ദേശീയ പൗരത്വബില്ലിന്റെ പേരില്‍ മുസ്ലിംകളെ കടന്നാക്രമിക്കാൻ ശ്രമം തുടങ്ങിയ സംഘ്പരിവാര്‍ ഭരണം, സാവകാശം ഇതര സമുദായക്കാര്‍ക്കെതിരെയും പടയോട്ടത്തിനു ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു.
കെ. അബൂബക്കര്‍
ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകാരെ കൊല്ലാന്വന്നു. ഞാനൊന്നും പറഞ്ഞില്ല. ഞാന്‍ കമ്മ്യൂണിസ്റ്റല്ലായിരുന്നു.
പിന്നീടവര്‍ സോഷ്യലിസ്റ്റുകളെ തേടിവന്നു. ഞാന്‍ ഒന്നും ഗൌനിച്ചില്ല. ഞാന്‍ സോഷ്യലിസ്റ്റ് അല്ലായിരുന്നു.
പിന്നീടവര്‍ വന്നത് ജൂതന്മാരെ പിടികൂടാനായിരുന്നു. ഞാനൊന്നും മിണ്ടിയില്ല. ഞാനൊരു ജൂതന് അല്ലായിരുന്നു.
ഒടുവില്‍ അവര്‍ എന്നെ തിരഞ്ഞുവന്നു. ഭയചകിതനായി ഞാന്‍ ചൂറ്റും നോക്കി. എന്നാല്‍ അവിടെ എനിക്കു വേണ്ടി സംസാരിക്കന്‍ ആരും ഉണ്ടായിരുന്നില്ല.
നാസി ഭരണകാലത്ത് ജര്‍മൻ വിപ്ലവകാരിയായ മാര്ട്ടിൻ നിമോളർ അഡോള്‍ഫ് ഹിറ്റ്ലറുടെ കാലത്തെ കൂട്ടനരഹത്യയെ വിവരിക്കുന്നത് ഇങ്ങനെയാണ്.
മുക്കാല്‍ നൂറ്റാണ്ട് മുമ്പ് ലക്ഷക്കണക്കിനാളുടെ കൂട്ടക്കൊലക്ക് നേതൃത്വം നല്കിയ ആ സ്വേച്ഛാധിപതിയെ ഓര്‍മ്മിപ്പിക്കുന്നു, ഇരുപത്തി ഒന്നാം നുറ്റാണ്ടില്‍ ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര ദാമോദര്‍ ദാസ് മോദി.
അയല്‍നാടുകളിൽ നിന്നുള്ള സര്വമതസ്ഥരായ എല്ലാ അഭയാര്‍ഥികള്‍ക്കും ഇന്ത്യന്‍ പൌരത്വം നല്‍കാനും മുസ്ലിംകള്ക്ക് മാത്രം അത് നിഷേധിക്കാനും തീരുമാനിച്ച സംഘ്പരിവാര്‍ ഭരണം, നാളെ ഇതര മതസ്ഥര്‍ക്കെതിരെയും വാളെടുക്കില്ലെന്നു എന്താണുറപ്പ്.
ഇസ്ലാം മതവിശ്വാസികള്ക്കപ്പുറത്ത് മോദി ഭരണകൂടം സാവകാശം കൈവച്ചിരിക്കുന്നത് ക്രിസ്ത്യന്‍ സമുദായത്തിലേക്കാണ്. ഒന്നായിട്ടല്ല. അവരില്‍ ഏറ്റവും പിന്നോക്കം നില്ക്കുന്ന ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിന്മേലാണത്.
