വര്‍ഷത്തിലൊരിക്കൽ കേള്‍വിദിനം ആചരിച്ചതുകൊണ്ടുമാത്രം നമുക്കു ബധിരതയിൽ നിന്നും രക്ഷപ്പെടാനാകുമോ?
കരിയാടന്‍
ഒച്ചപ്പാടുകള്‍ ഒട്ടും കുറയാതെ തന്നെ മാർച്ച് മൂന്നിൽ ഒരു ലോക കേള്‍വി ദിനം കൂടി കടന്നു പോയി. ദേശീയബധിരതാ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലും ആവശ്യമായ സജ്ജീകരണം, തുടര്‍ന്നും ഒരുക്കിയിട്ടുളളതായി സര്‍ക്കാറിന്റെ അറിയിപ്പും വന്നു.
നാലുകോടിയോളം ജനങ്ങളുള്ള കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ക്ക് ഇപ്പോള്‍ തന്നെ കേള്‍വിക്കുറവുണ്ടെന്നാണ് സാമ്പിള്‍ സര്‍വേയിൽ തെളിയുന്നത്. കേരളം പറയുന്നത് കേള്‍ക്കാൻ ആളില്ല എന്ന പരാതി പറഞ്ഞുനടന്നിരുന്നിടത്ത് നാളെ കേരളത്തോട് പറയുന്നതും കേള്‍ക്കാൻ ആളില്ലാതെ പോകുമോ എന്ന അവസ്ഥ. ലോകജനസംഖ്യയില്‍ തന്നെ നൂറില്‍ ആറ് പേര് കേള്‍വിക്കുറവ് അനുഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടല്ലോ?
എന്നാല്‍ ഈ അസുഖത്തെ നേരിടാന്‍ കേരളത്തിലെ അഭ്യസ്ത വിദ്യരായ ജനങ്ങള്‍ എത്രമാത്രം സന്നദ്ധമായി നില്‍ക്കുന്നുണ്ട്? അതിനു സൗകര്യങ്ങൾ ഒരുക്കാന്‍ അധികൃതര്‍ എത്രമാത്രം ഒരുങ്ങി നില്‍ക്കുന്നുണ്ട്?
കണ്ണില്‍ ചെറിയ ഒരു കാഴ്ചക്കുറവ് അനുഭവപ്പെട്ടാല്‍ നാം എത്രമാത്രം കഷ്ടപ്പെടേണ്ടിവരുമെന്ന് നമുക്കറിയാത്തതല്ല. കണ്ണില്ലാതായാൽ മാത്രമേ കണ്ണിന്റെ വില അറിയൂ എന്ന പഴഞ്ചൊല്ല് ശിശു ക്ലാസില്‍ തന്നെ എഴുതിപ്പഠിച്ചവരാണല്ലേോ നാം. എന്നാല്‍ കേള്‍വി ശക്തിയുടെ കാര്യത്തിലാണെങ്കില്‍ വിഷമം അനുഭവപ്പെട്ടാലും നാം അത് അംഗീകരിച്ചുകൊടുക്കാറില്ല. നമുക്ക് ബന്ധമുളള ആര്‍ക്കെങ്കിലും കേള്‍വിക്കുറവുണ്ടെന്ന് നമുക്ക് തോന്നിയാല്‍ അവരോട് പറഞ്ഞാലും സാധാരണഗതിയില്‍ അവര്‍ അത് സമ്മതിച്ചു തരാറില്ല. കേള്‍ക്കാൻ പറ്റുന്നു എന്നാല്‍ മനസിലാവുന്നില്ല, എന്നതേ ഉളളു എന്നതാകും അവരുടെ മറുപടി.
പറഞ്ഞത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാൻ പലരും പറയും. ചിലരാകട്ടെ ഒന്നുറക്കെ പറയാന്‍ ആവശ്യപ്പെടും. ജന്മനാ തന്നെ കേള്‍വിക്കുറവ് അനുഭവപ്പെടുന്ന കാര്യം അവിടെ നിൽക്കട്ടെ. പ്രായം കൂടുംതോറും കേള്‍ക്കാനുളള വിഷമം കൂടിക്കൂടി വരും എന്നതാണ് ശരിയായ പ്രശ്നം. വയസാവും തോറും ഞരമ്പുകൾക്ക് അനുഭവപ്പെടുന്ന ക്ഷയമാണ് ഇതിനു പ്രധാന കാരണം. ഇത് നേരത്തെ മനസിലാക്കി ശ്രവണ വിദഗ്ധന്റെ സഹായത്തോടെ ചികിത്സിച്ചുതുടങ്ങിയാൽ വലിയ പ്രയാസമില്ലാതെ സുഖ പ്പെടുത്താന് കഴിയുന്ന രോഗമാണിത് ശരിയായ അളവിലുളള ശ്രവണ വണസഹായികള് വേക്കേണ്ടിവരുമെന്ന് മാത്രം
സംഭാഷണങ്ങള്‍ കൃത്യമായും വ്യക്തമായും കേള്‍ക്കാൻ ഡിജിറ്റല്‍ ശ്രവണസഹായികളാണ് ഉപകരിക്കുക. കമ്പ്യൂട്ടര്‍ സഹായത്തോടെ ശബ്ദം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഏര്‍പ്പാടാണ് ഇത്. ഇവ ചെവിക്ക് പുറമേ വെക്കാവുന്ന പോലെ തന്നെ അകത്തുവെക്കാവുന്നവയും ഉണ്ട്.
