വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ തോല്പിക്കാൻ അംഗീകൃത കക്ഷികള്‍പോലും അപരന്മാരെ ഇറക്കുന്ന നിലയിലേക്ക് നമ്മുടെ ജനാധിപത്യം വഴുതി വീണുപോയിക്കൊണ്ടിരിക്കുന്നു.
യേക്കെ
2004- ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് ആലപ്പുഴയില്‍ പരാജയപ്പെട്ടത്, നേരിയ വ്യത്യാസത്തിനായിരുന്നു. കെ.പി.സി.സി. പ്രസിഡണ്ടും നിയമസബാ സ്പീക്കറും ഒക്കെ ആയിരുന്ന സുധീരന്, സി.പി.എമ്മിലെ ഡോ. കെ.എസ്. മനോജിനോട് തോറ്റത് 1009 വോട്ടുകള്‍ക്ക്. ഇവിടെ വി.എം. സുധീരന് എന്ന പേരില്‍ തന്നെ രംഗത്തുണ്ടായിരുന്ന സ്വതന്ത്രസ്ഥാനാര്‍ഥി 8281 വോട്ടുകള്‍ പിടിച്ചെടുക്കുകയായിരുന്നു.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം.കെ. രാഘവന് ജയിച്ചതും ചെറിയ ഭൂരിപക്ഷത്തിന്. പ്രധാന എതിരാളി സി.പി. എമ്മിന്റെ യുവജനനേതാവ് പി.എ. മുഹമ്മദ് റിയാസ് ആയിരുന്നെങ്കില്‍ വേറെ മുന്നു മുഹമ്മദ് റിയാസുമാരും അങ്കത്തട്ടിലുണ്ടായിരുന്നു. അവരൊക്കെ ചേര്‍ന്നു നാലായിരം വോട്ട് അടിച്ചെടുത്തപ്പോള്‍ രാഘവന്റെ വിജയം 848 വോട്ടിന്.
അതേ ലോക്സഭാ ഇലക്ഷനില്‍ പാലക്കാട്ട് ഇടത് മുന്നണിയുടെ എം.ബി. രാജേഷ് 1820 വോട്ടിന്റെ ഭൂരിപക്ഷത്തിനു കരകയറിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സതീശന് പാച്ചേനിയോടൊപ്പം വിമതനായി ഇറങ്ങുന്ന ഇ.വി. സതീശന് 5478 വോട്ടുകളുടെ ഉടമയായി.
കണ്ണൂരില്‍ സിറ്റിങ്ങ് എം.പി.യായ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് അന്നു 6566 വോട്ടിനു തോറ്റപ്പോള്‍, മത്സരരംഗത്തുണ്ടായിരുന്ന മറ്റൊരു സുധാകരന് 3306 വോട്ടുകളും സുധാകരന് കൊല്ലോട്ട് എന്ന മൂന്നാമന് 3845 വോട്ടുകളും കീശയിലാക്കുകയുണ്ടായി.
തെരഞ്ഞടുപ്പുകളില്‍ അപരന്മാരുടെ രംഗപ്രവേശം പലപ്പോഴും അന്നം മുട്ടിക്കാറുണ്ടെന്ന് ജനാധിപത്യ വിശ്വാസികള്‍ കരുതാറുണ്ട്.
എന്നാല്‍ പണ്ടൊക്കെ ഒരേപേരുകാര്‍ രംഗത്ത് വരാറുണ്ടായിരുന്നെങ്കിലും അത് ഒരിക്കലും തന്നെ വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന അപരന്മാർ എന്ന നിലക്കായിരുന്നില്ല.
1956ലെ കോഴിക്കോട് മുന്‍സിപ്പൽ ഇലക്ഷനിൽ പരപ്പിൽ വാര്‍ഡിൽ മുസ്ലീംലീഗിലെ സി.എച്ച്. മുഹമ്മദ്കോയയെ നേരിട്ടത് കോണ്‍ഗ്രസിലെ എ. മുഹമ്മദ്കോയ ആയിരുന്നു.
കുറ്റിച്ചിറയില്‍ അന്നു ലീഗിലെ എം. ബാവൂട്ടിഹാജിയെ നേരിടാന്‍ എതിര്‍പക്ഷം ഫീല്‍ഡില്‍ ഇറക്കിയത് പൗരമുന്നണി ലേബലിൽ ഇ.വി. കോയട്ടി ഹാജിയെ ആയിരുന്നു.
