സര്‍ക്കാര്‍ നല്കുന്ന ദേശീയ പുരസ്കാരങ്ങള്‍ വലിയ ബഹുമതി ആയാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ചിലര്‍ അത് പ്രതിഷേധത്തിനുള്ള വകയായും കാണുന്നു.
കരിയാടന്‍
73 മത് റിപ്പബ്ലിക് ദിനം എന്നത് പോലെ അതോടനുബന്ധിച്ച സമാപന ചടങ്ങുകള്‍ക്കും സമാപ്തി ആയി. അതേസമയം 1954ല്‍ ആരംഭിച്ച പത്മ അവാര്‍ഡ്ദാനങ്ങൾ ഇനുയും മുഴുമിക്കാനിരിക്കുന്നേയുള്ളൂ.
ഭാരതരത്നം മുതല്‍ പത്മശ്രീവരെയാണ് ആരും പേരിനൊപ്പം ചേര്‍ക്കരുതെന്ന നിബന്ധനയോടെ 68 വര്‍ഷങ്ങളായി നല്കി വരുന്നത്. പരമോന്നത പുരസ്കാരമായ ഭാരതരത്ന ഇത്തവണ ആര്‍ക്കും നല്കപ്പെട്ടിട്ടില്ല. ഇതേവരെ 45 പേര് അതിനു അവകാശികൾ ആവുകയുണ്ടായെങ്കിലും.
പത്മവിഭൂഷന്, പത്മഭൂഷൻ, പത്മശ്രീ എന്നീ പുരസ്കാരങ്ങൾ മാത്രമല്ല, ഭാരതരത്ന അവാര്‍ഡും നിരസിച്ച ഒരാളെ ചരിത്രത്തിൽ കാണാം. അത് കേന്ദ്രത്തില്‍ ആദ്യവിദ്യാഭ്യാസ മന്ത്രി ആയ മൗലാനാ അബ്ബദുള്കലാം ആസാദാണ്. 35 മത്തെ വയസിൽ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡന്റായിരുന്നു, ആസാദ്. അവാര്‍ഡ് നിര്‍ണയിക്കുന്നവര്‍ക്ക് തന്നെ അവാര്‍ഡ് നല്കുന്നതിൽ പ്രതിഷേധിച്ചാണ് ഈ പുരസ്കാരം അദ്ദേഹം വേണ്ടെന്നു വെച്ചത്. എന്നാല്‍ മരണാനന്തരം രാഷ്ട്രം ആ ഭാരതരത്നം അദ്ദേഹത്തിനു നല്കുകയുമുണ്ടായി.
ഇന്ത്യയുമായും ഇന്ത്യാക്കാരുമായും ബന്ധപ്പെട്ട പ്രഗത്ഭമതികളെയാണ് ഭാരത് രത്ന അവാര്‍ഡുകള്‍ക്ക് പരിഗണിക്കാറ്. നമ്മുടെ മുന്‍ രാഷ്ട്രപതിമാരും മുന്‍ പ്രധാനമന്ത്രിമാരും അതിലുള്‍പ്പെടുന്നു.
എന്നാല്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്ക് ആ ബഹുമതി നല്‍കിയിരുന്നില്ല. മരണാനന്തരമായി അത് നല്‍കാനുള്ള വ്യവസ്ഥ പിന്നീടാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നതാണ് കാരണം. അല്ലെങ്കിലും അങ്ങനെയൊരു ബഹുമതിക്ക് മഹാത്മജി വഴങ്ങിക്കൊടുക്കുമായിരുന്നോ എന്ന കാര്യം വേറെ.
1945ല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ നേതാജി എന്ന സുഭാഷ്ചന്ദ്രബോസിനു 1992ല്‍ ഭാരതരത്നം പ്രഖ്യാപിച്ചിരുന്നു. ഇത്രയേറെ വൈകി ഒരു ബഹുമതി ആവശ്യമില്ല എന്നു ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു.
അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ട ഖാന് അബ്ദുള്‍ ഗഫാര്‍ ഖാനും (അഫ്ഗാനിസ്ഥാന് 1987) ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായ നെല്‍സൺ മണ്ടേലയും (1990) ഭാരത രത്ന ലഭിച്ച വിദേശികളാണ്. ആതുര ശുശ്രൂഷാരംഗത്ത് മുന്‍നിരയിലുണ്ടായിരുന്ന മദര്‍ തെരേസ, യുഗോസ്ലാവ്യയിലെ അല്ബേനിയായിലാണ് ജനിച്ചതെങ്കിലും നോബൽ സമ്മാനം നേടിയ ഇവര്‍ 1980 ല്‍ ഭാരതരത്നം നേടുമ്പോള്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു കഴിഞ്ഞിരുന്നു. 1960ലും 1961ലും പ്രഖ്യാപിച്ച പത്മശ്രീ, കൊല്‍ക്കട്ടാ ബിഷപ്പിന്റെ നിര്‍ബന്ധത്തിനു വഴങ്ങി സ്വീകരിച്ച ആള് ആയിരുന്നു അവര്‍.
പുരസ്കാരം പ്രഖ്യാപിക്കപ്പെട്ട ഉടനെതന്നെ ചിലര്‍ അത് സ്വയം നിഷേധിച്ചതായും വാര്‍ത്ത വരികയുണ്ടായി. ഇത്തവണ പത്മഭൂഷന്‍ തിരസ്കരിച്ച പ്രമുഖരില്‍ ബംഗാളിലെ മുന്‍ മാര്‍ക്സിസ്റ്റ് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും പെടുന്നു. മറ്റു രണ്ടുപേര്‍ പ്രസിദ്ധ സംഗീതജ്ഞരായ സന്ധ്യാ മുഖര്‍ജിയും ആദിത്യാ ചാറ്റര്‍ജിയും, പലര്‍ക്കും അതിനു പല കാരണങ്ങള്‍.
ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ബഹുമതികള്‍ സ്വീകരിക്കേണ്ടതില്ല എന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നയപരമായ തീരുമാനമാണെന്നു തോന്നുന്നു. 1992ല്‍ കേരള മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിനു പത്മശ്രീ പ്രഖ്യാപിക്കപ്പെട്ടപ്പോൾ, സര്‍ക്കാറിനുവേണ്ടി ജോലി ചെയ്യലല്ല, ജനങ്ങള്‍ക്കുവേണ്ടി സേവന മര്പ്പിക്കലാണ് ജനപ്രതിനിധികളുടെ ജോലി എന്നു സി.പി.എം. പ്രസ്താവന ഇറക്കുകയും ചെയ്തു. ബഹുമതിക്കു വേണ്ടിയുള്ളതല്ല തന്റെ പൊതുപ്രവര്‍ത്തനം എന്നു മാര്‍ക്സിസ്റ്റ് ആചാര്യനായ ഇ.എം.എസ്. തന്നെ വെട്ടിത്തുറന്നുപറയുകയും ചെയ്തു.
തോന്നിയവര്‍ക്കൊക്കെ അവാര്‍ഡു നല്കുന്നു എന്നു പരാതിപ്പെട്ടാണ്, സി.പി.ഐ. നേതാവും സ്വാതന്ത്ര്യ സമരനേതാവുമായ സത്യപാല്‍ ഡാംഗ് 2005ല്‍ അവാര്‍ഡ് നിരസിച്ചത്.
ഇന്ത്യയും റഷ്യയും തമ്മില്‍ പ്രശസ്തമായ സിംലകരാര്‍ ഉണ്ടാക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച രാജ്യതന്ത്രജ്ഞനായ പി.എന്‍. ഹക്സര്‍ അക്കാരൃത്തിനു ഒരു അവാര്‍ഡും വേണ്ട എന്നറിയിച്ചു കൊണ്ട് 1973ലെ അവാര്‍ഡ് നിരസിച്ചു.
2000ല്‍ സ്വാമി രംഗനാഥാനന്ദ അവാര്‍ഡ് വേണ്ട എന്നു പറഞ്ഞത് രാമകൃഷ്ണ മിഷനു അല്ലാതെ തനിക്കു വ്യക്തിപരമായ ഒരു ബഹുമതി വേണ്ട എന്നു പറഞ്ഞായിരുന്നു.
കാരണമൊന്നും പറയാതെ തന്നെ 2007ല്‍ പത്മ അവാര്‍ഡ് നിരസിച്ച ആളായിരുന്നു പ്രശസ്ത മലയാളം സാഹിത്യകാരനും പ്രഭാഷകനുമായ ഡോ. സുകുമാര്‍ അഴീക്കോട്.
പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന പ്രകാശ്സിങ്ങ് ബാദല്‍, തനിക്കു 2016ല്‍ ലഭിച്ച പത്മവിഭൂഷണ്‍ കഴിഞ്ഞ വര്‍ഷം കര്‍ഷക സമരത്തിന്റെ പേരില്‍ തിരിച്ചേല്പിച്ചു. ശിരോമണി അകാലിദള്‍ നേതാവ് സുഖ്ദേവ്സിങ്ങ് ദിന്സേ പത്മശ്രീയും തിരിച്ചു നല്കി.
മാധ്യമ പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് പത്മാ അവാര്‍ഡ് പ്രഖ്യാപനമെന്നു പറഞ്ഞാണ് പ്രശസ്ത പ്രത്രപ്രവര്ത്തകനായ നിഖിൽ ചക്രവർത്തി 1990 ല്‍ അവാര്‍ഡ് നിരസിച്ചത്. പ്രവര്‍ത്തിക്കുന്ന മേഖലയിൽ നിന്നല്ലാതെ ഒരു അവാർഡും താന്‍ സ്വീകരിക്കില്ലെന്നു 1992 ലെന്ന പോലെ 2005 ലും പ്രശസ്ത ചരിത്രഗവേഷകയായ റോമിളാ ഥാപര്‍ പറഞ്ഞു.
ആര്.എസ്.എസ്. സ്ഥാപക നേതാക്കളായ കെ.ബി.ഹെഡ് ഗാവര്ക്കും എം.എസ്. ഗോള്‍വാള്‍ക്കര്‍ക്കും ഭാരതരത്നം നല്‍കുന്നത് വരെ കാത്തിരുന്നു, ആര്.എസ്.എസ്. തൊഴിലാളി നേതാവായ ദത്തോപാന്ത് തേങ്കഡി.
ദേശീയ അടിയന്തിരാവസ്ഥയില്‍ (പതിഷേധിച്ച് കന്നഡ നോവലിസ്റ്റ് ശിവറാം കാരന്ത് 1968ലെ അവാര്‍ഡ് തിരിച്ചു നല്കി.
കാരണമൊന്നും പറയാതെ അവാര്‍ഡ് സ്വയം നിഷേധിച്ചവരില്‍ സംഗീത സംവിധായകന് ഹേമന്ത് മുക്കര്‍ജി (1988) സാഹിത്യ കാരനായ ചന്ദ്രപ്രസാദ് സയ്ക്കിയ(2003) എന്നിവർ ഉള്‍പ്പെടുന്നു. ജ്ഞാനപീഠം കിട്ടിക്കഴിഞ്ഞശേഷം എന്ത് പത്മശ്രീ എന്നു പറഞ്ഞാണ് ആസ്സാമില്‍ നിന്നുള്ള കവയിത്രി മാമണി ഗോസ്വാമി 2002ല്‍ അവാര്‍ഡ് നിരസിച്ചത്.
അഞ്ചര പതിറ്റാണ്ട് സംഗീതലോകത്ത് നിറഞ്ഞുനിന്ന തനിക്ക് 2013ല്‍ എന്തിനൊരു പത്മശ്രീ എന്നു ചോദിച്ചത് നാം അറിയുന്ന പ്രശസ്ത ഗായിക എസ്. ജാനകി ആയിരുന്നു.
ഓദ്യോഗിക ഭാഷയായി ഇംഗ്ലീഷ് തന്നെ തുടരാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹിന്ദി സാഹിത്യകാരനും പാര്‍ലമെന്റംഗവും ആയ സേത്ത് ഗോവിന്ദദാസ് 1961ല്‍ അവാര്‍ഡ് നിരസിച്ചു. 1965ല്‍ പുരസ്കാരം തിരസ്ക്കരിച്ച ഹിന്ദി നോവലിസ്റ്റ് വൃന്ദാവന്‍ ലാല്വര്ക്കും പറയാന്‍ ഇതുതന്നെ കാരണം.
ജൂനിയര്മാരൊക്കെ പത്മഭുഷണുമായി നടക്കുന്ന കാലത്ത് എന്തിനെനിക്കു ഒരു പത്മശ്രീ എന്നു ചോദിച്ചത് 2017ല്‍ സിതാര്‍വാദകനായ ഇംറാത് ഖാന് ആയിരുന്നു.
വിജയപുര്ജ്ഞാന യോഗശര്മക്ഷ്രേതത്തിലെ സിദ്ധേശ്വർ സ്വാമി 2018ല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞത്, സന്യാസിമാര്‍ക്ക് എന്തിനു പുരസ്കാരം എന്നായിരുന്നു.
