സര്വമതസാഹോദര്യത്തിൽ ഈന്നിയുള്ള ഉപരാഷ്ട്രപതിയുടെ പ്രസംഗം ബി.ജെ.പി.യെ വെട്ടിലാക്കിയോ?
കാരിയാടൻ
പതിമൂന്നു ദൗർഭാഗ്യത്തിന്റെ നമ്പറാണെന്നാണ് പലരുടെയും സങ്കല്പം. എന്നാല്‍ നാലു വര്‍ഷത്തിലേറെയായി ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതി പദം അലങ്കരിക്കുന്ന, എം. വെങ്കയ്യനായിഡു ആ ചതിക്കുഴിയിലൊന്നും വീഴാന്‍ തയ്യാറില്ലാത്ത രാഷ്ട്രീയ നേതാവാണ്, 2002ല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ അഖില്യേന്ത്യാ പദവി അലങ്കരിച്ച ആളാണ് ഇദ്ദേഹം. മുക്കാൽ നൂറ്റാണ് നീണ്ട ജീവിത്തിനിടയിലൽ രാജ്യസഭാംഗം ആവുകയും, നരേന്ദ്രമോദിയുടെ ഒന്നാം മ്രന്തിസഭയിൽ ഭവന നിര്‍മ്മാണം, വാര്‍ത്താവിനിമയം എന്നിവയുടെ ചുമതല വഹിച്ച കേന്ദ്രമന്ത്രി ആവുകയും ചെയ്ത ആള്.
ആന്ധ്രപ്രദേശില്‍ നെല്ലൂര്‍ സ്വദേശിയായ മുപ്പാവര്പ വെങ്കയ്യ നായിഡു 2017 മുതൽ ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് പദവിയിലുണ്ട്. ഡല്‍ഹിയില്‍ മൌലാനാ ആസാദ് റോഡിലെ ആറാം നമ്പര്‍ വസതിയില്‍ താമസം.
നാട് ഭരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷപദവി അലങ്കരിച്ചപ്പോഴും ബി.ജെ.പി.യിലെ മൃദുലവിചാരങ്ങളുടെ വക്താവാണദ്ദേഹം. അക്കാരണത്തിലാണ് രാജ്യസഭയില്‍ പന്ത്രണ്ടു അംഗങ്ങളുടെ സസ്പെന്ഷൻ പിൻവലിക്കാത്തപ്പോഴും ആ രാജ്യസഭാധ്യക്ഷന്റെ പൗത്രിയുടെ വിവാഹത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാരും പങ്കെടുത്തത്.
നായിഡു 72 ആം വയസില്‍ സജീവ രാഷ്ട്രീയത്തിലല്ലെങ്കിലും മൂന്നു മാസ ങ്ങള്ക്കുള്ളിൽ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു കളില്‍ അദ്ദേഹത്തിന്റെ സ്വാധീനം പാര്‍ട്ടിക്കു നിരാകരിക്കാവുന്നതല്ല. അക്കാരണത്താലാണോ എന്നറിയില്ല, അദ്ദേഹം ഈ വര്‍ഷവും കേരളത്തിലെത്തി മതസൗഹാര്‍ദ്ദത്തിന്റെ വലിയ സന്ദേശം നാട്ടിനാകെ നല്കുകയുണ്ടായി.
എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴികളാണെന്നു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ 150- ആം വാര്‍ഷികത്തോടനുബന്ധിച്ച് മാന്നാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു: ഇതര മതങ്ങളോട് കാണിക്കുന്ന വിദ്വേഷം രാജ്യത്തോട് കാണിക്കുന്ന കൂറ്റകൃത്യങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘ്പരിവാര്‍ അടുത്ത തെരഞ്ഞെടുപ്പിലേക്ക് ഉയര്‍ത്തുന്ന അജണ്ടയുടെ ഭാഗമാണോ ഇതെന്നറിയില്ല. എങ്കില്‍ നമ്മുടെ മഹത്തായ രാജ്യത്തിന്റെ പൈതൃക സുവിശേഷം ലോകമാകെ ശ്രദ്ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
സര്വമതസാഹോദരൃത്തിനും, മതനിരപേക്ഷതക്കും പേര് കേട്ട ഇന്ത്യയില്‍ മുസ്ലിംകള്ക്കും ക്രൈസ്തവര്‍ക്കും ദളിതർക്കുമെതിരെ നടക്കുന്ന പീഡനങ്ങള്‍ ഐക്യരാഷ്ട്ര സഭയിൽപോലും വിമര്‍ശിക്കപ്പെടുകയുണ്ടായി. വിദേശരാജ്യങ്ങള്‍ക്കു പുറമെ പല രാജ്യാന്തര ടി.വി. ചാനലുകളും ഇത് ലോകമെമ്പാടും എത്തിക്കുകയും ചെയ്തു.
