേതാവായിരുന്നു അദ്ദേഹം.
ബഹുഭൂരിപക്ഷം വരുന്ന അവിടുത്തെ മുസ്ലീംകളെ അവിശ്വസിക്കാന്‍ പാട്പെട്ടിരുന്നവര് 1965ലെ കഥ ഓർക്കുന്നുണ്ടായിരിക്കില്ല. ഗുല്‍മാര്‍ഗ് താഴ്വര കേന്ദ്രീകരിച്ച് പാക്കിസ്ഥാന് നടത്തിയ ഗൂഡാലോചന പൊളിച്ചത് മുഹമ്മദ് ദീന്, നസീര്‍ മുഹമ്മദ് എന്നീ രണ്ടു കശ്മീരി യുവാക്കളായിരുന്നു. അതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് 1947ല്‍ തന്നെ പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ പട്ടാളം എത്തുന്നതിനുമുമ്പ് തന്നെ ഫലപ്രദമായി തടഞ്ഞത്, അന്നു വെടിയേറ്റ് മരിച്ച മഖ്ബൂല്‍ ഷെര്‍വാണി എന്ന ബാറാമുള്ളക്കാരനായിരുന്നു. വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ പാക്കിസ്ഥാന് വാദം ഉയര്‍ത്തുന്നതിനെതിരെ ഒറ്റയാള്‍ വിപ്ലവം നടത്തിയ കോളേജ് പ്രിൻസിപ്പൽ ആയ മഹമൂദാ അലിഷായും, പാക്കിസ്ഥാന്റെ ഏകാധിപത്യത്തിനെതിരായ പോരാട്ടത്തില്‍ ബംഗ്ളാദേശിന്റെ മോചനത്തിനു തന്റെപത്രമായ ഐനയിൽ കോളങ്ങൾ ചെലവഴിച്ച ശമീം അഹമ്മദ് ശമീമും, ജമ്മുകാശ്മീര്‍ വിമോചന മുന്നണിയുടെ നട്ടെല്ല് തകര്‍ത്ത പോലീസ് മേധാവി മീര്‍ ഗുലാം ഹസന് ഷായും ഒക്കെ ഇന്ത്യന്‍ വീരഗാഥയിലെ സുപ്രധാന നായകരായിരുന്നു.
ഭരണഘടന അനുവദിച്ച പ്രത്യേകാവകാശങ്ങളാണ്, മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് നരേന്ദ്ര മോദിയും അമിത്ഷായും ചേര്‍ന്ന ഒരൊറ്റയടിക്ക് എടുത്തുകളഞ്ഞത്. ഇതിനെതിരായ ഹര്‍ജികള്‍ ജമ്മൂകശ്മീര്‍ ഹൈക്കോടതി മുതല്‍ സുപ്രീം കോടതിവരെ അനുവദിക്കാന്‍ മടിച്ചു നിൽക്കുമ്പോൾ നമ്മുടെ ഭരണഘടന അനുവദിച്ച മൗലികാവകാശങ്ങള്‍ പോലും കശ്മീരികള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. വിചാരണ കൂടാതെ രണ്ടു വര്‍ഷത്തോളം തടങ്കലില്‍ വെക്കാവുന്ന പബ്ലിക്ക് സേഫ്റ്റി ആക്ട് തുടരുകയും ചെയ്യുന്നു. ഫലത്തില്‍ രാഷ്ട്രീയ രംഗവും സാമ്പത്തിക രംഗവുമൊക്കെ ജമ്മൂകാശ്മീരിൽ കുത്തഴിഞ്ഞുകൊണ്ടിരിക്കുന്നു.
എതിരായ പ്രതിക്ഷേധങ്ങളെ പോലീസും പട്ടാളവും ചേര്‍ന്ന് അടിച്ചൊതുക്കുന്നു. പാക്കിസ്ഥാന് ഭീകരര്‍ കടന്നുകയറുന്നുവെന്നു പറഞ്ഞു 4ജി വഴിയായുള്ള വാര്‍ത്താവിനിമയ സംവിധാനം പോലും തടഞ്ഞു വെച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്ന ഇക്കാലത്ത്, ഈ കാരണത്താല്‍ കുട്ടികൾക്ക് ഓൺലൈൻ പഠനം പോലും നടത്താനാവാത്ത അവസ്ഥ.
വ്യാപകമായ പൗരാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി മുന്‍ ജഡ്ജിമാരും മുന്‍ സൈനികോദ്യോഗസ്ഥരും ഉൾപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകർ സുദീര്‍ഘമായ ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനംപോലും നടക്കുന്നില്ല എന്നായിരുന്നു അവരുടെ പരാതി.
ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നും പൗരാവകാശവാദികള് ഉന്നയിച്ച പ്രതിക്ഷേധങ്ങള്‍ സഹിക്കാനാവാതെ നേതാക്കളില്‍ ചിലരെ വീട്ടു തടങ്കലില്‍ നിന്നു മോചിപ്പിച്ചുവെന്നത് നേര്. ഇക്കഴിഞ്ഞ ദിവസമാണ് മാപ്പെഴുതി വാങ്ങി 504 പേരെ മോചിപ്പിച്ചത്. ഷേറെകശ്മീര് എന്നു വിശേഷിപ്പിക്കപ്പെട്ട ശൈഖ് അബ്ദുള്ളയുടെ പുത്രനും നാഷണല്‍ കോണ്‍ഫറന്‍സ് ചെയര്‍മാനുമായ ഡോ.ഫാറൂഖ് അബ്ദുള്ളക്ക് എം.പി.എന്ന നിലയില്‍ പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കാന്‍ ഉള്ള അവസരം കൂടി നിഷേധിച്ചുകൊണ്ടായിരുന്നു വീട്ടുതടങ്കല്‍. അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുള്ളയെ പിന്നെയും ആഴ്ചകള്‍ കഴിഞ്ഞാണ് മോചിപ്പിച്ചത്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്ന സച്ചിന് പൈലറ്റിനെ പാട്ടിലാക്കാനാണ് സച്ചിന്റെ ഭാര്യാസഹോദരനായ ഉമര്‍ അബ്ദുള്ളയെ വിട്ടയച്ചതെന്ന ആരോപണവും ഇതോടൊപ്പം വന്നിരുന്നു.
പീപ്പിള്‍സ് കോണ്‍ഫറന്‍സ് പ്രസിഡണ്ട് സജ്ജാദ് ലാണെയെ ഒരു വര്‍ഷം തികയുന്നതിനു അഞ്ചുനാള്‍ മുമ്പ് മാത്രമാണ് വിട്ടയച്ചത്. അപ്പോഴും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രഫ. സൈഫുദ്ദീന് സോസിന്റെ വീട്ടുതടങ്കല്‍ തുടരുകയാണ് ചെയ്തത്. അദ്ദേഹം സ്വതന്ത്രനാണ് എന്നു ജമ്മുകശ്മീര്‍ അധികൃതര്‍ പറഞ്ഞെങ്കിലും വര്‍ഷങ്ങളായി പാര്‍ലമെന്റിൽ അംഗമായ ആ 83 കാരന് ഒരു മതിലില്‍ കയറി, പത്രക്കാരോടു പരാതി പറയുന്ന പടം തന്നെ പുറത്തുവരികയുണ്ടായി. സ്വന്തം പുത്രിയോട് സംസാരിക്കാന്‍പോലും തന്നെ അനുവദിച്ചില്ല എന്നാണദ്ദേഹം പറഞ്ഞത്.
നാഷണല്‍ കോണ്‍ഫറന്‍സിനെ തുരത്തി ബി.ജെ.പി. പിന്തുണയോടെ സംസ്ഥാനം ഭരിച്ച പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി നേതാവ് ബീഗം മെഹബൂബ മുഫ്ത്തിയുടെ വീട്ടുതടങ്കല്‍ മൂന്നുമാസത്തേക്ക് നീട്ടാനും അധികൃതര്‍ മടിച്ചില്ല. ഭരണഘടനാഭേദഗതി അംഗീകരിച്ചതിനെതിരെ ശബ്ദിക്കില്ല എന്ന നിബന്ധന പാലിച്ചാല്‍ മാത്രം പൊതുരക്ഷാനിയമ പ്രകാരമുള്ള അടവില്‍ നിന്നു വിടാമെന്നാണ് ഭരണകൂടം പറഞ്ഞത്. അവര്‍ മുട്ടുമടക്കാന്‍ തയ്യാറായില്ല.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ പതിനാറും. പി.ഡി.പി.യുടെ ഏഴും നേതാക്കള്‍ ഇപ്പോഴും വീട്ടുതടങ്കലില്‍ കഴിയുകയാണെന്നു ഹിന്ദുപത്രം കഴിഞ്ഞ ദിവസം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ജെ.ആന്‍ഡ് കെ. പീപ്പിള്‍സ് മൂവ്മെന്റ് തലവനായ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഷാ ഫസലും, അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവ് എഞ്ചിനിയര്‍ റഷീദും, സി.പി.എം. നേതാവ് മുഹമ്മദ് യൂസൂഫ് താരിഗാമിയും ഇവരില്‍ പെടുന്നു.