ദാവൂദ് ബോറ സമുദായത്തിന്റെ ആചാര്യനായ സയ്യിദ് മുഹമ്മദ് ബര്ഹാനു ദീന് 2015ല്‍ പ്രഖ്യാപിച്ച പത്മശ്രീ അവാര്‍ഡ് സ്വയം നിഷേധിക്കുകയായിരുന്നു.
സിതാര്‍ സംഗീത വിദഗ്ദനായ ഉസ്താദ് ഖിലായത്ത് ഖാന് 1964ല്‍ പത്മശ്രീയും 1968ല്‍ പത്മഭൂഷണും 2000-ല്‍ വിഭൂഷണും സ്വീകരിക്കുകയുണ്ടായില്ല.
സാമൂഹ്യ പ്രവർത്തകനായ അണ്ണാഹസാരെ 1990 ൽ കിട്ടിയ പത്മശ്രീ തിരിച്ചു നല്‍കിയെങ്കിലും 1991ല്‍ പത്മഭൂഷൺ സ്വികരിച്ചു. ജീവനകലയുടെ ഗുരുഭൂതനായ ശ്രി ശ്രീ രവിശങ്കര്‍ 2015 ല്‍ നിസിച്ച പത്മവിഭൂഷൺ അടുത്തവര്‍ഷം ഏറ്റുവാങ്ങി.
കശ്മീര്‍ വിമോചന നേതാവ് മഖ്ബൂല്‍ ബട്ടിനെ വധിച്ചതില്‍ പ്രതിഷേധിച്ച് സാഹിത്യകാരനായ അഖ്താര്‍ മുഹിയുദ്ദീനും 1968ല്‍ ലഭിച്ച പത്മശ്രീ 1984ല്‍ തിരിച്ചു നല്കി.
ഉര്‍ദുഭാഷ സംസാരിക്കുന്നവരെയൊക്കെ കഴുതപ്പുറത്ത് കയറ്റി നടത്തണമെന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ ബഹദൂര്‍ സിങ്ങ് പറഞ്ഞതിനെ തുടർന്ന് പ്രശസ്ത കവി കൈഫി ആദ്മി 1980ല്‍ കിട്ടിയ പത്മരശീ തിരിച്ചേല്പിച്ചു.
പൗരത്വ നിയമഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് 2006ല്‍ കിട്ടിയ പത്മ്രശീ 2019ല്‍ തിരിച്ചേല്‍പ്പിക്കാൻ മണിപ്പൂരിലെ ചലച്ചിരത നിര്‍മാതാവ് അമിബാന് ശര്‍മ മടിച്ചില്ല.
ഇന്ത്യക്കകത്ത് പൗരന്മാർക്കെതിരെ അരാജകത്വം ആരോപിച്ച് ഉര്‍ദുകവി മുജിതബ ഹുസൈനും (2018) ജയന്താ മഹാപത്രയും (2015) പഞ്ചാബ് സാഹിത്യകാരി ദലീഹ് കൌര്‍ തിവാനയും (2015) അവാര്‍ഡ് മടക്കി.
പ്രശസ്ത എഴുത്തുകാരനായ കുഷ്വന്ത്സിങ്ങ് 1974ല്‍ ലഭിച്ച പത്മഭൂഷൺ ബഹുമതി പഞ്ചാബികള്‍ക്കെതിരായ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ പ്രതിഷേധിച്ച് തിരിച്ചു നല്കുകയുണ്ടായി.
പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന സര്‍ദാർ സരോവർ ഡാം പണിതതില്‍ പ്രതിഷേധിച്ച് 1991ല്‍ പത്മവിഭൂഷൺ നിരസിച്ച ബാബാ ആംതെ നേരത്തെ കിട്ടിയ പത്മശ്രീയും തിരിച്ചു നല്കി.
പത്മഭൂഷണ്‍ എന്ന പോലെ വിഭൂഷണും നിരസിച്ച പത്രാധിപ പ്രതിഭ ആയി എം. ചലപതിറാവു അറിയപ്പെടുന്നു.
ശേഷവിശേഷം:
പത്മ്രശീ നേടിയതിനുപിന്നാലെ പത്മഭൂഷണും നിരസിച്ച കഥക് നർത്തകി സിതാര ദേവിയെ അന്വേഷിച്ചു വന്നെങ്കിലും ഭാരത് രത്ന അല്ലാതെ മറ്റൊന്നും ഇനി സ്ഥീകരിക്കില്ലെന്നു തുറന്നു പറയാന്‍ അവര്‍ മടിച്ചില്ല.









