ഇന്ത്യൻ ഹോക്കിക്ക് എട്ടു സ്വർണമെഡൽ സമ്മാനിച്ച ഒളിംപിക് ഗെയിംസ് രണ്ടു വർഷം അകലെ ആണെങ്കിലും ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും വാതിൽക്കൽ തന്നെ വന്നുനിൽക്കുന്നു.
-അബു-
ഓരോ മൂന്നു മിനിറ്റിലും സ്കോറിങ്. ഒന്നിനെതിരെ 24 ഗോളുകളുടെ ജയം അങ്ങനെയൊരു സുവർണകാലം ഇന്ത്യൻ ഹോക്കിക്കുണ്ടായിരുന്നു.
1932 -ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ ദീപശിഖ അണച്ചപ്പോൾ ഒരിക്കൽകൂടി ഇന്ത്യ വിജയപീഠം കയറിയത്, അങ്ങനെയൊരു ഗോൾ പെരുമഴക്കാലം ചരിത്രത്തിൽ രേഖപ്പെടുത്തിക്കൊണ്ടായിരുന്നു.
ബ്രിട്ടീഷുകാരൻ പഠിപ്പിച്ച കളിയിൽ എട്ടുതവണയാണ് നാം ഒളിംപിക് ചാമ്പ്യന്മാരായത്. സ്വർണപ്പതക്കത്തിൽ ഡബിൾ ഹാട്രിക് നേടിയശേഷം, 1960 -ൽ റോമിൽ ഒരൊറ്റ ഗോളിനു പരാജയപ്പെട്ടപ്പോഴും, 1964 -ൽ ടോക്യോയിൽ നാം തിരിച്ചെത്തി. 1976ൽ മോൺട്രിയോളിൽ ഏഴാം സ്ഥാനത്തേക്ക് വഴുതി വീണപ്പോഴും 1980 -ൽ മോസ്കോയിൽ നാം വിജയപീഠത്തിൽ തിരിച്ചുകയറി.
പുറത്തുനിന്ന് ആരുടെയും പരിശീലനമില്ലാതെ ധ്യാൻചന്ദും കൂട്ടുകാരും തുടങ്ങിവെച്ച പാരമ്പര്യമാണത്. എന്നാൽ തുടർന്ന് പത്തുവർഷത്തിൽ ആറ് വിദേശ കോച്ചുകളെ കോടികൾ മുടക്കിക്കൊണ്ടുവന്നിട്ടും നമുക്ക് എവിടെയും എത്താൻ കഴിയാത്ത അവസ്ഥ.
2008ലെ ബെയ്ജിങ് ഒളിംപിക്സിൽ മത്സരിക്കാനുള്ള അർഹതപോലും ലഭിച്ചില്ല. 2012 -ൽ ലണ്ടൻ ഒളിംപിക്സിൽ തിരിച്ചുവന്നപ്പോഴാകട്ടെ, പന്ത്രണ്ടാം സ്ഥാനത്ത് ഇറങ്ങിനിൽക്കേണ്ടിയും വന്നു.
ദോഷൈക ദൃക്കാണെന്നു അപലപിക്കേണ്ട 2020-ൽ കഴിഞ്ഞ ടോക്യോ ഒളിംപിക്സിൽ വെങ്കലമെഡൽ നേടിയപ്പോൾ നീണ്ട 40 വർഷങ്ങൾക്കുശേഷം വിജയപീഠത്തിൽ മൂന്നാം സ്ഥാനത്തെങ്കിലും നമുക്ക് കയറിനിൽക്കാൻ കഴിഞ്ഞു.
