തല മൊട്ടയടിച്ചും മുട്ടില്‍ ഇഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും, ജനശ്രദ്ധ ആകര്‍ഷിച്ചിട്ടും കേരളത്തിനു വര്‍ഷങ്ങളായി നേട്ടങ്ങളുണ്ടാക്കിത്തരുന്ന കായികതാരങ്ങളോട് സംസാരിക്കാന്‍ പോലും സ്പോര്‍ട്സ് മന്ത്രിക്ക് ദിവസങ്ങള്‍ വേണ്ടിവന്നു.
കരിയാടന്‍
കളികളൊന്നും നടക്കാത്ത കാലത്തും ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടോ, വി.കെ.കൃഷ്ണമേനോനോ കോഴിക്കോട്ടെ കോര്പ്പറേഷന് സ്റ്റേഡിയത്തിന്റെ നാലയലത്തുപോലും വന്നതായി ആരും കണ്ടിട്ടില്ല. എങ്കിലും നഗരത്തില്‍ നാഷണലുകള്ക്കും ഇന്റര്‍ നാഷണലുകള്ക്കും സാക്ഷ്യം വഹിച്ച കോര്പ്പറേഷന് സ്റ്റേഡിയത്തിനു ഇ.എം.എസ്സിന്റെ പേരിടാനോ, ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു വി.കെ.കൃഷ്ണ മേനോന്റെ പേര് നല്‍കാനോ ഭരണാധികാരികള്‍ക്കു മണിക്കൂറുകള്‍ മതിയായി.
അതേസമയം നഗരം സൃഷ്ടിച്ച ആദ്യത്തെ ഒളിംപ്യനായ ടി.എ.റഹ്മാന്റെ പേരിലാവണം, ഇവിടെ മെഡിക്കല്‍ കോളേജില്‍ പുതുക്കിപ്പണിത സ്റ്റേഡിയം എന്ന ആവശ്യത്തിനു പന്തു കളിക്കാര്‍ തന്നെ ഏറെക്കാലം മാറിമാറി സമരം ചെയ്യേണ്ടി വന്നു. താന്‍ കളിപഠിച്ച മാനാഞ്ചിറ മൈതാനം കളികള്‍ക്കായി തിരിച്ചു നല്‍കണമെന്ന ആവശ്യവുമായി, കായിക പ്രേമികള്‍ നടത്തിയ സത്യാഗ്രഹത്തിനു ആശുപത്രിക്കിടക്കയില്‍ നിന്നെണീറ്റുവന്നു നേതൃത്വം നല്കിയ ആ ഒളിംപ്യന്‍, ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാതെയാണ് കണ്ണടച്ചത്.
എല്ലാം കളികള്‍ക്കായി സമര്‍പ്പിച്ച്, വേദനയും കണ്ണീരുമായി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന കളിക്കാരെക്കുറിച്ച് അറിയാത്തവരല്ല കേരളത്തില്‍ പല കാലങ്ങളിലായി ഭരണം നടത്തിയവര്‍. ആദ്യ കേരള മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി.തോമസ്, ആലപ്പുഴയില്‍ മധ്യതിരുവിതാംകൂറില്‍ യശോധാവള്യം. പരത്തിയ പന്ത് കളിക്കാരനായിരുന്നു. ആര്.സി.പി. നേതാവായിരുന്ന കെ.പങ്കജാക്ഷന് പണ്ടു കാലത്തെ പ്രശസ്തനായ വോളിബാള്‍ താരം എന്ന നിലയിലാണ് കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രസിഡന്റായത്. മറ്റൊരു ആര്.സി.പി. നേതാവായിരുന്ന മന്ത്രി ബാബു ദിവാകരന് കേരള സര്‍വകലാശാല ഹോക്കി ടീം അംഗമായിരുന്നു. മുസ്ലീംലീഗ് മന്ത്രി ആയിരുന്ന ചാക്കിരി അഹമ്മദ്കുട്ടി സംസ്ഥാനതലത്തില്‍ തന്നെ അറിയപ്പെട്ട ചെസ് കളിക്കാരനായിരുന്നു. മികച്ച യൂണിവേഴ്സിറ്റി അത്ലിറ്റായിരുന്ന പി.കെ.വേലായുധന് കോണ്‍ഗ്രസ് പ്രതിനിധി ആയി മന്ത്രിസഭയിലുണ്ടായിരുന്നതും ചരിത്രം.