സൈനിക പവിദ്യാഭ്യാസ-കായിക-സാമൂഹിക മണ്ഡലങ്ങളില്‍ കനപ്പെട്ട സംഭാ വനകളര്‍പ്പിച്ച ഇവര്‍ക്ക്; രാജ്യഭരണത്തില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നുകണ്ട് ഭരണഘടനയില്‍ നിഷ്കര്‍ഷിച്ച സീറ്റ് സംവരണത്തിനെതിരെയാണ് ആദ്യത്തെ മഴുവീഴുന്നത്. ഭരണഘടനയുടെ 334(ബി) വകുപ്പില്‍ ഉറപ്പ് നല്കിയ എ.എല്‍.എ., എം.പി.സ്ഥാനങ്ങള്‍ എടുത്തുകളയാന്‍ കേന്ദ്രഗവര്മെന്റ് തീരുമാനിച്ചിരിക്കുന്നു.
ഈ നീക്കത്തിനെതിരെ പ്രസിഡന്റ് ബാര്‍ ഓബ്രിയന്റെ നേതൃത്വത്തില്‍ ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന് രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലും വിവിധ സംഘടനകൾ ചേര്‍ന്നു ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ രാജ്ഭവന് മാര്‍ച്ച് നടത്തുകയും തുടര്‍ പരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.
ലോക ജനസംഖ്യ 700 കോടിയില്‍ വന്നു നില്ക്കുമ്പോൾ അതില്‍ അഞ്ചിലൊന്നു ഇസ്ലാം മതവിശ്വാസികളാണ്. ഇന്ത്യയില്‍ അവരുടെ എണ്ണം ഇരുപത് കോടി വരുമെങ്കിലും, അത് ഇന്ത്യന്‍ ജനസംഖ്യയുടെ പതിനാല് ശതമാനം മാത്രമാണ്. 82 കോടി ജനങ്ങളുള്ള ഹിന്ദുമതവിശ്വാസികള്ക്കാണ് 135 കോടി വരുന്ന ജനസംഖ്യയിൽ മഹാഭൂരിപക്ഷം- 80 ശതമാനം. ക്രൈസ്തവര്‍ രണ്ടര ശതമാനമേയുള്ളൂ. സിക്കുകാര്‍ രണ്ടേകാല്‍ ശതമാനമുള്ളപ്പോള്‍ ഇന്ത്യയിൽ തന്നെ പിറന്ന മറ്റൊരുമതമായ ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരുടെ എണ്ണം ഒരു ശതമാനം പോലുമില്ല. ജൈനമതക്കാരാകട്ടെ അരശതമാനവും.
അതെന്തോ ആകട്ടെ, ഒരു മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണെന്നു അഭിമാനപൂര്‍വം പ്രഖ്യാപിച്ച് ലോകരാജ്യങ്ങളുടെയാകെ കൈയടിനേടിയ ഇന്ത്യ അതിന്റെ പുതിയ സാരഥികള്‍ക്ക് കീഴില്‍ ഫാസിസ്റ്റ് നടപടികള്‍ ഒന്നൊന്നായി നടത്താനുള്ള ശ്രമത്തിലാണ്. ഏറ്റവും പുതുതായി അയല്പക്ക രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ മത വിശ്വാസികളേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്ന നിയമനിര്‍മ്മാണം നടപ്പിലാക്കുമ്പോൾ, മുസ്ലിംകള്ക്ക് മാത്രം വിലക്ക് ഏര്‍പ്പെടുത്തുന്നു. സൈനിക സേവനം നടത്തി, വിരമുദ്രകള് നേടിയവര്‍ മുതല്‍ മുന്‍ രാഷ്ട്രപതി ഫക്റുദ്ദിന്‍ അലി അഹമദിന്റെ ബന്ധുക്കള്‍വരെ പരരത്വം തെളിയിക്കണമെന്ന നിലയില്‍ സംഗതികള്‍ വന്നെത്തി നില്ക്കുന്നു. ഇസ്ലാം മത വിശ്വാസികള്‍ എന്തു പിഴച്ചു? സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ 95,300 പേരുകള്‍ ഡല്‍ഹിയിലെ ഇന്ത്യാഗേറ്റില്‍ എഴുതിവെച്ചത് വായിച്ചു നോക്കിയപ്പോള്‍ അതില്‍ 61,945 എണ്ണവും മുസ്ലിം നാമധേയങ്ങളാണ് എന്നു ചൂണ്ടിക്കാട്ടിയത് പ്രസിദ്ധ സാഹിത്യകാരനായ ഖുഷ്വന്ത് സിങ്ങാണ്.
