വൈറസുകള്‍ക്ക് കീഴടക്കാന്‍ കഴിയാത്തതിനെക്കാളേറെ ജീവനുകളാണ് മൂന്നുനാള്‍ നീണ്ട ഡല്‍ഹികലാപം നമുക്ക് സമ്മാനിച്ചത്.
എന്‍. അബു
കൊറോണയും കോവിഡും കൊലവിളി ഉയര്‍ത്തുമ്പോഴും അതിനേക്കാളേറെ മരണം ഇന്ത്യയില്‍ പിടികൂടിയത്, പൗരത്വ ഭേദഗതി ബില്ലിനെതിരായി പോരാടിക്കൊണ്ടിരിക്കുന്നവരെയായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ നമ്മുടെ ഇന്ത്യയുടെ തലസ്ഥാനത്ത് തന്നെ മൂന്നു ദിവസം നടന്ന നരനായാട്ടില്‍ മരിച്ചവര്‍ അമ്പതിലേറെ ആയിരുന്നു. ഡിസംബര്‍ 11നു പൗരത്വ ബില്‍ പാര്‍ലമെന്റ് പാസാക്കിയ ശേഷം ഡല്‍ഹിക്കു പുറമെ ഉത്തര്‍പ്രദേശില്‍ 19 പേരും ആസാമില്‍ രണ്ടുപേരും കര്‍ണാടകയില്‍ ഒരാളും കൊല്ലപ്പെട്ടതായി ഹിന്ദുപത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
വെടിയേറ്റുവീണവരും തല്ലിക്കൊല്ലപ്പെട്ടവരും, കയ്യില്‍ ദേശീയ പതാകയും, ചുണ്ടില്‍ സ്വാതന്ത്ര്യം എന്ന ആസാദി മുദ്രാവാക്യവും മുഴക്കി സമാധാനപരമായി സത്യാഗ്രഹമിരുന്ന മുസ്ലിംകള് മാത്രമായിരുന്നില്ല, ആരുടെ തോക്കില്‍നിന്നാണ് വെടിയുണ്ട ചീറിപ്പാഞ്ഞതെന്നു ഇനിയും തെളിഞ്ഞിട്ടില്ലാത്ത ഒരനിഷ്ട സംഭവത്തില്‍ ഡല്‍ഹിയില്‍ ഒരു പോലീസുകാരനും ജീവാപായമേറ്റു. സമരത്തില്‍ ഒന്നും പങ്കെടുക്കാതെ കുട്ടിക്ക് പാല് വാങ്ങാന്‍ പോയ രാഹൂല്‍ സോളങ്കി എന്ന തന്റെ കൂട്ടുകാരന് എങ്ങനെ വെടിയേറ്റു മരിച്ചുവെന്നു ആശുപത്രിയില്‍ നിന്നു ആ മൃതദേഹം ഏറ്റുവാങ്ങിയ മുഹമ്മദ് ശഹബാസ് ചോദിക്കുന്നു. ഭീകരവാദികള്‍ക്ക് ഒത്താശ നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട പോലീസുദ്യോഗസ്ഥന് ദാവീന്ദര്‍ സിങ്ങിനു രാഷ്ട്രപതിയുടെ അവാര്‍ഡ് നല്കിയ നാട്ടില്‍ എന്തൊക്കെ സംഭവിച്ചുകൂടാ?
ഭഗീരഥി വിഹാരിലെയും ജോദിപൂരിലെയും ഓവുചാലുകളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തന്റെ രണ്ടു മക്കളുടേതാണെന്നു തിരിച്ചറിഞ്ഞ്, തുന്നല്‍ ജോലി നടത്തി ജീവിക്കുന്ന ബാബാഖാന്‍ എന്ന വൃദ്ധനായ പിതാവാണെന്നു ടൈംസ് ഓഫിന്ത്യ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
പത്രം തുടരുന്നു: വീട്ടില്‍ ഭാര്യയോടും മക്കളോടുമൊപ്പം ഇരിക്കുകയായിരുന്ന മുശറഫ് എന്ന ഒരു ഗൃഹസ്ഥനെ അവരുടെ കണ്മുന്നില് നിന്നു പിടിച്ചുവലിച്ചു കൊണ്ടുപോയത് കണ്ട് നിലവിളിച്ച അവര്‍ പിന്നെ കണ്ടത്, അദ്ദേഹത്തിന്റെ മൃതദേഹം ഭഹീര്സാഥിയിലെ ഓടയിലാണ്.