അടുത്ത ഒളിംപിക്സ് രണ്ടുവർഷം അകലെയാണെങ്കിലും ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസും പിടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ ചോദ്യം ഉയരുന്നു. വർഷങ്ങളായി ദേശീയവിനോദം എന്ന നെറ്റിപ്പട്ടം കെട്ടി നടക്കുന്ന ഇന്ത്യൻ ഹോക്കിക്ക് എന്തുപറ്റുന്നു? ഈ ചോദ്യം ഉന്നയിക്കുന്നത് ലോകഹോക്കി ഫെഡറേഷന്റെ ഇന്ത്യക്കാരനായ പ്രസിഡന്റാണ്. പഞ്ചാബിൽ നിന്നും ഇന്ത്യൻ ഹോക്കി ഫെഡറേഷൻ ഭാരവാഹിത്വത്തിലും എത്തിയ കോളേജ് അധ്യാപകനായ ഡോ. നരീന്ദർ ബത്ര. 'ഹോക്കി ഇന്ത്യ' എന്ന ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ ഭാരവാഹികളോടാണ് ചോദ്യം ഉന്നയിക്കുന്നത്. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രെസിഡൻറ് കൂടിയായ അദ്ദേഹം ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനേന്ദ്രനിഗോബമിനും, സെക്രട്ടറി ജനറൽ രജീന്ദർസിങിനും അയച്ച കത്തിലാണ് ചോദ്യം എറിഞ്ഞിരിക്കുന്നത്. ടോക്യോ ഒളിംപിക്സിന് ശേഷം, ബംഗ്ലാദേശിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യ നടത്തിയ മോശമായ പ്രകടനങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രായം 93 ലേക്ക് കടക്കവേ, ഈയിടെ മരണപ്പെട്ട ചരൺജിത്സിങ്ങ് എന്ന സെന്റർ ഹാഫ് ബാക്കിന്റെ നേതൃത്വവും, പെനാൽട്ടി ഹിറ്റ്, ഗോളാക്കി മാറ്റാൻ കഴിവുള്ള മൊഹിന്ദർലാലിന്റെ സ്റ്റിക്ക് വർക്കും ഇന്ത്യക്കു ടോക്യോയിൽ 1964 -ൽ സ്വർണം വീണ്ടെടുക്കാൻ സഹായിച്ചുവെന്നത് നേര്.
1980 -ലെ മോസ്കോ ഫൈനലിൽ പെനാൽട്ടിയിൽ നിന്നും ഗോൾ കണ്ടെത്തിയ സുരീന്ദർസിങ്ങിനെപ്പോലുള്ളവരെ അണിനിരത്താൻ നമുക്ക് കഴിയാത്തതെന്തുകൊണ്ട്? തെന്നിന്ത്യയിൽ നിന്നാണെങ്കിലും വാസുദേവ ഭാസ്കരൻ എന്ന ഒരു ക്യാപ്റ്റനെ സൃഷ്ടിക്കാനാവാത്തത് എന്തുകൊണ്ട്?
എന്നാൽ രൂപ്സിങ്ങിനെയും ലെസ്ലി ക്ളാഡിയസിനെയും, ബൽബീർസിങ്ങിനെയും, ഉദ്ധംസിങ്ങിനെയും ധനരാജ്പിള്ളയെയും മുഹമ്മദ് ശാഹിദിനെയും ഇനാമുർ റഹ്മാനെയും പോലുള്ള രാജ്യാന്തര പ്രശസ്തിയുള്ള കളിക്കാർ എന്നും ഇന്ത്യയിൽ പിറന്നിട്ടുണ്ട്. ഇപ്പോഴും ഏഷ്യാ വൻകരയിലെ മികച്ച ജൂനിയർ താരമായി 2014 -ൽ 22 -ആം വയസ്സിൽ ഏഷ്യൻ ഹോക്കി ഫെഡറേഷൻ തെരഞ്ഞെടുത്ത മൻപ്രീത്സിങ്ങ് നായകസ്ഥാനത്തുണ്ട്.
പതിനെട്ടാം വയസ്സിൽ സീനിയർ ടീമിൽ കളി തുടങ്ങിയ കൊച്ചിക്കാരൻ പി.ആർ. ശ്രീജേഷ് 33 -ആം വയസ്സിലും മികച്ച ഗോൾ കീപ്പർക്കുള്ള രാജ്യാന്തര ഹോക്കി സംഘടനാ പുരസ്കാരം നേടി ഇന്ത്യയുടെ ഗോൾ വലയത്തിന് കാവൽ നിൽക്കുന്നു.