ഇതോടൊപ്പം തന്നെ ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യഘടകമായിമാറിയ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനെതിരായും, നാം തിരിഞ്ഞുകൊണ്ടിരിക്കുന്നു. അവര്‍ എണ്ണത്തില്‍ കുറവായതുകൊണ്ട് മാത്രമാണ് ഇങ്ങനെ വാളോങ്ങാനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നു പറയുന്നു. എട്ടുവര്‍ഷം മുമ്പ് ആരോ തയാറാക്കിയ കാനേഷുമാരി കണക്കില്‍ ഇന്ത്യയില്‍ ഒട്ടാകെ 296 ആംഗ്ളോ ഇന്ത്യക്കാര്‍ മാത്രമാണത്രെ, ഉള്ളത്. പിന്നോക്കക്കാരില്‍ പിന്നോക്കക്കാരായി നില്ക്കുന്ന ഈ സമുദായക്കാര്‍ക്ക് ലോക്സഭയിലും ഏതാനും സംസ്ഥാന നിയമസഭകളിലൂമായി ഭരണഘടന അനുവദിച്ച സംവരണം എടുത്തുകളയാനാണ് നീക്കം നടക്കുന്നത്.
ബ്രിട്ടനില്‍ നിന്നും പോര്‍ച്ചുഗലില്‍നിന്നും, ഹോളണ്ടില്‍ നിന്നുമൊക്കെ ഇന്ത്യയിൽ വന്ന്, ഇവിടുത്തുകാരെ വിവാഹം ചെയ്ത് അവരിലുണ്ടായ പിന്തലമുറക്കാരാണ് ആംഗ്ലോ ഇന്ത്യന്‍ സമുദായക്കാര്‍. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇവിടെ അവര്‍ 20 ലക്ഷം പേരുണ്ടായിരുന്നു. ആംഗ്ളിക്കൻ രീതിയിലുള്ള ഭാഷയും വസ്ത്രവും ആചാരങ്ങളും ഉപേക്ഷിച്ച് തനി ഇന്ത്യന്‍ മട്ടിലേക്ക് അവര്‍ നീങ്ങിത്തുടങ്ങിയിട്ട് കാലം കുറേയായി. നമ്മുടെ നിയമരംഗത്തും സാഹിത്യ രംഗത്തുമെല്ലാം വിലപ്പെട്ട സംഭാവനകൾ അര്പ്പിച്ചവരാണവര്. ആ സമുദായത്തിലെ ബഹുഭൂരിപക്ഷ അംഗങ്ങളും ഇന്നു ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്നവരത്രെ. ദിവസം രണ്ടുനേരം ഭക്ഷണം കഴിക്കാന്‍ തന്നെ പ്രയാസപ്പെടുന്നവർ, കിടന്നുറങ്ങാന്‍ സ്വന്തമായി ഒരു വീട്പോലും ഇല്ലാത്തവര്‍. അവശന്മാര്, ആർത്തന്മാർ, ആലംബഹീനന്മാർ.
വേഷങ്ങളില്‍ ആംഗ്ളിക്കൻ രീതി തുടര്‍ന്നുകൊണ്ടിരുന്നപ്പോഴും ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കഴിയാതെ കഷ്ടപ്പെട്ട കുടുംബങ്ങള്‍ തന്നെ ഏറെ ആയിരുന്നു. ബട്ലർ ഇംഗ്ലീഷ് എന്നു ഇതരര്‍ കളിയാക്കിയിരുന്ന പ്രത്യേക ഭാഷയുമായി ജീവിതം തള്ളിനീക്കിയവരാണവര്‍.