എന്നാല്‍ പതിനഞ്ചാം മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് യുവ ജനക്ഷേമത്തിന്റെയും വഖഫ് കാര്യങ്ങളുടെയും ഒക്കെ മന്ത്രിയായി അധികാരത്തിലേറ്റിയ താനൂര്‍ എം.എല്‍.എ. ആയ വി. അബ്ദുറഹിമാനു അവകാശങ്ങള്‍ക്ക് വേണ്ടി സത്യാഗ്രഹം നടത്തുന്ന കായികതാരങ്ങളെ കാണാന്‍ കൂടി ആഴ്ചകള്‍ വേണ്ടിവന്നു.
തിരൂരില്‍ സാറ്റ് ഫുട്ബോള്‍ ക്ലബ് എന്ന പേരില്‍ ഒരു അക്കാദമി സ്ഥാപിച്ച് കൗമാരക്കാരുടെ സ്നേഹാദരങ്ങള്‍ സംമ്പാദിച്ച സംഘാടകനാണദ്ദേഹം. റഷ്യയില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ പോകുകയും, ടോക്യോയില്‍ ഒളിംപിക്സ് കാണാന്‍ ഒരുമ്പെട്ടിറങ്ങുകയും ചെയ്ത ഈ പ്രമുഖ ബിസിനസ്സ്മാന്റെ മനസ്സില്‍ കളികള്‍ നിറഞ്ഞാടുന്നതും കണ്ടവരാണ് ജനങ്ങള്‍. എന്നാല്‍ അവശത അനുഭവിക്കുന്ന കായിക താരങ്ങളെ കാണാന്‍ ആ സ്പോര്‍ട്സ് മന്ത്രിക്ക് ആഴ്ചകള്‍ വേണ്ടിവരുന്നു എന്നത് ദുഃഖകരമാണ്.
സത്യാഗ്രഹമിരുന്നും, തലമൊട്ടയടിച്ചും, ശയനപ്രദക്ഷിണം നടത്തിയും രണ്ടാഴ്ചയോളം കേരള തലസ്ഥാനത്ത് മുട്ടില്‍ ഇഴഞ്ഞു നടന്ന ഇരുനൂറോളം കായിക താരങ്ങളെ ആണ് മന്ത്രി അബ്ദുറഹിമാനു തിരിച്ചറിയാന്‍ കഴിയാതെ പോയത്. ഡിസംബര്‍ പതിനഞ്ചാം തിയ്യതി ചര്‍ച്ച എന്ന അറിയിപ്പ് കേട്ട്, സമരമുഖത്ത് നിന്ന് സ്പോര്‍ട്സ് മാര്‍ സ്പിരിറ്റോടെ മാറിനിന്ന താരങ്ങളുടെ അഞ്ചു പ്രതിനിധികള്‍ രണ്ടു മണിക്കൂറിലേറെയാണ് പൊരിവെയിലില്‍ തിരുവനതന്തപുരത്ത് കാത്തു നിന്നത്. ഓഫീസില്‍ തന്നെ ഉണ്ടായിട്ടും "ഞാനൊന്നുമറിഞ്ഞീല രാമനാരായണ" എന്ന മട്ടില്‍ അദ്ദേഹം ഉറക്കം തൂങ്ങിനിന്നു.
എന്നാല്‍ നിലത്ത് കിടന്നുരുണ്ട് താരങ്ങള്‍ സമരം ഊര്‍ജിതപ്പെടുത്തിയതോടെ പിറ്റേന്നു രാത്രി മന്ത്രി അവരെ ചര്‍ച്ചക്കുവിളിച്ചു. 24 പേര്‍ക്കു ഉടന്‍ നിയമനം നല്‍കാമെന്നും ബാക്കിയുള്ളവരുടെ കാര്യത്തില്‍ ഒന്നരമാസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ മുന്‍താരങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും തീരുമാനമായി. മുകളില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശമനുസരിച്ചാണോ എന്നറിയില്ല, മന്ത്രി നിലപാട് മാറ്റിയത്. കായികതാരങ്ങള്‍ ആ ഉറപ്പ് മാനിച്ച് സമരം നിര്‍ത്തുകയും ചെയ്തു.