ഭരണഘടനാഭേദഗതികളിലൂടെ പ്രത്യേകാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോഴും കശ്മീരിലേക്ക് വികസനം മലനിരകള്‍ കടന്നു വരുമെന്നായിരുന്നു പാര്‍ലമെന്റിൽ നടത്തിയിരുന്ന പ്രഖ്യാപനം. എന്നാല്‍ ഇന്നും സ്വകാര്യ സംരഭകര്‍ കശ്മീരിനെ തിരിഞ്ഞു നോക്കുന്നില്ല. ആറായിരം ഏക്കര്‍ ഭൂമി തങ്ങള്‍ വ്യവസായ വികസനത്തിനായി മാറ്റി വെച്ചിരിക്കുന്നുവെന്നു അധികൃതരുടെ അറിയിപ്പുവന്നശേഷവും ഉള്ള ദയനീയ സ്ഥിതി ആണിത്.
ടൂറിസം അടക്കമുള്ള വാണിജ്യ വ്യവസായ മേഖല, 40,000 കോടി രൂപയുടെ നഷ്ടത്തില്‍ കൂപ്പുകുത്തിയിരിക്കുകയാണെന്നു ചേംബര്‍ ഒഫ് കോമേഴ്സ് പ്രസിഡണ്ട് ശൈഖ് ആശിഖ് അഹമദും പറയുന്നു. ആട്ടിയോടിക്കപ്പെട്ടവരെന്നു വിശേഷിപ്പിക്കപ്പെട്ട പണ്ഡിറ്റുമാരുടെ തിരിച്ചുവരവ് പോലും കാണാനില്ലെന്നു ഏഴുമാസങ്ങള്‍ക്കു ശേഷം വിട്ടയക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയും തുറന്നടിച്ചിരിക്കുന്നു.
സര്‍ക്കാര്‍ ജോലികള്‍ക്ക് കശ്മീരികളെ തെരഞ്ഞെടുക്കാന്‍ ഭരണകൂടം മടികാണിക്കുന്നു. ഒരു കൊല്ലമായിട്ടും പതിനായിരം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണത്രെ. രണ്ടു വര്‍ഷം മുമ്പ് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജയിച്ചു കയറിയ, സര്‍പഞ്ചുമാർ ഇനിയും അധികാരമേറ്റെടുത്തിട്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പുതുതായി വന്നിട്ടില്ല. ആശുപത്രി സൗകര്യങ്ങളുടെ കാര്യത്തിലും ചിത്രം മറിച്ചല്ല. കാല്‍ലക്ഷത്തോളം പേര് കോവിഡ് രോഗബാധിതരാവുകയും നാനൂറിലേറെപ്പേര്‍ മരിക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളില്‍ നിന്നു വിളിച്ചു വരുത്തിയ ഏതാനും എം.പി.മാരുടെ സര്‍ട്ടിഫിക്കറ്റ് കേന്ദ്രസര്ക്കാറിനുകിട്ടിയിരുന്നു എന്നാല്‍ ജര്‍മനി, ഇറ്റലി, ഫ്രാന്‍സ് എന്നിവടങ്ങളില്‍ നിന്നു വന്ന ഇവര്‍ നേരത്തെതന്നെ കുടിയേറ്റ വിരുദ്ധരും മുസ്ലീംവിരുദ്ധരുമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുകയുണ്ടായി. മാത്രമല്ല ബ്രിട്ടീഷ് പാര്‍ലമെന്റംഗങ്ങളായ ക്രിസ് ഡേവിസും തെരീസ ഗ്രിസിനും പറഞ്ഞത്, തങ്ങളെ പ്രതിനിധിസംഘത്തില്‍ ചേര്‍ത്തില്ല എന്നതാണ്, വന്നു കണ്ട് റിപ്പോര്‍ട്ട് നല്കിയ സംഘമാകട്ടെ, വിദേശ കാര്യമന്ത്രിയുടെ സല്‍ക്കാരത്തിൽ പങ്കെടുത്താണ് തിരിച്ചുപോയതെന്നു ഓർക്കുമ്പോൾ അജണ്ട സുവ്യക്തവുമാണ്.
ചൈനയും പാക്കിസ്ഥാനും ഇന്ത്യയുടെ കശ്മീര്‍ നയത്തെ അപലപിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ അവിടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതായി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അവകാശ സമിതിയും യു.എന്‍.ഏജന്‍സിയും യൂറോപ്യന്‍ യൂണിയനും വരെ കുറ്റപ്പെടുത്തുമ്പോൾ ലോകമനസാക്ഷിയുടെ ചിന്താഗതി എന്താണെന്നു നാം തിരിച്ചറിയേിയിരിക്കുന്നു.