പുതിയങ്ങാടിയില്‍ ഐ.എന്‍.ടി.യു.സി. നേതാവായ കെ. സാദിരിക്കോയ അങ്കത്തട്ടിലിറങ്ങിയപ്പോള്‍ ഇടത് മുന്നണി ആകട്ടെ കലാ പ്രവര്‍ത്തകനായ എന്‍. കാതിരിക്കോയയെ ഫീല്ഡിലിറക്കിയതും ചരിത്രം.
പലയിടങ്ങളിലും എന്ന പോലെ ഇത്തവണയും കോഴിക്കോടും അപരന്മാർക്ക് ഒട്ടും കുറവില്ല. മൊത്തം 75 നഗരസഭാ സീറ്റുകളില്‍ മത്സരിക്കുന്ന 350 സ്ഥാനാര്‍ഥികളില്‍ 44 വാര്‍ഡുകളിലെങ്കിലും ഒരേ പേരുകാരാണ്.
ഇടത് മുന്നണി മേയര്‍ പദവിയിലേക്ക് പരിഗണിക്കുന്ന മുന്‍ പ്രിന്‍സിപ്പൽ എസ്.ജയശ്രിയെ കോട്ടൂളിയില്‍ നേരിടുന്നത് യു.ഡി.എഫിലെ കെ. കാര്‍ത്യായനി ആണെങ്കിലും ഇവിടെ സ്വതന്ത്രയായി മറ്റൊരു കെ.കാര്‍ത്യായനിയും ഉണ്ട്.
വെസ്റ്റ്ഹില്ലില്‍ മൂന്നു മഹേശ്മാരും രണ്ടു സലീംമാരുമുണ്ട്.
പുതിയാപ്പയില് വി.കെ.മോഹന്‍ദാസിനു എതിരാളികളായി രണ്ടു മോഹന്‍ദാസുമാർ വേറെയും ഉണ്ട്. സംയുക്തറാണിയെ സംയുക്തദേവിയും നേരിടുന്നു.
കുതിരവട്ടത്ത് മൂന്നു അനില്‍കുമാര്‍മാര്‍ തമ്മില്‍ മത്സരം നടക്കുന്നു.
മലാപ്പറമ്പില്‍ രണ്ട് കെ.പി.മമ്മദ്കോയമാരും മൂന്നു രാജേഷുമുണ്ട്.
കാരപ്പറമ്പില്‍ രണ്ടു ഉദയകുമാര്‍ സ്വതന്ത്രരായി പരസ്പരം നേരിടുന്നു. സിവില്‍ സ്റ്റേഷനില്‍ രണ്ട് പ്രവീണ്മാരും അത്രതന്നെ സത്യ നാഥന്മാരും സമ്മതിദായകരെ സമീപിക്കുന്നു.
പുത്തൂരില്‍ വി.പി.മനോജും കെ.പി. മനോജും തമ്മില്‍ മത്സരം നടക്കുമ്പോള്‍ ചെലവൂരില്‍ രണ്ടു ജംഷീമാരും മൂന്ന് ഷിനോജുമാരും പൊരുതി നോക്കുന്നു.
മലപ്പുറത്ത് താനാളൂരില്‍ പതിനേഴാം വാര്‍ഡിൽ മത്സരിക്കുന്ന ഏഴു സ്ഥാനാര്‍ഥികളിൽ അഞ്ചുപേരും സൈതലവിമരാണ്.
പൂഞ്ഞാറിലെ പന്ത്രണ്ടാം വാര്‍ഡിൽ മൂന്നു മുന്നണികളുടെയും സ്ഥാനാര്ഥികളുയെയും പേര് നിഷ എന്നുമത്രെ.
ഏതായാലും ഒരു രസികന്‍ ചൂണ്ടിക്കാട്ടിയത്പോലെ ജനാധിപത്യത്തിനു ഏറ്റവും വലിയ സംഭാവന അര്‍പ്പിക്കുന്നവർ ഈ അപരന്മാരാണ്. കെട്ടിവെച്ച കാശ് സര്‍ക്കാർ ഖജനാവിലേക്ക് കൊടുത്ത് മടങ്ങുന്നതില്‍ ഏറെയും അവരാണല്ലോ.