കോഴിക്കോട് പട്ടുതെരുവിലും മൂന്നാലിങ്കലുമൊക്കെയായി ഒതുങ്ങിനിന്നിരുന്ന ആംഗ്ലോ ഇന്ത്യക്കാരെപ്പറ്റി പ്രശസ്ത സാഹിത്യകാരനായ പി.എ. മുഹമ്മദ്കോയ തന്റെ “സുല്‍ത്താന്‍ വീട്” എന്ന നോവലില്‍ പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്. “ചട്ടക്കാര്‍” എന്നു പൊതുവെ നാട്ടുകാര്‍ വിളിക്കുന്ന ഇക്കൂട്ടര്‍. പ്രധാന ദിവസങ്ങളില്‍ ചട്ട ഉടുപ്പ് അണിയുന്നവരാണെങ്കിലും ആ ഷൂസുകള്‍ തേഞ്ഞിരിക്കും. മുന്‍ഭാഗം വായപിളര്ന്നിരിക്കും. ഷര്‍ട്ടിൽ നിന്നു കുടുക്കുകള്‍ ദ്രവിച്ചു വീണിരിക്കും. ട്രൗസറിന്റെവക്ക് പിഞ്ഞി ഉരശാന് താടിപോലെ ഞരച്ചു കിടക്കുന്നുണ്ടാകും. ഞായറാഴ്ചകളില്‍ കൃത്യമായി പ്രാര്‍ഥനക്കായി പോകുന്നവരാണ്. കോഴിക്കോട് കോടതി നിരത്തിലൂടെ നടന്നുപോകുന്ന മദ്ധ്യവയസ്കനായ ഒരു ആംഗ്ളോ ഇന്ത്യന്‍ സെന്‍ട്രൽ മാര്‍ക്കറ്റിനു മുമ്പിലെത്തിയ കഥ പി.എ. വിവരിക്കുന്നു. ചികിടന് ആവോലി വില്‍പ്പനയാണ്. വാങ്ങണമെന്നുണ്ട് പക്ഷെ കയ്യില്‍ പണമില്ല.
അപ്പോഴാണ്, എതിര്‍വശത്ത് നിന്ന് പഴയ പരിചയക്കാരനായ മുഹമ്മദ്കോയ വരുന്നു. ആംഗ്ളോ ഇന്ത്യന്‍: “ഹേയ് മാമഡ്, പ്ലീസ് ഗിവ് മീ എ ഫ്യൂ റൂപീസ് മേന്‍ നൈസ് ആഗോലി, മേന്‍”.
മമ്മത്കോയ തിരിച്ചുചോദിക്കുന്നു. “സായ്പേ, ഇപ്പോള്‍ എവിടെ പോകുന്നു''. ബട്ട്ലര്‍ ഇംഗ്ലീഷില്‍തന്നെ മറുപടി “ചര്‍ച്ച് ഗോയിങ്ങ്”.
ഈ പാവപ്പെട്ടവര്‍ക്ക് മഹത്തായ ഇന്ത്യന്‍ ഭരണഘടന അനുവദിച്ച സംവരണം പോലും കൊളോണിയന്‍ സമ്പ്രദായത്തിന്റെ പിന്തുടര്ച്ച ക്കാരാണെന്നു മുദ്രകുത്തി എടുത്തു കളയാനാണ് നീക്കം. ഇന്ത്യന്‍ ഭരണഘടന എഴുതി ഉണ്ടാക്കിയ ഡോ.ബാബാ അംബേദ്കര്‍ നേതൃത്വം നല്കിയ ഭരണഘടനാ നിര്‍മാണസഭയിൽ അംഗമായിരുന്ന ഫ്രാങ്ക് ആന്റണിയെപ്പോലുള്ള പ്രഗത്ഭ അഭിഭാഷകരെ സംഭാവനചെയ്ത സമുദായത്തിനെതിരെയാണ് ഈ പടനീക്കം.
