തല എണ്ണി നിയോജക മണ്ഡലങ്ങൾ വീതിക്കുമ്പോൾ, ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും വോട്ട് മൂല്യങ്ങൾക്ക് ഏറ്റകുറച്ചിൽ സംഭവിക്കുന്നത് നാം കാണാതെ പോകുകയാണോ?
എൻ. അബു
ജനസംഖ്യാ വിസ്ഫോടനമാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നു സാമ്പത്തിക വിദഗ്ദന്മാർ പറഞ്ഞു നടന്നിരുന്ന ഒരു കുടുംബാസൂത്രണ കാലം നമുക്കുണ്ടായിരുന്നു. ജനനങ്ങൾ കുറക്കണമെന്നു പറഞ്ഞു. അവർ പല പദ്ധതികളും ആവിഷ്ക്കരിച്ചു . ഭരണാധികാരികൾ ആകട്ടെ "നാം രണ്ട്, നമുക്ക് രണ്ട്" എന്നു പറഞ്ഞു പരിപാടി തുടങ്ങി. അത് ഫലം ചെയ്തില്ല എന്ന് കണ്ടപ്പോൾ "നാം ഒന്ന്, നമുക്ക് ഒന്ന്" എന്ന് മുദ്രാവാക്യം മാറ്റി എഴുതി. ഇന്നിപ്പോൾ നാമും ഇല്ല നമുക്കും ഇല്ല എന്ന നിലയിലായിരിക്കുന്നു അനുഭവം. പൊതുവിൽ ലോകത്തു എല്ലാവരുടെയും ആയുർ ദൈർഘ്യം കൂടുകയും കൗമാരക്കാരുടെ നാട്, വൃദ്ധജനങ്ങളുടെ രാഷ്ട്രമായി മാറുകയും ചെയ്യുകയാണോ എന്ന സംശയം.
നാലഞ്ചു വർഷംകൊണ്ട് ജനസംഖ്യയിൽ ചൈനയെ ഇന്ത്യ കടത്തിവെട്ടുമെന്നു പലരും പറയുന്നുണ്ട്. എന്നാൽ സാമ്പത്തിക ഭദ്രത പിടിച്ചു നിർത്താനായി തൊഴിലെടുക്കുന്ന കരങ്ങളെ കണ്ടെത്താൻ ചൈന എന്ന ആ മഹാരാജ്യം ഇന്ന് പാടുപെടുകയാണത്രെ. നാം ബംഗാളികളെയും , കർണാടകക്കാരെയും ഒക്കെ പിടിച്ചു നമ്മുടെ ദൈനംദിന പരിപാടികൾ നിർവഹിക്കാൻ ഏൽപിക്കുന്നതുപോലെ ഇതരരാജ്യങ്ങളിൽ നിന്നു തന്നെയുള്ള കുടിയേറ്റക്കാരെ കൂട്ടമായി തന്നെ സ്വാഗതം ചെയ്താലോ എന്ന് മധുരമനോഹര ചൈന ചിന്തിക്കുന്നുവത്രെ.
അതെന്തായാലും അടുത്ത അഞ്ചുവർഷത്തേയ്ക്ക് 135 കോടി ജനങ്ങളെ സമത്വ സുന്ദര ഭാരതത്തിലേക്ക് നയിക്കാൻ കെല്പുള്ള പാർലമെന്റ് അംഗങ്ങളെ കണ്ടെത്താനുള്ള യത്നത്തിലാണ് നാം. പതിനേഴാമത് ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി ഇന്ത്യയിൽ നടക്കുകയാണ്.
ലോകത്തിനാകെ മാതൃകയായി നാം അംഗീകരിച്ച ഭരണഘടന നൽകുന്ന പ്രായപൂർത്തി വോട്ടവകാശത്തിന്റെ ബലത്തിലാണ് തിരഞ്ഞെടുപ്പ്. ഇവിടെ കൊച്ചു കേരളവും തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. കേരളം ഏപ്രിൽ 23 നാണ് പോളിംഗ്ബൂത്തിലേക്ക് നീങ്ങുക. മറ്റെല്ലാ സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും ഫലപ്രഖ്യാപനം ഒരു മാസത്തിനു ശേഷം, മെയ് 23 ന്. കേരളത്തിൽ മൂന്നു മുന്നണികളും മുറി സ്വതന്ത്രരും ഇതിനകം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും ആര്, ആർക്കെതിരെ എന്ന ചിത്രം വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. ഇതെഴുതുമ്പോൾ വോട്ടർ പട്ടികപോലും പരിപൂർണമായിട്ടില്ല. പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി കഴിഞ്ഞത് തന്നെ ഇക്കഴിഞ്ഞ ആഴ്ചയിലായിരുന്നല്ലോ.
അഞ്ചു വർഷം മുമ്പ് 2014 ഏപ്രിൽ പത്തിനു നടന്ന കേരളത്തിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രണ്ടരക്കോടി വോട്ടർമാരിൽ 74 ശതമാനത്തോളം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി 12 സീറ്റ് ജയിച്ചപ്പോൾ രണ്ടു സ്വതന്ത്രർ ഉൾപ്പെടെ എട്ടെണ്ണം സിപിഎം നയിച്ച ഇടത് മുന്നണിക്കനുകൂലമായാണ് വിധിയെഴുതിയത്.
