ഉത്തര്‍പ്രദേശടക്കം അഞ്ചു സംസ്ഥാനങ്ങളിലും മൂന്നു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കുമെന്നു ഏതാണ്ട് ഉറപ്പായി
കരിയാടന്‍
അടുത്ത മാര്‍ച്ച് മാസത്തോടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മാറ്റമില്ലെന്നു തന്നെ ഏതാണ്ട് തീരുമാനമായിരിക്കുന്നു. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയ ചര്‍ച്ചകളിൽ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെയും ആ നിലപാടാണ് സ്വീകരിച്ചതെന്നു സി.ഇ.സി. സുശീല്‍ ചന്ദ്ര കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.
ഉത്തര്‍പ്രദേശ് ഭരിക്കുന്നത് ആരാവും അവരായിരിക്കും ഇന്ത്യ ഭരിക്കുക എന്നത് വര്‍ഷങ്ങളായി കേട്ടുകേള്‍വിയുള്ള കാര്യമാണ്. പതിനാലു പ്രധാനമന്ത്രിമാരെ സൃഷ്ടിച്ച ഇന്ത്യക്കു അതില്‍ എട്ടുപേരെയും സംഭാവന ചെയ്തത് യു.പി.യാണല്ലോ. ആദ്യപ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാൽ നെഹ്റു അടക്കം, ഏകവനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിവരെ.
നര്രേന്ദമോദിയെ വീണ്ടും അധികാരത്തിലേറ്റിയ 2017ലെ ലോക്സഭ തെര ഞ്ഞെടുപ്പില്‍ 543 അംഗ പാര്‍ലിമെന്റില്‍ 301 പേരുടെ വിജയം ആഘോഷിച്ചതാണ്, ബി.ജെ.പി. അതില്‍ 80 പേരെയും നല്‍കിയത് ഉത്തര്‍പ്രദേശാണ്. തൊട്ടു മുമ്പായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാകട്ടെ, മൊത്തം 403 സീറ്റില്‍ 320 എണ്ണവും ബി.ജെ.പി, കരസ്ഥമാക്കുകയും ചെയ്തു. പ്രധാനപ്രതിപക്ഷമായ സമാജ്വാദിപാര്ട്ടി 47 സീറ്റില്‍ ഒതുങ്ങി. ബി.എസ്. പി.ക്കു 19 സീറ്റ് കിട്ടിയപ്പോള്‍, ദീര്‍ഘകാലം ഭരിച്ച കോണ്‍ഗ്രസിനു ജയിക്കാന്‍ കഴിഞ്ഞത് ഏഴു സീറ്റില്‍ മാത്രവും.
ഗാര്‍വാളിലെ രാജപുത്ര വംശജനും ഗൊരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനുമായ യോഗി ആദിത്യനാഥിനെ 47-ആം വയസില്‍ 22 മത് യു.പി. മുഖ്യമന്ത്രി ആയി അവരോധിച്ച പ്രധാനമന്ത്രി നര്രേദ്രമോദിക്ക് യു.പി.യില്‍ ഭരണം നിലനിര്‍ത്താതിരിക്കാൻ വയ്യ. കാരണം അന്യത്ര പറഞ്ഞപോലെ യു.പി. ഭരിക്കുന്നവരാണ് ഇന്ത്യ ഭരിക്കുക.
അഞ്ചു വര്‍ഷം തികച്ചു ഭരിച്ച ബി.ജെ.പി.ക്ക് പക്ഷെ ഉത്തര്‍പ്രദേശ് ഭരണം അത്ര എളുപ്പമല്ല എന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ നാലും നാലുവഴിക്കാണ് നീങ്ങുന്നതെന്നതിനാല്‍ വിജയം ഉറപ്പ് എന്നു കരുതിയിരുന്ന പാര്‍ട്ടിക്ക് കാലിന്നടിയില്‍ നിന്ന് മണ്ണ് നീങ്ങിപ്പോവുന്നത് കാണാതിരുന്നുകൂടാ.