അമേരിക്ക, ഓസ്ട്രേല്യ, ന്യൂസിലന്‍ഡ്, മലേഷ്യ, പാക്കിസ്ഥാന്, ബംഗ്ളാദേശ് തുടങ്ങി ലോകത്ത് വിവിധ രാജ്യങ്ങളില്‍ ആംഗ്ലോ ഇന്ത്യക്കാരുണ്ടെങ്കിലും പത്തു ലക്ഷത്തോളം പേര് ഇന്ത്യയിലാണ്. സ്വാതന്ത്ര്യം ലഭിക്കുന്നകാലത്ത് ഇന്ത്യയില്‍ അവര്‍ 20 ലക്ഷം പേരെങ്കിലുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കുള്ള സംവരണം പത്തു വര്‍ഷത്തേക്കു കൂടി നീട്ടാന്‍ നര്രേനദ്രമോദി മ്രത്രിസഭയോഗം ചേര്‍ന്നു തീരുമാനിക്കുമ്പോഴും, ആംഗ്ളോ ഇന്ത്യക്കാര്‍ക്കെതിരെ ഹാലിളക്കം.
ലോക്സഭയിലും നിയമസഭകളിലും അവരുടെ നാമമാത്രമായ നാമനിര്‍ദേശ രീതി അവസാനിപ്പിക്കാനാണ് നീക്കം. ഭരണഘടനയിലെ 334-ഠം വകുപ്പില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമം. പട്ടികജാതിയില്‍ നിന്നു 84 പേരും പട്ടികവര്‍ഗത്തിൽ നിന്നു 47 പേരും അംഗങ്ങളായ 543 അംഗ പാര്‍ലമെന്റി ൽ ആംഗ്ലോ ഇന്ത്യക്കാര്‍ രണ്ടു പേര് മാത്രമാണ് എന്നു ഓർക്കണം. ചലച്ചിത്രനടനായ ജോര്‍ജ് ബേക്കറും കേരളത്തില്‍ നിന്നുള്ള അഭിഭാഷകനായ പ്രഫസര്‍ റിച്ചാര്‍ഡ് ഹേയുമാണ് ഇപ്പോള്‍ ലോക്സഭയിലെ അംഗങ്ങള്‍.
ചരിത്രത്തിലേക്ക് തിരിഞ്ഞു നടക്കുമ്പോള്‍ 300 വര്‍ഷമെങ്കിലും പിന്നോട്ടേക്ക് നാം തിരിഞ്ഞു നോക്കണം. ബ്രിട്ടീഷ് സാമ്രാജ്യം 52 രാഷ്ട്രങ്ങള്‍ ഭരിച്ചകാലം. അതായത് ലോക രാജ്യങ്ങളില്‍ അഞ്ചില്‍ രണ്ടില്‍ ഗ്രേറ്റ് ബ്രിട്ടന്റെ ആധിപത്യം, എന്നാല്‍ ഇന്ത്യയില്‍ അറബികള്‍ക്ക് പിന്നാലെ പോര്‍ച്ചുഗീസുകാരും (1498ല്‍ കോഴിക്കോട് കാപ്പാട് വാസ്കോഡഗാമ കാല്കുത്തിയ നാള് മുതല്‍; പിന്നാലെ ഡച്ചുകാരും ഫ്രഞ്ചുകാരും വന്നു. അവര്‍ക്ക് ശേഷമായിരുന്നു, ബ്രിട്ടീഷുകാരുടെ ആഗമനം.
ഈസ്റ്റ് ഇന്ത്യാ കമ്പനി നാട് ഭരിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇവിടെ കുടിയേറിയ ക്രൈസ്തവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഒരു ഇന്ത്യക്കാരിയെ ഒരു യൂറോപ്യൻ വിവാഹം കഴിക്കുകയും അവര്‍ക്കൊരു കുഞ്ഞു ജനിക്കുകയും ചെയ്തതിന് പതിനഞ്ചു വെള്ളിനാണയങ്ങള്‍ സമ്മാനിക്കുന്നിടത്തോളം സംഗതികള്‍ ചെന്നെത്തിയിരുന്നു.