ഗാസിയാബാദിലെ ലോണിയില്‍ നിന്നു അളിയനെയും തെരഞ്ഞുപോയ അഖില്‍ അഹമ്മദ് എന്ന തന്റെ ഭര്‍ത്താവിനെ അന്വേഷിച്ചു നടന്ന ഭാര്യ സാഹീറ കണ്ടത് ആശുപത്രി മോര്‍ച്ചറിയില്‍ അദ്ദേഹം കൊല്ലപ്പെട്ടു കിടക്കുന്നതാണ്.
അക്രമസംഭവങ്ങള്‍ പെട്ടെന്നുണ്ടായതാണെന്നു ആദ്യം പറഞ്ഞ അഭ്യന്തരമന്ത്രി അമിത്ഷാ പിന്നീട് പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത്, ഇത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമായി നടന്നതാണെന്നാണ്. എന്നിട്ടും എന്തേ നമ്മുടെ രഹസ്യപോലീസ് സംവിധാനത്തിനു ഇത് നേരത്തേ മണത്തറിയാന്‍ സാധിക്കാതെ പോയത്?
കേരളമടക്കം ആറു സംസ്ഥാനങ്ങളിലെ നിയമസഭകളെങ്കിലും ഈ വിവാദ ബില്ലിനെതിരെ പ്രമേയം പാസാക്കിക്കഴിഞ്ഞതായിരുന്നു. എന്നാല്‍ ഗുജറാത്തിലെ വംശഹത്യയുടെ കുറ്റവിചാരണയില്‍ നിന്നു ഇനിയും പൂര്‍ണമായും വിമുക്തപ്പെട്ടിട്ടില്ലാത്ത നരേന്ദ്രമോദിയും അമിത്ഷായും പറയുന്നത്, ഈ ഗവണ്മെന്റ് ഒരടിപോലും പിന്നോട്ടില്ല എന്നു തന്നെയാണ്. പ്രകടനക്കാരെ വെടിവെച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്ത സ്വന്തം പാര്‍ട്ടിനേതാക്കള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ അവര്‍ തയ്യാറായില്ല. നിരായുധരായ ആളുകളെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലുന്ന രംഗങ്ങള്‍ കാണിച്ച ടി.വി.ചാനലുകളെ നിരോധിക്കാനായിരുന്നു, തിരക്ക്. അതേസമയം മതവൈര പ്രസ്താവന ഇറക്കിയ നേതാക്കള്‍ക്കെതിരെ നടപടിയേടുക്കാത്തതിനെ കുറ്റപ്പെടുത്തി വിധി പുറപ്പെടുവിച്ച ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ അന്നു നട്ടപ്പാതിരയ്ക്ക് തന്നെ നാടുകടത്തുകയുമുണ്ടായി.
മുസ്ലിംകളൊഴിച്ചുള്ള ആറു മതവിഭാഗങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കാനുള്ള ഭരണഘടനാ വിരുദ്ധമായ ഒരു നടപടി സ്വീകരിച്ചതിനെതിരെയായിരുന്നു നാടുനീളെ പ്രകടനങ്ങളും സത്യാഗ്രഹങ്ങളും അരങ്ങേറിയത്. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാര്‍പോലും മതവും, ഭാഷയും മറന്നു ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ക്ക് ഇറങ്ങുകയുണ്ടായി.
