അയൽ രാജ്യങ്ങളിൽ മൂന്നു എണ്ണത്തിൽ മാത്രം ന്യുനപക്ഷ പീഡനം കാണുകയും അവിടെ നിന്നുള്ള അഭയാർഥികളിൽ ഒരു മതവിഭാഗക്കാർക്കുമാത്രം വിലക്ക് കല്പിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയുടെ വിഖ്യാതമായ മതേതര ഭരണ ഘടനക്കാണ് പരിക്കേൽക്കുന്നത്.
എൻ.അബു
22 കോടി മുസ്ലിംകളുള്ള ഇൻഡോനേഷ്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ഇസ്ലാം മതവിശ്വാസികളുള്ള നാട് ഇന്ത്യയാണ്. 20 കൊടിയിൽപ്പരം പാകിസ്ഥാനിൽ മുസ്ലിം ജനസംഖ്യ 17 കോടി മാത്രമേയുള്ളു.
എങ്കിലും ഇന്ത്യയിൽ മുസ്ലിംകൾ മൊത്തം ജനസംഖ്യയുടെ പതിനാലു ശതമാനം മാത്രമേ വരുന്നുള്ളു. അവർ ഇവിടെ പെറ്റുപെരുകുകയാണെന്നു പറഞ്ഞു സംഘപരിവാർ ഹാലിളക്കുന്നുണ്ടെങ്കിലും, 700 വർഷം മുസ്ലിം രാജാക്കന്മാർ നമ്മുടെ നാട് ഭരിച്ചിരുന്നിട്ടും ഇവിടെ മുസ്ലിം ജനസംഖ്യ വർധിപ്പിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല എന്നത് ചരിത്രം.
വിവിധ നാടുകളിൽ നിന്ന് ഇന്ത്യയിലേക്ക് വരാനും ഇവിടുത്തെ പൗരന്മാരായി ജീവിക്കാനും ആഗ്രഹിക്കുന്ന ഒട്ടേറെ പേരുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം സ്വന്തം ചോരകൊണ്ട് എഴുതി വീരചരമം പ്രാപിച്ച മുസ്ലിംകളും അക്കൂട്ടത്തിൽപ്പെടുന്നു.
നമ്മുടെ നാടിന്റെ സത്വരമായ ജനാധിപത്യ വ്യവസ്ഥയും, ഏറെ പുകഴ്ത്തപ്പെട്ട മതനിരപേക്ഷ ഭരണഘടനയും ആണ് ഇന്നും ഇന്ത്യയുടെ ആകർഷണം.
എന്നാൽ ഇന്ത്യൻ പൗരനാവാൻ ഭരണഘടന നിഷ്കർഷിക്കുന്ന വ്യവസ്ഥയിൽ മായം ചേർക്കാനാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലേറിയ സംഘ്പരിവാർ ശ്രമിക്കുന്നത്. പതിനേഴാം ലോക്സഭ രൂപവൽക്കരിക്കാനായി 2019 ഏപ്രിൽ-മെയ് കാലഘട്ടത്തിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 545 അംഗസഭയിലേക്ക് ഭാരതീയ ജനതാപാർട്ടി തനിച്ചുതന്നെ 303 സീറ്റുകൾ കരസ്ഥമാക്കുകയുണ്ടായി. സഖ്യകക്ഷികൾ കൂട്ടുചേർന്നതോടെ എൻ.ഡി.എ. എന്ന ഭരണമുന്നണിക്ക് 353 സീറ്റുകളായി, മുന്നിൽ രണ്ടുഭൂരിപക്ഷവുമായി. കോൺഗ്രസ് 52 സീറ്റുകളിലൊതുങ്ങി. അവരുടെ കൂട്ടുകക്ഷികളടക്കം യു.പി.എ.ക്ക് ജയിക്കാൻ കഴിഞ്ഞത് 91 സീറ്റുകൾ മാത്രം. ഇതരകക്ഷികൾ ചേർന്നു 98 മണ്ഡലങ്ങൾ കൈവശപ്പെടുത്തി.
എഴുഘട്ടങ്ങളിലായി അന്നു നടന്ന ആ തെരഞ്ഞെടുപ്പ് എത്രമാത്രം സുതാര്യമായിരുന്നു എന്നു അറിയാനിരിക്കുന്നേയുള്ളു. രണ്ടു പ്രമുഖ സ്ഥാപനങ്ങൾ നിർമ്മിച്ചുനൽകി, പ്രതിഫലം വാങ്ങിയെന്നു രേഖപ്പെടുത്തപ്പെട്ട 19 ലക്ഷം വോട്ടിംഗ് യന്ത്രങ്ങൾ കാണാതായെന്ന് ആരോപണം നിലനിൽക്കുക തന്നെയാണ്. ആ പശ്ചാത്തലത്തിലായിരുന്നു നരേന്ദ്രമോദി ഭരണകൂടത്തിന്റെ അരങ്ങേറ്റം. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന വോട്ടിംഗ് യന്ത്ര കണക്കുകളുടെ നിജസ്ഥിതി കോടതിയിൽ ഇപ്പോഴും തങ്ങിക്കിടക്കുകയാണ്.