അക്കാരണത്താലാണ് ഗോവധ നിരോധനവും ഘര്‍വാപസിയും മതംമാറ്റ നിയന്ത്രണവും, മുത്തലാഖും ഒക്കെ കഴിഞ്ഞിട്ടും യോഗിയെ മാത്രം ആശ്രയിച്ചു നിന്നാല്‍ രക്ഷപ്പെടില്ല എന്ന തോന്നല്‍ ഡല്‍ഹി ഭരിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം തന്നെ സംസ്ഥാനത്ത് നാലു പര്യടനങ്ങൾ നടത്തിക്കഴിഞ്ഞു. തിയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പദ്ധതികളൊന്നും പുറത്തു പറയാന്‍ കഴിയില്ല എന്നു മനസ്സിലാക്കി, പ്രധാനമ്രന്തി തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നോയ്ഡയിൽ തുടങ്ങുകയാണെന്നറിയിച്ചു കഴിഞ്ഞു, കാശിവിശ്വനാഥ ക്ഷേത്രത്തെ ഗംഗാനദിയുമായി ബന്ധിപ്പിക്കുന്ന പദ്ധതി, പുണ്യസ്നാനം നടത്തിയശേഷം അഞ്ചുലക്ഷം വീടുകളില്‍ പ്രസാദം എത്തിച്ചുകൊണ്ട് പ്രഖ്യാപിച്ചു. 36230 കോടി രൂപയുടെ ഗംഗാ എക്സ്പ്രെസ്സ്വേ പ്രഖ്യാപിച്ച ശേഷം ആറിടങ്ങളില്‍ ജനവിശ്വാസയാത്രകൾ ആരംഭിക്കുകയും നൂറോളം പ്രമുഖ നേതാക്കളെ പ്രചാരണ പരിപാടികളുടെ ചുക്കാന്‍ പിടിക്കാന്‍ നിയോഗിക്കുകയും ചെയ്തു.
(ബാഹ്മണമേധാവിത്വം ഏറെയുള്ളവയാണ് ഈ ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ മിക്ക നിയോജക മണ്ഡലങ്ങളും. എന്നാല്‍ യാദവന്മാരും ദളിതരും എന്ന പോലെ 19 ശതമാനം മുസ്ലിംകളും (നാലരകോടി) അടങ്ങുന്നതാണ് ഉത്തര്‍പ്രദേശിലെ ജനസംഖ്യ. 130 നിയോജക മണ്ഡലങ്ങളില്‍ ഇവരുടെ വോട്ട് നിര്ണായകമാണെന്നര്ത്ഥം. അതേസമയം ഒരു വര്‍ഷത്തോളം ആളിക്കത്തിയ കര്‍ഷകപ്രക്ഷോഭവും ലഖിംപൂര്‍ഖേരിയിൽ കര്‍ഷകര്‍ക്കു നേരെ കാറോടിച്ചു കയറ്റിയ സംഭവവും ഒക്കെചേര്ന്നു പശ്ചിമ യു.പി.യില്‍ തന്നെ ഭരണകക്ഷിക്കു ഭീഷണി ഉയര്‍ന്നുനിൽക്കുകയാണ്.
മുന്‍ മുഖ്യമന്ത്രി മുലായംസിങ്ങിന്റെ അനാരോഗ്യവും ആം ആദ്മി പാര്‍ട്ടിയും, എ.ഐ.എം.ഐ.എ കക്ഷിയും പോലുള്ള ചെറുപാര്‍ട്ടികൾ തട്ടിക്കൊണ്ടുപോയേക്കാവുന്ന വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി.ക്കു പ്രതീക്ഷ.
യു.പി.യും യോഗിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു നടക്കുകയും ചെയ്യുന്നു.
ശേഷവിശേഷം: യു.പി.യും യോഗിയും ചേര്‍ന്നാൽ ഉപയോഗി ആണെന്നു പ്രധാനമന്ത്രി മോദി പറഞ്ഞു വെക്കുമ്പോള്‍ ഉപയോഗം കഴിഞ്ഞാല്‍ ഉപയോഗത്തിലുള്ളതെല്ലാം വലിച്ചെറിയുകയാണ് കീഴ്വഴക്കം എന്നദ്ദേഹം മറന്നുപോയിക്കാണണം.