ഇന്ഡോനേഷ്യയേയും മലേഷ്യയേയും ഇറാനെയും പാക്കിസ്ഥാനെയും പോലുള്ള രാജ്യങ്ങള്‍ മാത്രമല്ല, മതസൗഹാര്‍ദ്ദത്തിനുള്ള അമേരിക്കന്‍ കമ്മീഷനും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷനും അംനസ്റ്റഇ ഇന്റര്‍നാഷണലും ബില്ലിലെ അപാകത ചൂണ്ടിക്കാണിക്കുകയുണ്ടായി. ലോകം മുഴുക്കെയുള്ള ജനാധിപത്യ രാജ്യങ്ങളില്‍ ഏറ്റവും ചുവട്ടിലുള്ള മൂന്നില്‍ ഒന്നാണ് ഇന്ത്യയുടെ സ്ഥാനമെന്ന അപഖ്യാതിയും ഈ ഭരണകൂടം നമുക്കു നേടിത്തന്നു. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹര്‍ഷ്മന്ദിര്‍ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്, ജമ്മുകാശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പോലീസുകാരുള്ള ഡല്‍ഹിയിലാണ് ഈ നരനായാട്ട് നടന്നത് എന്നാണ്. 80,000 പോലീസുകാരുള്ള ഡല്‍ഹിക്ക് എങ്ങനെ ഈ കലാപം ഒതുക്കാന്‍ കഴിഞ്ഞില്ലെന്നു മുന്‍ ദേശീയ സുരക്ഷാ ഉപദേശകനായ മലയാളി ഉദ്യോഗസ്ഥന് എം.കെ.നാരായണനും ചോദിക്കുന്നു. പോലീസ് സന്ദര്‍ഭോചിതമായി ഇടപെട്ടിരുന്നെങ്കില്‍, ഒരുപാട് മനുഷ്യ ജീവനുകള്‍ രക്ഷപ്പെടുത്താമായിരുന്നുവെന്നു ചൂണ്ടിക്കാട്ടിയത് സുപ്രീം കോടതി ജഡ്ജിയായ കെ.എം.ജോസഫാണ്.
മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ 250 സംഘടനകള്‍ ചേര്‍ന്നു ഗവര്‍ണര്‍ ജഗദീശ് മുഖിനു നല്കിയ നിവേദനത്തിലും ഇത്തരമൊരു നിയമം വന്നാലുള്ള ഭവിഷ്യത്ത് എടുത്തു പറയുകയുണ്ടായി.
അനധികൃത കുടിയേറ്റം തടയാന്‍ ഇപ്പോള്‍തന്നെ 1946ലെ വിദേശ പൗരത്വനിയമവും 1920 ലെ പാസ്പോര്‍ട്ട് നിയമവും ബലത്തിലുള്ള നാടാണ് നമ്മുടേത്.
എന്നാല്‍ പുതിയ ബില്ലിലെ വലിയ അപകടം ആദ്യമായി മണത്തറിഞ്ഞത്, ഡല്‍ഹിയിലെയും ജാമിയ മില്ലിയയിലെയും, അലിഗിലെയും വിദ്യാര്‍ത്ഥികളായിരുന്നു. രാഷ്ട്രപിതാവായ മഹാത്മജിയുടെ ചിത്രങ്ങളുമായി, ഇന്ത്യന്‍ ഭരണഘടനയില്‍ മതേതരത്വം ഊന്നിപ്പറയുന്ന ആ മുഖം വായിച്ച്, സമാധാനപരമായി പ്രകടനം നടത്തിയ അവരെ കാക്കിയണിഞ്ഞുവന്ന കാപാലികര്‍ ക്യാംപസിനകത്ത് തന്നെ കയറി തല്ലിച്ചതക്കുകയായിരുന്നു. അതുകണ്ടു കരളുരുകി, ചങ്ക്പൊട്ടി ശഹിന്ബാഗിലെ തെരുവില്‍ സത്യാഗ്രഹമിരുന്ന അമ്മമാരെ ലക്ഷ്യംവെച്ചായി പിന്നീട് ഭരണകൂട ഭീകരത. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എന്തൊരു അപജയം.