മതങ്ങളുടെ പേരില്‍ ഇന്ത്യക്കാരെ ഭിന്നിപ്പിച്ചു ഭരിച്ചുവന്ന (ബ്രിട്ടീഷുകാരെ അക്രമരാഹിതൃസമരത്തിലൂടെ കെട്ടുകെട്ടിച്ച ചരിത്രമാണ് ഇന്ത്യക്കാ രുടേത്. ഹൈക്കമ്മീഷണറും പ്രശസ്ത എഴുത്തുകാരനുമായ ഖുശ്വന്ത് സിങ്ങ് മു മുതൽ യു.എന്‍.അണ്ടര്‍ സെക്രട്ടറി പദം അലങ്കരിച്ച മുന്‍ കേന്ദ്രമന്തി ഡോ. ശശിതരൂര്വരെ ചുണ്ടിക്കാട്ടിയത്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനു ഇവിടുത്തെ എല്ലാമതക്കാരും വഹിച്ച പങ്കിനെക്കുറിച്ചാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത രക്തസാക്ഷികളായ 96,300 ആളുകളുടെ പേരുകള്‍ ഡല്‍ഹിയിൽ ഇന്ത്യാഗേറ്റില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്നും അതില്‍ 61,945 പേരുകള്‍ മുസ്ലിംകളുടെതാണെന്നും ഖുഷ്വന്ത് എഴുതിവെക്കുകയുണ്ടായി. ഒപ്പം 26,896 ഹിന്ദുനാമങ്ങളും 8050 സിഖ്നാമങ്ങളും അദ്ദേഹം വായിച്ചെടുത്തു.
1919 ൽ ജാലിയന്‍ വാലാബാഗില്‍ മരിച്ച ആയിരങ്ങള്‍ ഏറെയും സിക്കുകാരായിരുന്നു. 1921 ലെ മലബാര്‍ കലാപത്തില്‍ കൊല്ലപ്പെട്ടവര്‍ ഏറെയും മുസ്ലിംകളും. മൈസൂരില്‍ ഹൈദരാലിയും ടിപ്പുസുല്‍ത്താനും ബരിട്ടീഷുകാര്ക്കെതിരെ റോക്കറ്റുകള്‍ ഉണ്ടാക്കിയാണ് പോരാടിയത്.
ബ്രിട്ടീഷുകാര്‍ ഭരിച്ച കാലത്തേക്കാളും എത്രയോ ഇരട്ടി, 800 വര്‍ഷം ഇന്ത്യ ഭരിച്ച മുഗള്‍ ച്രകവര്‍ത്തിമാർ ഇവിടെ നിന്നും ഒന്നും കടത്തിക്കൊണ്ടു പോയില്ല. അവര്‍ ഇവിടെ താജ്മഹലും, കുത്തബ്മിനാറും ചെങ്കോട്ടയും പണിതു, കലയും സാഹിത്യവും സംഗീതവും വളര്‍ത്തി.
സുരയ്യാ തയബ്ജി എന്ന മുസ്ലിം വനിത ആണ് ഇന്ത്യന്‍ പതാക രൂപ കല്പന ചെയ്തത്. നേതാജി സുഭാഷ് ചന്ദ്രബോസിനു 1941ല്‍ ജയ്ഹിന്ദ് എന്ന മുദ്രാവാക്യം പകര്‍ന്നു നല്‍കിയത് ഹൈദരാബാദുകാരനായ ആബിദ് ഹസ്സന് സഫറാനി ആയിരുന്നു.
ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഇന്ത്യക്കു നല്‍കിയത് ഹസ്രത്ത് മോഹാനി ആയിരുന്നു. കപ്പലോട്ടിയ തമിഴന് എന്ന പേരില്‍ പ്രസിദ്ധനായ തെന്നിന്ത്യക്കാരനു ആ കപ്പല്‍ സംഭാവന ചെയ്ത ഫക്കീര്‍ മുഹമ്മദ് റാവു ത്തര്‍ ഒരു ദരിദ്രനായാണ് മരണപ്പെട്ടത്, സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനു ആദ്യമായി തൂക്കിലേറ്റപ്പെട്ടത് അസഫുല്ലാഖാന് എന്ന ഒരു 27 കാരനായിരുന്നു.