എന്നിട്ടും നമ്മുടെ ഹോക്കി ടീമിന് എന്ത് പറ്റുന്നു. നാലുപതിറ്റാണ്ട് കാത്തുനിന്ന ശേഷമാണെങ്കിലും ടോക്യോയിൽ ഒളിംപിക് വെങ്കലമുദ്രയോടെ വിജയപീഠത്തിൽ കയറിനിന്ന നമ്മുടെ ടീമിന് 2019 ൽ മലേഷ്യയിലെ ഇപ്പോയിൽ നടന്ന അസ്ലൻഷാ ഹോക്കിയിൽ എന്താണ് പറ്റിയത്? ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാരായ ജപ്പാനെ രണ്ടു ഗോളടിച്ചു തോൽപിച്ചു കയറിയ മൻപ്രീത് സിങ്ങിന്റെ ഇന്ത്യ, മലേഷ്യയെ 4/-2 നും കാനഡയെ 7/-3 നും പോളണ്ടിനെ പത്തു ഗോളടിച്ചും പരാജയപ്പെടുത്തിയശേഷം റാങ്കിങ്ങിൽ ചുവടെയുള്ള ദക്ഷിണ കൊറിയയോട് 2/4 ന് അടിയറവ് പറയുകയായിരുന്നു.
ബ്യുണസ് അയേഴ്സിൽ കഴിഞ്ഞ ഏപ്രിലിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിൽ പാകിസ്ഥാനെ 3/1 ന് തോൽപ്പിച്ച് മുന്നേറിയ ഇന്ത്യയ്ക്ക് പിന്നെ എന്താണ് പറ്റിയത്? ഏഷ്യാഡ് ചാമ്പ്യൻസായ ജപ്പാനെ അരഡസൻ ഗോളുകൾക്കും ആതിഥേയരായ ബംഗ്ലാദേശിനെ ഒമ്പത് ഗോളുകൾക്കും നാം അന്നവിടെ കീഴടക്കി. എന്നാൽ ഒളിംപിക് വെങ്കല മെഡലുമായി ഇറങ്ങിയ നാം സെമി ഫൈനലിൽ തോറ്റുപോവുകയായിരുന്നു.
ആദ്യ റൗണ്ടിൽ നാം അരഡസൻ ഗോളടിച്ചു തോൽപ്പിച്ച അതേ ജപ്പാനാണ് സെമിയിൽ 5/3 ന് നമുക്കുമേൽ അധീശത്വം പുലർത്തിയത്. ഫലം, കഴിഞ്ഞ തവണ മസ്കറ്റിൽ പാകിസ്ഥാനോടൊപ്പം ചാമ്പ്യൻ പദവി പങ്കിട്ട ഇന്ത്യക്ക് ഇത്തവണ മൂന്നാം സ്ഥാനം മാത്രം. പതിനൊന്ന് പെനാൽട്ടി കോർണർ കിട്ടിയതിൽ രണ്ടെണ്ണം മാത്രം മുതലാക്കാൻ കഴിഞ്ഞതിന്റെ തിക്തഫലം.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഭുവനേശ്വറിൽ നടന്ന ഇന്റർനാഷണൽ ഫെഡറേഷൻ പ്രഫഷണൽ ലീഗിലും ഈ കദനകഥ തുടർന്നു. സ്പെയിനിനോട് മൂന്ന് ഗോളിനു പിന്നിട്ട ശേഷം 5/4 ന് ജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ അതേ സ്പെയിനിനോട് 3/5 ന് അടിയറവു പറയുകയായിരുന്നു. വിദേശകോച്ചുകളെ വീണ്ടും വീണ്ടും പരീക്ഷിച്ച ഇന്ത്യൻ ഹോക്കി ഗ്രഹാംറിഡ് എന്ന ഓസ്ട്രേലിയൻ കോച്ച് ഒപ്പം ഉള്ളപ്പോഴും ഇനിയും ഒരു രക്ഷകനെ തേടേണ്ട നിലയിലേക്ക് വീണുപോയിരിക്കുന്നു. ഇത് ലോക ഹോക്കി ഫെഡറേഷൻ പ്രസിഡന്റിന്റെ മാത്രം ദുഖമില്ല. 140 കോടി വരുന്ന ഓരോ ഇന്ത്യക്കാരന്റെയും വേദനയത്രെ.