മൂന്നു ദിനരാത്രങ്ങളിലെ കൂട്ടക്കശാപ്പുകള്‍ക്ക് ശേഷം, ശാന്തിയാത്ര എന്ന പേരില്‍ സംഘപരിവാര്‍, ഡല്‍ഹി കോണാട്ട്പ്ലേസില്‍ ഒരു നാടകം നടത്തിയപ്പോഴും ഉയര്‍ന്നത് പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു. അതേസമയം ഡല്‍ഹി കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ പണ്ഡിറ്റ് മുകേശ് കുമാറിന്റെ നേതൃത്വത്തില്‍ ഹോളി ആഘോഷം മാറ്റിവെച്ചതായ വാര്‍ത്ത കറാച്ചിയില്‍ നിന്നു വരികയുണ്ടായി.
എന്നാല്‍ മതത്തിന്റെ പേരില്‍ നാട്ടുകാരെ ഭിന്നിപ്പിക്കാനുള്ള 100 വര്‍ഷം പഴക്കമുള്ള ഹെഡ്ഗേവാര്‍ – ഗോള്‍വള്‍ക്കര്‍ തന്ത്രം എളുപ്പത്തില്‍ നേടിയെടുക്കാമെന്നു കരുതിയവര്‍ക്ക് പക്ഷേ പിഴച്ചു.
കപില്‍ സിബലിനെയും, ശശി തരൂരിനെയും മഹുവാ മൊയത്രയേയും അസദുദ്ദീന്‍ ഒവൈസിയേയും ഡെറിക്ക് ഓബ്രിയനെയും, പി.കെ.കുഞ്ഞാലിക്കുട്ടിയേയും പോലുള്ള എം.പി.മാര്‍ പാര്‍ലിമെന്റില്‍ തന്നെ ആ കുതന്ത്രത്തിനെതിരെ ആഞ്ഞടിച്ചു. പൊതുവേദികളില്‍ സ്വാമി അഗ്നിവേശിനെയും, ചന്ദ്രശേഖര്‍ ആസാദിനേയും, രാഹുല്‍ ഈശ്വറിനേയും പോലുള്ള ആത്മീയാചാര്യര്‍ തന്നെ സംഘപരിവാര്‍ നീക്കങ്ങളെ പിച്ചിച്ചീന്തി.
നാട്ടുകാരോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് തന്റെയും പിതാവിന്റെയും ജനനസര്‍ട്ടിഫിക്കറ്റും ഇപ്പോഴും വിവാദത്തില്‍ കിടക്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതെന്നു പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവായ അനുരാഗ് കശ്യപിനുപോലും പറയേണ്ടിവന്നു.
മതങ്ങള്‍, നമ്മെ ഭിന്നിപ്പിക്കാന്‍ പഠിപ്പിക്കുന്നില്ലെന്നും ലോകത്തിലെ ഏറ്റവും നല്ല നാട് നമ്മുടെ ഇന്ത്യയാണെന്നും പാടിയ അല്ലാമാ ഇഖ്ബാലിനെ ഓര്മ്മപ്പിക്കത്തക്കവിധം ഈ കലാപങ്ങള്ക്കെല്ലാമിടയിലും, ചില വെള്ളിരേഖകള്‍ തെളിഞ്ഞു കാണുകയുണ്ടായി.
യമുനാവിഹാറില്‍ കുട്ടികള്‍ക്ക് ഭയരഹിതരായി സ്കൂളില്‍ പോകാന്‍ നാട്ടുകാര്‍ ജാതി- മതഭേദം മറന്നു മനുഷ്യമതില്‍ തീര്‍ത്തു.