അതിനിടയിൽ ഇന്ദ്രപ്രസ്ഥത്തിലിരുന്നു ഭരണചക്രം തിരിക്കാൻ തുടങ്ങിയ മോദി സർക്കാർ അടുത്ത തെരഞ്ഞെടുപ്പിനുമുമ്പ് എന്തൊക്കെ നേടിയെടുക്കാൻ സാധിക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു. ഗുജറാത്തിലെ മുസ്ലിം കൂട്ടക്കൊലകൾക്ക് അന്നു അവിടെ മുഖ്യമന്ത്രി ആയിരുന്ന മോദിക്ക് വലംകയ്യായി പ്രവർത്തിച്ചുവെന്ന ആരോപണത്തിൽപ്പെട്ട അമിത്ഷായെ കേന്ദ്ര ഗവൺമെന്റിൽ ആഭ്യന്തരമന്ത്രിയായി പ്രതിഷ്ഠിച്ച പ്രധാനമന്ത്രി, എല്ലാ കാര്യങ്ങളും ബി.ജെ.പി.യുടെ ആ അഖിലേന്ത്യാ അധ്യക്ഷന്റെ ഇംഗിതത്തിനു വിട്ടുകൊടുക്കുകയായിരുന്നു.
ഗോവധ നിരോധനത്തിന്റെ പേരിൽ ആളുകളെ തല്ലിക്കൊല്ലുന്ന കൊലക്കത്തി രാഷ്ട്രീയം പലയിടങ്ങളിലും അരങ്ങേറി. നോട്ട് നിരോധനം കൊണ്ടുവന്നും ചരക്കു നികുതി വ്യാപകമാക്കിയും സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളുമൊക്കെ പരാജയപ്പെട്ടു. തൊഴിലില്ലായ്മ രൂക്ഷമായി. അതിനേക്കാൾ വലിയ പ്രശ്നം മുത്തലാഖാണെന്നു കരുതി, മുസ്ലിം വ്യക്തി നിയമത്തിൽ കൈകടത്താനും മോദി സർക്കാർ കാത്തുനിന്നില്ല.
ജമ്മു-കാശ്മീരിനു ഭരണഘടന അനുവദിച്ച പ്രത്യേക പദവി റദ്ദാക്കി. പിന്നാലെയാണ് പൗരത്വ ഭേദഗതി ബില്ലുമായുള്ള രംഗ പ്രവേശം. ആസ്സാമിൽ അത് തുടങ്ങാമെന്ന് വെച്ചു .1220 കോടി രൂപാ ചെലവാക്കി കണക്കെടുത്ത് തുടങ്ങിയപ്പോൾ 19 ലക്ഷം പേർ ദേശീയ പൗരത്വ പട്ടികക്ക് പുറത്തായി. മുൻ രാഷ്ട്രപതി ഫഖ്റുദ്ദീൻ അലി അഹമ്മദിന്റെ ബന്ധുക്കളും, മുൻ മുഖ്യമന്ത്രി അൻവാര തൈമൂറിന്റെ അനുയായികളും തുടങ്ങി, മുപ്പത് കൊല്ലം ഇന്ത്യൻ അതിർത്തിയിൽ ജീവൻ പണയം വെച്ചു കാവൽനിന്ന ലെഫ്. മുഹമ്മദ് സനാഉല്ല അതിൽപ്പെട്ടു. ഇതറിഞ്ഞപ്പോൾ പക്ഷേ അവരുടെയൊക്കെ സമുദായം നോക്കി സംഘ്പരിവാർ ഭരണം ആഹ്ലാദം കൊള്ളുകയായിരുന്നു.
എന്നാൽ പുറത്തായ 19 ലക്ഷത്തിൽ പന്ത്രണ്ടുലക്ഷം പേർ ബംഗ്ലാദേശിൽ നിന്നും മറ്റും വന്ന ഹിന്ദു സഹോദരങ്ങളാണെന്നു ആസ്സാം മുഖ്യമന്ത്രി തന്നെ വിളിച്ചു പറഞ്ഞപ്പോൾ ഭരണകൂടത്തിനു കൈപൊള്ളി. എം. എൽ.എ. ആയ ആനന്ദ്കുമാർ മുലയും, രണ്ടു യുദ്ധത്തിൽ പങ്കെടുത്തതിനു വീരചക്രം ലഭിച്ച ബ്രിഗേഡിയർ കെ.പി.ലഹിരിയും, പ്രമുഖ പട്ടുവസ്ത്ര വ്യാപാരി രാധാകൃഷ്ണ സരസ്വതിയും, രാജസ്ഥാനിൽ ബി.ജെ.പി.യുടെ നേതൃ നിരയിലുള്ള ആസ്സാം സ്വദേശി പവൻകുമാറും ഒക്കെ അതിൽപെട്ടെന്നു വന്നു. വിദ്യാർഥികളും ഗൂർഖകളും അടങ്ങുന്ന ജനസഞ്ചയങ്ങൾ പ്രതിഷേധക്കൊടുങ്കാറ്റായി തെരുവിലിറങ്ങി.