കൂട്ടികളുടെ കാര്യത്തില്‍ ആണെങ്കില്‍ ജന്മനാ ഉളളതാണോ കേള്‍വിക്കുറവ് എന്ന് പരിശോധിച്ച് അറിയണം. കോക്ളിയര്‍ ഇംപ്ളാന്റേഷന് എന്ന ആധുനിക സംവിധാനം, സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വലിയ ചെലവില്ലാതെ മിക്ക ജില്ലാ ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ടുതാനും. രണ്ടു വയസുവരെയുളളവര്‍ക്ക് തികച്ചും സജന്യവും ആണ്, ഇത്.
പ്രായക്കൂടുതലിനുപുറമെ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളും കേള്‍വിശക്തിയെ ബാധിക്കാറുണ്ട്. ജീവിത ശൈലി രോഗങ്ങളുടെ സംഭാവന ആണിത്.
എന്നാല്‍ നമ്മുടെ നാട്ടിലെ ഏറ്റവും ദു:ഖകരമായ അവസ്ഥ, നാം തന്നെ ഉണ്ടാക്കുന്ന ശബ്ദശല്യമാണ്. തെരുവുകളില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന ഒച്ചപ്പാട് ഇന്ത്യയെ പോലെ മറ്റൊരിടത്തും കാണില്ല. ബസുകളും ട്രുക്കുകളും നിലക്കാത്ത ഹോണടി നിര്‍ബാധം തുടരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങളും, ജാഥകളും ഒരു നിയന്ത്രണവും ഇല്ലാതെ ഉച്ചഭാഷിണികളിലൂടെ ശബ്ദശല്യം നിര്‍വഹിക്കുന്നു. സ്വകാര്യ ബസുകള്‍ക്ക് അകത്ത് പോലും സംഗീതം എന്ന പേരില്‍ നിലക്കാത്ത നിലവിളിയാണ്. ഉച്ചത്തില്‍ നിലവിളിക്കുന്ന ഈ വാഹന ശബ്ദത്തെ കുറിച്ച് കോടതികള്‍ തന്നെ ചൂണ്ടിക്കാട്ടിയതാണല്ലോ. സാംസ്കാരിക സംഘങ്ങളുടെ യോഗങ്ങളിലും മത പ്രഭാഷണ പരമ്പരകളിലും ശബ്ദആഘാതം ചെറുതൊന്നുമല്ല ഉച്ചഭാഷിണികള്‍ രാത്രി പത്തുമണിക്ക് ശേഷം ഉപയോഗിക്കുന്നതിനെതിരെ കോടതി വിലക്കുകൾ വരെ ഉണ്ടായതാണ്. എന്നാല്‍ പണ്ടാരോ പറഞ്ഞത് പോലെ സ്പീക്കര്‍ നിരോധിച്ചപ്പോൾ നാം ഡെപ്പ്യൂട്ടി സ്പീക്കറെ വച്ചു ശബ്ദശല്യം ഉണ്ടാക്കുകയാണ്. സൈലന്‍സറുകളിൽ മാറ്റം വരുത്തി റോഡായ റോഡിലൊക്കെ പരക്കം പായുന്ന മോട്ടേര്‍ ബൈക്കുകള്‍ പോലീസിനെ പോലും നോക്കുകുത്തികളാക്കുന്നു, അവർ ഉണ്ടാക്കുന്ന ശബ്ദശല്യം ഒരു ഡെസിബിളിലും അ അളക്കാനാവത്തതത്രെ.