പഞ്ചാബില്‍ ബി.ജെ.പി.യുടെ സഖ്യകക്ഷിയായ ശരോമണി അകാലിദള്‍ തന്നെ ബില്ലിനെതിരെ രംഗത്ത് വന്നു. ഡല്‍ഹിയില്‍ ശഹിന്ബാഗ് സത്യാഗ്രഹികള്‍ക്ക് ഭക്ഷണ സംവിധാനം ഉണ്ടാക്കാനായി ഡി.എസ്.ഭിന്ദ്ര എന്ന സിക്കുകാരനായ ഒരഭിഭാഷകന് തന്റെ മൂന്നു ഫ്ളാറ്റുകളില്‍ ഒന്നു വില്‍ക്കുക പോലും ചെയ്തു. ഇതിനുള്ള നന്ദി പ്രകടനമെന്നോളം ലഖ്നോവില്‍ സിക്കുകാര്‍ക്ക് പ്രാര്‍ത്ഥിക്കാനായി ഒരു ഗുരുദ്വാര പണിയാന്‍ മസ്ജിദിന്റെ സ്ഥലം മുസ്ലിംകള് വിട്ടുകൊടുക്കുകയുമുണ്ടായി. ചണ്ഡിഗഡിലാകട്ടെ, അബ്ദുള്‍ ഹക്കീം എന്ന ചെറുപ്പക്കാരന് തന്റെ വിവാഹവേളയില്‍ സിക്കുകാരുടെ തലപ്പാവണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടത്.
കൊല്‍ക്കട്ടയില്‍ പശ്ചിമബംഗാള്‍ ബ്രാമിന് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പൂണൂലിട്ട് ചന്ദനക്കുറിയിട്ട നൂറോളം പുരോഹിതന്മാർ മായാറോഡിലെ ഗാന്ധി പ്രതിമയ്ക്കുമുമ്പില്‍ സത്യാഗ്രഹം നടത്തി.
ഹിന്ദുരാഷ്ട്രം എന്ന ഹിഡന്‍ അജണ്ട മുന്നില്‍ വച്ചു മതേതരവിരുദ്ധമായ ഒരു ബില്ലുമായി വരുന്നവര്‍ ബ്രാഹ്മണ മേധാവിത്വത്തിനു വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്നു ഭരണഘടനാ ശില്പിയായ ഡോ.ബി.ആര്.അംബേദ്കറുടെ പൗത്രന്റെ പുത്രനായ രാജരത്ന അംബേദ്ക്കര്‍ പറഞ്ഞത് ശ്രദ്ധിക്കാതിരുന്നുകൂടാ.
കേരളത്തില്‍ കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് പോലും ബില്ലിനെതിരെ പ്രമേയം പാസാക്കി. ഹിന്ദുധര്മക്ഷേമസമിതി കോഴിക്കോട് മുക്കത്തും അയ്യപ്പ ധര്മാസന ചങ്ങരംകുളത്തും ധര്‍ണ നടത്തുകയുണ്ടായി.
സംഘപരിവാറിനപ്പുറത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുതല്‍ പ്രശ്സ്ത ചലച്ചിത്രനടന്‍ രജനികാന്ത് വരെയുള്ളവര്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെപ്പോലെ പൗരത്വബില്‍ മുസ്ലിംകള്ക്ക് ഒരു ഭീഷണിയല്ലെന്നു പറയുന്നുണ്ടെങ്കിലും നാളെ ഇത് ക്രൈസ്തവര്‍ക്കും സിക്കുകാര്‍ക്കും ഒക്കെ എതിരെ തിരിയില്ലെന്നതിനു യാതൊരു ഉറപ്പുമില്ല. സാവകാശമെങ്കിലും ആംഗ്ലോ ഇന്ത്യക്കാര്‍ക്കെതിരായ സംവരണം നീക്കാനുള്ള ശ്രമം കേന്ദ്രത്തില്‍ ആരംഭിച്ചു കഴിഞ്ഞതാണല്ലോ.
കോണ്‍ഗ്രസ് നേതാവും ഗ്രന്ഥകാരനുമായ ഡോ.ശശി തരൂര്‍ ഓര്‍മ്മിപ്പിച്ചതാണ് ശരി. ഹിന്ദുത്വവാദികള്‍ സ്വാമിവിവേകാനന്ദന്റെ പ്രസംഗം ഉദ്ധരിച്ച് വര്‍ഗ്ഗീയ വിഷം വമിപ്പിക്കുമ്പോള്‍, സ്വാമിജിയുടെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ എല്ലാ മതക്കാരെയും സഹോദരന്മാരെന്നും സഹോദരിമാരുമെന്നാണ് അഭിസംബോധന ചെയ്തത്.