എന്നാല്‍ ഈ സമുദായത്തില്‍ പിറന്നവര്‍ നാട് കൊള്ളയടിക്കുകയായിരുന്നില്ല. റയില്‍വേയിലും കമ്പിതപാല്‍ വകുപ്പിലും പോലീസിലും കസ്റ്റംസിലും, വിദ്യാഭ്യാസ രംഗത്തും അവര്‍ സേവനമനുഷ്ടിച്ചു, തോട്ടങ്ങളില്‍ ഇറങ്ങി പണിയെടുക്കുകയും അവയുടെ നിയന്ത്രണങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. അധ്യാപകരെയും, അഭിഭാഷകരെയും മാത്രമല്ല, എഞ്ചിനീയര്‍മാരേയും ഡോക്ടർമാരെയും അവർ സൃഷ്ടിച്ചു. മാലാഖമാരെപ്പോലുള്ള നഴ്സുമാർ മുതല്‍ വൈദികർവരെ അവരില്‍നിന്നുണ്ടായി. ടൈപ്പ് റൈറ്റിങ്ങ് പഠിച്ച് ഇറങ്ങിയ പെൺകുട്ടികൾ എണ്ണം പറഞ്ഞ സ്റ്റെനോഗ്രാഫര്‍മാരും കമ്പനി സെക്രട്ടറിമാരും ഒക്കെ ആയി.
സമ്പന്നരായ ആംഗ്ളോ ഇന്ത്യക്കാര്‍ ബട്ലര് എന്ന പേരില്‍ സ്വന്തമായ അരിവെയ്പ്പുകാരെ മാത്രമല്ല, ഉദ്യാനപാലകരെയും, അലക്കുകാരെയും നാട്ടുകാരില്‍ നിന്നു കണ്ടെത്തി അവര്‍ക്കൊക്കെ ജോലിയും നല്കി.
പില്ക്കാലങ്ങളിൽ മെച്ചപ്പെട്ട മേച്ചില്സ്ഥലങ്ങള്തേടി ആംഗ്ളോ ഇന്ത്യക്കാര്‍ ഓസ്ട്രേല്യയിലേക്കും ന്യൂസിലന്‍ഡിലേക്കും കാനഡയിലേക്കും ഒക്കെ കുടിയേറിയെങ്കിലും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും അവര്‍ കനത്ത സംഭാവനകള്‍ അര്‍പ്പിച്ചിരുന്നു. ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് വിക്ടോറിയാ ക്രോസ് നേടിയവര്‍വരെ ഇതില്‍പ്പെടുന്നു.
ബെന്‍ കിംഗ്സ്ലിയെപ്പോലുള്ള നടന്മാരും, റഡ്യാര്‍ഡ് കിപ്ലിങ്ങിനെപ്പോലുള്ള എഴുത്തുകാരും ക്ളിഫ് റിച്ചാര്‍ഡിനെപ്പോലുള്ള പാട്ടുകാരും ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ്. നമ്മുടെതന്നെ വില്‍സണ്‍ ജോണ്‍സ്, പുനക്കാരനായി ചെന്ന് ലോകബില്യാര്ഡ്സ് ചാംപ്യന്‍ഷിപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്നു. നാലൂതവണ ഒളിംപിക്സ് കളിച്ച ഹോക്കിതാരം ലെസ്ലി ക്ലോഡിയസ് റോം ഒളിംപ്യാഡില്‍ ഇന്ത്യയുടെ നായകനായി. സ്റ്റെഫി ഡിസൂസയെപ്പോലുള്ള അത്ലിറ്റുകള്, റോജർ ബിന്നിയെപ്പോലുള്ള ടെസ്റ്റ് ക്രിക്കറ്റ് താരങ്ങള്‍ എന്നിവരെയൊന്നും ഇന്ത്യക്ക് മറക്കാന്‍ സാധിക്കില്ല.