പുതിയ ഭേദഗതികൾ പാസ്സായതോടെ അധികാരമേറ്റ ലെഫ്. ഗവർണർ ജി.സി. മൂര്‍മൂ എന്ന ഗുജറാത്തുകാരന്, അവിടെ നരേന്ദ്രമോദി മുഖ്യമന്ത്രി ആയിരിക്കെ, പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം വഹിച്ച മാന്യനാണ്. എന്നാല്‍ ഒരു സംസ്ഥാനം ഭരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവുകളും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അധികാര വികേന്ദ്രീകരണം പൂര്‍ത്തിയാക്കുന്നതോടെ ജമ്മു കശ്മീരില്‍ പൊതു തെരഞ്ഞെടുപ്പ് നടത്തുമെന്നു അദ്ദേഹം നടത്തിയ പ്രഖ്യാപനത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എന്നെ തള്ളിപ്പറയുകയുണ്ടായി. കാരണം വേറെയാണ് പറയുന്നതെങ്കിലും പ്രത്യേകാവകാശം റദ്ദാക്കിയതിന്റെ ഒരു വര്‍ഷം തികഞ്ഞപ്പോൾ തന്നെ മുര്‍മുവിന് ലെഫ്. ഗവര്‍ണർ സ്ഥാനം വിട്ടൊഴിയേണ്ടിയും വന്നു. പകരം വച്ചിരിക്കുന്നത്, കൂടുതല്‍ കര്‍ക്കശക്കാരനായ ഒരു രാഷ്ട്രീയ നേതാവിനെയാണ്. മോദിയുടെ ആദ്യ മന്ത്രിസഭയില്‍ റെയില്‍വെ മന്ത്രിയായിരുന്ന മനോജ് സിന്‍ഹയെ. ജമ്മുഭാഗത്ത് ഇപ്പോഴുള്ള 37 നിയമസഭ സീറ്റ് ആക്കി ഉയര്‍ത്തിക്കൊണ്ടുള്ളതാണ് തുടര്നടപടിയെങ്കിലും തൊഴില്‍രംഗം അന്യസംസ്ഥാനക്കാര്‍ക്ക് കൂടി തുറന്നുകൊടുത്തത് നാട്ടുകാരുടെ തൊഴില്‍ അവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന ബി.ജെ.പി. വൃത്തങ്ങള്‍പോലും ഭയപ്പെടുകയും ചെയ്യുന്നു.
ലേ ആസ്ഥാനമായുള്ള പുതിയ കേന്ദ്രഭരണ പ്രദേശമായി അടര്‍ത്തിയെടുത്ത ലദ്ദാഖിന്റെ കാര്യത്തിലും അവിടുത്തെ രണ്ടു ജില്ലകളിലും വാഗ്ദാനം ചെയ്ത വികസനമെത്തിക്കാന്‍ അധികൃതര്‍ക്കു സാധിച്ചില്ല. പ്രധാനമന്ത്രി തന്നെ ലദ്ദാക്കില്‍ തുടങ്ങുമെന്നു പ്രഖ്യാപിച്ച കേന്ദ്രസര്‍വകലാശാല ഒരു കൊല്ലമായിട്ടും തുടങ്ങിയിട്ടുമില്ല.
സമുദ്ര നിരപ്പില്‍ നിന്നു അടി 9800 ഉയരത്തില്‍ കിടക്കുന്ന തന്ത്രപ്രധാനമായ ഈ പ്രദേശത്ത് രണ്ടര ലക്ഷം രൂപ മാസശമ്പളത്തിന് 110 ഡോക്ടര്‍മാര്‍ക്ക് നിയമനോത്തരവ് നല്‍കിയിട്ട് 15 പേര് മാത്രമെ ചാര്ജ്ജെടുത്തുള്ളു എന്നായിരുന്നു, രാഴ്ച മുമ്പത്തെ റിപ്പോര്‍ട്ട്. വിദ്യാഭ്യാസം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം തുടങ്ങിയ പല മേഖലകളിലും മേധാവികൾ തന്നെ ഇല്ലത്രെ. കശ്മീരികള്‍ക്കു മാത്രമല്ല, അവരുടെ മാതൃഭാഷയായ ഉര്‍ദുവിനു എതിരായും അവഗണന എന്ന പരാതിപോലും അവിടെനിന്നുയരുകയാണ്.
ഈ ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളില്‍ ഒന്നായ കശ്മീരിനെ ഇങ്ങനെ കരയാന്‍ വിടുമ്പോഴാണ് ചെറുപ്പക്കാര്‍ അവിടെ അസ്വസ്ഥരാകുന്നതെന്നത് ഡല്‍ഹിയിലിരിക്കുന്നവര്‍ക്ക് മനസ്സിലാവാത്തത് നമ്മുടെ നിര്‍ഭാഗ്യം.