തങ്ങളുടെ ഊര്‍ജമാകെ സംസ്ഥാനത്തിനു നേട്ടങ്ങളാക്കി മാറ്റുന്നവരാണ് കായികതാരങ്ങള്‍. അവരില്‍ മിടുമിടുക്കരായ 50 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ വര്‍ഷംതോറും ജോലി നല്‍കാറുമുണ്ട്. എന്നാല്‍ 2010 മുതല്‍ ലഭിക്കേണ്ടുന്ന 250ല്‍ പരം നിയമനങ്ങള്‍ വര്‍ഷങ്ങളായിട്ടും നടത്തില്ല. സര്‍ക്കാരാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പ് അവസരത്തില്‍ അവകാശപ്പെട്ടത് അര്‍ഹതപ്പെട്ട കായികതാരങ്ങള്ക്കെല്ലാവര്ക്കും ജോലി നല്കിയ സര്‍ക്കാരാണിത് എന്നായിരുന്നു. എന്നാല്‍ ജോലികിട്ടിയത് ഫുട്ബോള്‍ താരം സി.കെ.വിനീത് എന്ന ഒരാള്‍ക്കു മാത്രവും. മറ്റു നിയമന ഉത്തരവുകളൊക്കെയും ധനകാര്യ വകുപ്പില്‍ കുടുങ്ങിക്കിടക്കുകയായിരുന്നത്രെ.
2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മത്സര ജേതാക്കളായ വി.കെ.വിസ്മയ, മുഹമ്മദ് അനസ്, കുഞ്ഞിമുഹമ്മദ്, നീനാ പിന്റോ, പി.യു.ചിത്ര എന്നിവര്‍ വര്‍ഷങ്ങളായി കാത്തിരിപ്പിലാണ്.
ബിരുദാനന്തര ബിരുദങ്ങള്‍ നേടിയിട്ടും തൊഴില്‍ രഹിതരായി കഴിയുന്ന വനിതാ ഫുട്ബാള്‍ താരങ്ങളായ നിഖില, അതുല്യ എന്നിവരും, കളികളില്ലെങ്കില് ചുമടെടുക്കാന്‍ പോകുന്ന ജെയിംസ് ജോയി എന്ന നാഷണല്‍ റഫറിയും ഓട്ടോറിക്ഷ ഓടിക്കുന്ന കോട്ടയത്തെ ഫിഫാ റഫറി സന്തോഷ്കുമാറും ഒക്കെ ഉള്‍പ്പെട്ട കായികനിരയാണ് കേരളത്തിന്റേത്
ഫുട്ബോള്‍ കോച്ചിങ്ങില്‍ ഡി-ലൈസന്‍സുണ്ടായിട്ടും ബേക്കറിയില്‍ നിന്ന് കേക്കുകള്‍ വാങ്ങി ഡെലിവറി നടത്തുവാന്‍ വിധിക്കപ്പെട്ടവനാണ് മുന്‍ മോഹന്ബഗാന് താരം വാഹിദ് സാലി എന്ന കോഴിക്കോട്ടുകാരന്.
കഴിഞ്ഞ ഫെബ്രുവരിയില്‍ റാങ്ക് ലിസ്റ്റ് എന്നു പറഞ്ഞു അന്നത്തെ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജോന് ഒരു പട്ടിക തയാറാക്കിയിരുന്നു. അതില്‍ ബാക്കിയുള്ളവര്‍ക്ക് ഉടന്‍ നിയമനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബോക്സിങ്ങിലെ ലോക ചാംപ്യന്‍ മുഹമ്മദലി അമേരിക്കയില്‍ മരണപ്പെട്ടപ്പോള്‍ കേരളത്തിനു വന്നഷ്ടമെന്നു അനുശോചന സന്ദേശം ഇറക്കിയ മന്ത്രിക്കു താന്‍ നല്കിയ വാഗ്ദാനമൊന്നും പിന്നെ ഓര്‍ക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ പുതിയ മന്ത്രി അബ്ദുറഹിമാന് തന്റെ ജില്ലയില്‍ തന്നെ നാലു സ്റ്റേഡിയങ്ങള്‍ രൂപപ്പെടുത്തി എടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ആളാണ്. അക്കാരണത്താല്‍ തന്നെ അദ്ദേഹത്തില്‍ പ്രതീക്ഷകളേറെ അര്‍പ്പിച്ച കായിക താരങ്ങള്‍ക്കാണ് ഇങ്ങനെ ഒരു വ്യത്യസ്ത സമരം നടത്തേണ്ടി വന്നത്. സ്പോര്‍ട്സ് കൗണ്‍സിലിലെ നിയമനങ്ങളില്‍പോലും സ്വജനപക്ഷപാതം ആരോപിക്കപ്പെടുന്ന കാലത്ത് പ്രതീക്ഷകള്‍ സമയത്തിനുതന്നെ ഫലപ്രദമാവുമെന്ന പ്രതീക്ഷയിലാണ് കായിക കേരളം..