ഇംഗ്ലീഷ് സാഹിത്യത്തില്‍ വിലപ്പെട്ട സംഭാവനകളര്‍പ്പിച്ച ഡോം മൊറെയസിനെയും പിതാവായ പ്രശസ്ത ജേര്‍ണലിസ്റ്റ് ഫ്രാങ്ക് മൊറേയസിനെയും പോലുള്ള എഴുത്തുകാർ ഇന്ത്യക്ക് ഇന്നും അഭിമാനമാണ്.
എയര്‍വൈസ് മാര്‍ഷൽ മോറിസ് ബാര്‍ക്കർ തുടങ്ങിയ സേനാധിപന്മാരെ സംഭാവന ചെയ്ത സമുദായമാണിത്. പാക്കിസ്ഥാനെതിരായ യുദ്ധത്തില്‍ പങ്കെടുത്ത് പരമവിശിഷ്യ സേവാ മെഡല്‍ നേടിയ എയര്‍മാര്‍ഷൽ ഡെൻസിൽ കീലറും സഹോദരന് വിങ്ങ് കമാന്‍ഡർ ട്രെവര്കീലറും ഈ സമുദായ ത്തിന്റെ സംഭാവനകളാണ്. റേഡിയോ പ്രക്ഷേപണരംഗത്ത് കുലപതിയായി വാണമെല്വിൽ ഡിമെല്ലോ, മുപ്പത് വര്‍ഷത്തോളം ബി.ബി.സി.യുടെ ഇന്ത്യന്‍ പ്രതിനിധിയായി വെട്ടിത്തിളങ്ങിയ മാര്‍ക്ക് ടൂളി തുടങ്ങിയവരും ആംഗ്ളോ ഇന്ത്യക്കാരായ ലോക പ്രശസ്തരത്രെ.
ഇന്ത്യക്ക് ഒളിംപിക്സില്‍ ആദ്യമായി ഒരു മെഡല്‍ നേടിത്തന്നത് 1900-ലെ പാരിസ് ഗെയിംസില്‍ ഹര്‍ഡില്‍സിൽ രണ്ടാം സ്ഥാനം നേടിയ കൊല്ക്കട്ടക്കാരനായ നോര്‍മൻ പ്രിച്ച്യാര്ഡായിരുന്നു. 58 വര്‍ഷം മുമ്പ് ആദ്യമായി അര്‍ജുന അവാര്‍ഡ് നേടിയവരിൽ ഒരാള്‍ വനിതാ ഹോക്കിതാരമായ ആന്‍ ലൂംസ്ഡണ് ആയിരുന്നു.
ഇന്ത്യാ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരക്കുള്ള ട്രോഫിവരെ നാമകരണം ചെയ്യപ്പെട്ട ആന്റണി ഡിമെല്ലോ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിൻറെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്നു.
1928 ല്‍ ആംസ്റ്റര്‍ഡാമിൽ ഇന്ത്യ ആദ്യത്തെ ഹോക്കിസ്വര്ണം നേടുമ്പോള്‍ പകുതിയിലേറെ കളിക്കാന്‍ ആംഗ്ളോ ഇന്ത്യക്കാരായിരുന്നു. 1960ലെ റോം ഒളിംപിക്സിലാകട്ടെ ഇന്ത്യയെ മെഡലിലേക്ക് ക്ളോഡിയസ് നയിച്ചപ്പോള്‍ മറുപുറത്ത് ഓസ്ട്രേല്യയുടെ ക്യാപ്റ്റന്‍ കെവിന് കാര്‍ട്ടൺ എന്ന മറ്റൊരു ആംഗ്ളോ ഇന്ത്യക്കാരനായിരുന്നു. ഒളിംപിക് ഫുട്ബോളിൽ ഹാട്രിക്ക് നേടാന്‍ കഴിഞ്ഞ ഒരേ ഒരു ഇന്ത്യക്കാരൻ എന്ന ബഹുമാതി 1956ല്‍ മെല്‍ബണിൽ സെമിഫൈനല്‍വരെ എത്തിയ ഇന്ത്യന്‍ ഫുട്ബോൾ ടീമില്‍ അംഗമായിരുന്ന നെവില്‍ ഡിസൂസക്കുള്ളതത്രെ.