നാടുകടത്തപ്പെട്ടതിനെ തുടര്‍ന്നു ആന്‍ഡമാനിലെ തടങ്കലില്‍ കിടന്നു മരിച്ചവരുടെ പട്ടിക നിവര്‍ത്തിനോക്കിയപ്പോൾ ബഹുഭൂരിപക്ഷവും മുസ്ലിംകളായിരുന്നവെന്നു ഡോ.ശശി തരൂര്‍ പ്രസ്താവിക്കുകയുണ്ടായി.
അവരുടെയൊക്കെ ചോരവീണ മണ്ണില്‍ മതവിദ്വേഷം ആളിക്കത്തിക്കാനാണ് ഇപ്പോഴത്തെ ഭരണാധികാരികളുടെ ശ്രമം. പൗരത്വത്തിന്റെ പേരും പറഞ്ഞു ഇസ്ലാം മത വിശ്വാസികളെ ആകെ അട്ടിപ്പായിക്കാനുളള നീക്കം നടക്കുന്നു. വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന ഇക്കൂട്ടർക്കു ദഹിക്കുമോ എന്നറിയില്ല. ഗോവധ നിരോധനം എന്നുപറഞ്ഞു മുസ്ലിംകളെ തേടിപ്പിടിച്ച് കൊല്ലുന്ന സംഘപരിവാർ അണികളുടെ നീക്കം. മോഹന്‍ ഭഗവത് മുതൽ പ്രജ്ഞാ സിങ്ങ് താക്കൂർ വരെയുള്ളവര്‍ അതിനു നേതൃത്വം നൽകുകയും ചെയ്യുന്നു.
ഉപപ്രധാനമന്ത്രിപദം അലങ്കരിച്ച എല്‍.കെ. അദ്വാനി നേതൃത്വം നല്കിയ രഥയാത്ര നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബറി മസ്ജിദ് തകര്ക്കുന്നിടംവരെ എത്തിയിട്ടും കുലുങ്ങാത്ത ദക്ഷിണേന്ത്യയില്‍ വര്‍ഗീയ വിഷം കുത്തിവെക്കാന്‍ എന്ത് വഴി എന്നന്വേഷിച്ച് നടക്കുകയാണ് ബി.ജെ.പി. നേതൃത്വം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കയ്യില്‍ കിട്ടിയ നേമം സീറ്റ് പോലും നഷ്ടപ്പെടിട്ടും കേരത്തിൽ വര്‍ഗീയ വികാരം ആളിക്കത്തിക്കാനൊക്കുമോ എന്നതാണവരുടെ നോട്ടം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും മത്സരിച്ചിട്ട് പതിമുന്നിടത്തും കെട്ടിവച്ച പണം നഷ്ടപ്പെട്ട് “സര്‍വ സ്പര്‍ശി, സര്‍വ വ്യാപി” എന്ന മുദ്രാവാവാക്യവുമായി മറ്റു രണ്ടു മുന്നണികളുടെയും വോട്ടുകള്‍ തട്ടിയെടുക്കാനുള്ള യത്നത്തിലാണല്ലോ.
മതം മാറ്റ നിയമവും, പൌരത്വനിയമഭേദഗതിയും ഗോവധ നിരോധനവും മുത്തലാഖും കേരളത്തില്‍ ചെലവാകില്ലെന്നു അവര്‍ക്കറിയാം. അതിനാലവര്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മറ്റെന്തെങ്കിലും വിഷയം തെരഞ്ഞെടുക്കുകയും ചെയ്യുമായിരിക്കും.
ഈ പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നത്.
ശേഷവിശേഷം: കേരളത്തിലെങ്കിലും ജനാധിപത്യത്തിനു ഏറ്റവും വലിയ സംഭാവന അര്‍പ്പിച്ച പാര്‍ട്ടി ബി.ജെ.പി.ആണെന്നു നമുക്കു ഓര്‍ക്കാം. കാരണം, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഏറ്റവും കൂടുതല്‍ ജാമ്യസംഖ്യ നഷ്ടപ്പെടുത്തിയത് ആ കക്ഷിയാണല്ലോ.