കേള്‍വിക്കുറവുമായി ബന്ധപ്പെടുത്തി നമുക്കിടയിലുളള ധാരണകള്‍ക്കും പിശക് ഏറെയാണ്. കേൾക്കാനും സംസാരിക്കാനും വിഷമമുള്ള കൂട്ടികളെ ഒറ്റയടിക്ക് ബധിര, മൂകർ എന്നാണ് നാം വിശേഷിപ്പിക്കാറ്, ഇത്തരക്കാരെ പഠിപ്പിക്കുന്ന സ്ക്കൂളുകളെ ബധിര, മൂക വിദ്യാലയങ്ങൾ എന്നും പറഞ്ഞു വരുന്നുണ്ട്. എന്നാല്‍ ശരിയായ അര്‍ത്ഥത്തിൽ മൂകരല്ല ബധിരർ എന്നാണ് 40 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കരുണാ സ്ക്കൂളിലെ പരിചയ സമ്പന്നരായ അധ്യാപകര്‍ പറയുന്നത്.
വാക്കുകളും വാചകങ്ങളും കേട്ട ശേഷം അതേ പടി പറഞ്ഞുകൊടുക്കാന്‍ കഴിയാത്തതാണ് യഥാര്‍ത്ഥ പ്രശ്നം. ആ കാരണത്താല്‍ തന്നെ എങ്ങനെ ഉച്ചരിക്കണമെന്നും ആ കുരുന്നുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നു. ഇതിനു ചിഹ്നാടിസ്ഥാനത്തിലുളള സൈന്‍ലാംഗ്വേജ് അവലംബിച്ചാല്‍ മതിയാകും – ചുണ്ടനക്കം നോക്കിയുള്ള ഉച്ചാരണ ശ്രമം. ഈ പ്രക്രിയയിലൂടെ കരുണയില്‍ നിന്നുളള കുട്ടികള്‍ നിരവധി വര്‍ഷങ്ങളായി എസ്.എസ്.എല്‍.സി യില്‍ 100% വിജയവും, പ്ലസ്ടുവിൽ സമ്പൂര്‍ണ്ണ എപ്ലസും നേടി വരുന്നു. മെഡിക്കല്‍ കോളേജിന് അടുത്തുള്ള റഹ്മാനിയ വിദ്യാലയവും ഫറോക്കിന് അടുത്ത കൊളത്തറ സ്ക്കൂളും ഒക്കെ ഇതുപോലെ വേറെയും കിടക്കുന്നുണ്ട്. കേരളത്തില്‍ തന്നെ ഇത്തരത്തില്‍ മുന്നൂറിലേറെ സ്ക്കൂളുകൾ ഉണ്ടത്രേ.
ആരുടെയും കുറ്റം കൊണ്ടല്ലാതെ ജന്മനാതന്നെ ശാരീരിക അവശതകള്‍ അനുഭവിക്കുന്ന ഏറെ ആളുകള്‍ക്കിടയിലാണ് നാം ജീവിക്കുന്നത്. ഭിന്നശേഷിക്കാര്‍ എന്ന ധൈര്യം നല്കി സമൂഹം അവരോട് ഒപ്പം നില്‍ക്കുന്നുണ്ട്. കാഴ്ചയും, കേൾവിയും കനിഞ്ഞു നല്കിയ അനുഗ്രഹമാണെ ന്ന് തിരിച്ചറിയുമ്പോഴും, രണ്ടും നഷ്ടപ്പെട്ടവര്‍ പോലും ലോകത്തിന് മാതൃക എന്ന ചരിത്രകഥകളും നാം ഓര്‍ക്കേണ്ടതുണ്ട്. ഇങ്ങനെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വേണ്ടി ജീവിതമാക്കെ ഉഴിഞ്ഞുവെച്ച അമേരിക്കയുടെ ഹെലന് കെല്ലര്‍ അരനൂറ്റാണ്ട് മുമ്പ് കടന്നുപോയെങ്കിലും അവരെ ഇന്നും ലോകം ആവേശത്തോടെ ഓര്‍ക്കുന്നു. അവര്‍ ചെയ്ത മഹത്തായ കാര്യങ്ങളെ ചൊല്ലി ഇന്നും അഭിമാനിക്കുന്നു.
ഏറെക്കാലം രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഭൂപേഷ് ഗുപ്ത നമ്മുടെ നാട്ടിലും കേള്‍വിക്കുറവ് ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച മികച്ച പാര്‍ലമെന്ററിയൻ ആയിരുന്നു.
എന്നാല്‍ റോഡായാലും കവലയായാലും ചെവിട് അടപ്പിക്കുകന്ന ശബ്ദം മാത്രമാണ് നമ്മുടെ വഴിയെന്ന് ജനം ഉറപ്പിച്ചിരുന്നാല് നമ്മുടെ നാട് തന്നെ ബധിരരുടെ നാടായിപ്പോവില്ലേ എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു.