കേരളത്തിലും ആംഗ്ളോ ഇന്ത്യന്‍ സമുദായക്കാരുടെ സംഭാവനകള്‍ ചെറുതല്ല ഓക്സ്ഫഡ് ശൈലിയില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന പ്രഫ: സി.എ. ഷെപ്പാര്ഡി നെപ്പോലെയും ഓണററി മജിസ്ട്രേറ്റുമാർക്കു നേതൃത്വം നല്കി പ്രവര്‍ത്തിച്ച ഹാരി റോസാരിയോയേയും പോലുള്ള അധ്യാപകരെയും കോഴിക്കോട് പട്ടണം ഓര്‍ക്കുന്നുണ്ടാകും. വിന്‍സെന്റ് ഡി ബെയ്ലിസ് തുടങ്ങി, റോഡ്റിക്സ് വരെയുള്ള ഡോക്ടര്‍മാരെയും എങ്ങനെ ഓര്‍ക്കാതിരിക്കും. പൊതുരംഗത്ത് തിരുവനന്തപുരത്ത് നിറഞ്ഞുനിന്ന എസ്.പി.ലൂയിസ് മറ്റൊരു പ്രഗത്ഭനത്രെ.
കായികരംഗത്ത് എറാള്‍ ഡിക്ലാസിനെപ്പോലുള്ള ഫുട്ബോൾ കളിക്കാരും ജാനിസ് സ്പിങ്കിനെപോലുള്ള അത്ലിറ്റുകളും നോറീന് പാദ്വയെ പോലുള്ള ബാഡ്മിന്റണ്‍ താരങ്ങളും കേരളത്തിന്റെ യശസ് ഉയര്ത്തിപ്പിടിച്ചവരത്രെ.
1957ല്‍ വില്യം ഡിക്രൂസില്‍ തുടങ്ങി ഇപ്പോള്‍ സൈമണ്‍ ബ്രിട്ടോയില്‍ വന്നു നില്ക്കുന്ന കേരള മന്ത്രിസഭയിലെ എം.എല്‍.എ. നോമിനേഷന്, ഇതോടെ അവസാനിക്കുമോ? കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ തുടങ്ങിയ ഈ നോമിനേഷന് കേരള സംസ്ഥാനമായതോടെ സ്റ്റീഫന്‍ പാദ്വയെപ്പോലെ ഒരാള്‍ നാലുതവണ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതു കണ്ട സംസ്ഥാനമാണിത്.
ആംഗ്ലോ ഇന്ത്യന്‍ സമുദായം അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ നാളുകളിലൂടെ കടന്നുപോകുമ്പോള്‍ നിയമസഭകളിലും ലോക്സഭയിലും അവരുടെ കാര്യം പറയാന്‍ അവസരം ലഭിക്കുന്ന നോമിനേഷന് രീതി കളഞ്ഞാല്‍ എന്താണ് സംഭവിക്കുക എന്നാണ് ആംഗ്ലോ ഇന്ത്യൻ സമുദായം ആശങ്കപ്പെടുന്നത്.
ഭരണഘടനാ നിർമ്മാണ സഭയിലെന്നപോലെ ആദ്യ ലോക്സഭയിലടക്കം പല തവണ പാർലമെന്റ് അംഗമായിരുന്ന ഫ്രാങ്ക് ആന്റണിയെപ്പോലുള്ള ഒരു നേതാവിന്റെ അഭാവം ആംഗ്ലോ ഇന്ത്യൻ സമുദായം വേദനയോടെ ഓർക്കുന്നുണ്ടാകും