വിചാരിച്ചാൽ വനിതകൾക്ക് തന്നെ ഭാഗധേയം നിർണയിക്കാവുന്നതാണ്, ഇന്ത്യയിലെ വോട്ടവകാശം. ഒരാൾക്ക് ഒരു വോട്ട് എന്നതാണല്ലോ നമ്മുടെ തിരഞ്ഞെടുപ്പ് രീതി. പതിനെട്ടു വയസു തികഞ്ഞ പുതിയ വോട്ടർമാർ ഇത്തവണയും നല്ല ഒരു ശതമാനം പട്ടികയിൽ കടന്നു വന്നിട്ടുണ്ടെങ്കിലും അവരിൽ ഭൂരിപക്ഷവും സ്ത്രീകൾ തന്നെ. തദ്ദേശ ഭരണസ്ഥാപനങ്ങളിൽ 33 ശതമാനം സ്ത്രീ സംവരണം അനുവദിച്ചു് മാതൃക കാട്ടിയപ്പോഴും നിയമസഭയിലേക്കോ, ലോകസഭയിലേക്കോ ആ വഴിക്കുള്ള ചിന്ത ഒരു കക്ഷിയിലും ഉണ്ടായിട്ടില്ല. അറിഞ്ഞിടത്തോളം സ്ഥാനാർഥി പട്ടികയിലും ആ അസന്തുലിതാവസ്ഥ നിലനിൽക്കുന്നു. ഇന്ത്യയാകെ വനിതാസ്ഥാനാർഥികളിൽ എണ്ണം കൂടിയിട്ടുണ്ടെന്നു കണക്കുകൾ പറയുമ്പോഴും 1952 ൽ മൂന്നു ശതമാനമായിരുന്നത് ഇപ്പോൾ ഏഴു ശതമാനം വരെ മാത്രമേ എത്തിയിട്ടുള്ളൂ.
കഴിഞ്ഞ ലോകസഭയിലേക്ക് നാം 543 പേരെ തെരെഞ്ഞടുത്തയച്ചപ്പോൾ, 62 പേർ മാത്രമായിരുന്നു സ്ത്രീകൾ – കേരളത്തിൽ നിന്നുള്ള പി കെ ശ്രീമതി അടക്കം. മത്സരരംഗത്തുണ്ടായിരുന്ന 65 സ്ത്രീകൾക്കു രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടിവന്നു. കൂട്ടിവായിക്കാമെങ്കിൽ കേരളത്തിൽ ഇതിനകം നടന്ന പതിനാറു തിരഞ്ഞെടുപ്പുകളിൽ എട്ടു വനിതകൾ മാത്രമേ ജയിച്ചു കയറിയിട്ടുള്ളൂ. ആദ്യ ലോകസഭയിലെ പത്തു വനിത അംഗങ്ങളിൽ ഒരാളായിരുന്ന തിരുവന്തപുരത്തെ ആനി മസ്ക്രീൻ മുതൽ ഇക്കഴിഞ്ഞ സഭയിൽ അംഗമായിരുന്ന കണ്ണൂർക്കാരി പി കെ ശ്രീമതി വരെ.
244 അംഗങ്ങളുള്ള രാജ്യസഭയിലാകട്ടെ വനിതാ പ്രാധിനിത്യം 28 മാത്രമാണ് പാർലെമെന്റിലാകെ സ്ത്രീകൾ പതിനൊന്നര ശതമാനമേയുള്ളൂ എന്നർത്ഥം. രാഷ്ട്രപതിയായും പ്രധാനമന്ത്രിയായും ലോകസഭാ സ്പീക്കറായും സുപ്രീം കോടതി ജഡ്ജിയായും പാർട്ടി പ്രസിഡന്റുമാരായും ഒക്കെ മഹിളാമണികളെ കണ്ടെത്തിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. ബേഠി ബചാവോ, ബേഠി പഠാവോ മുദ്രവാക്യങ്ങളൊക്കെ ജനിക്കുന്നതിന് വർഷങ്ങൾക്കുമുമ്പ്.
രാഷ്ട്രീയ പാർട്ടികളിലാകെ പുരുഷാധിപത്യം തുടരുമ്പോൾ, മികവ് തെളിയിക്കുന്ന വനിതകൾക്കുപോലും മത്സരിക്കാൻ ടിക്കറ്റ് കിട്ടുക പ്രയാസമാണ്. സ്വതന്ത്രരായി അങ്കത്തട്ടിലിറങ്ങാൻ സ്ത്രീ ജനങ്ങൾക്ക് അവരുടേതായ പരിമിതികൾ വേറെയും ഉണ്ടല്ലോ. ജാതിയും മതവുമെല്ലാം സ്ഥാനാർഥി പരിഗണനയിൽ കയറിക്കളിക്കുമ്പോൾ ഇത് കൂടുതൽ രൂക്ഷതരവുമാകുന്നു. പാർട്ടികളാകട്ടെ വനിതകൾക്ക് പ്രാമുഖ്യം നൽകുമെന്നു പ്രഖ്യാപിച്ചുകൊണ്ട് ഓരോ തെരെഞ്ഞെടുപ്പവസരങ്ങളിലും പന്നിപ്പേറ് പോലെ പെറ്റുപെരുകുകയും ചെയ്യന്നു. ഭാഗ്യത്തിന് ഇത്തവണ കേരളത്തിൽ ഇതിനകം ആറു പേരുകൾ സ്ഥാനാർത്ഥി പട്ടികയിൽ പ്രത്യക്ഷപെട്ടു കാണുന്നുണ്ട്. അവരിൽ എത്ര പേർക്ക് ജയസാധ്യത ഉണ്ട് എന്ന് കണ്ടറിയണം.
കഴിഞ്ഞ രണ്ടരമാസത്തിനകം, ഇരുന്നൂറോളം പാർട്ടികളാണ് രജിസ്ട്രേഷനു അപേക്ഷ നൽകിയതെന്നു ഔദ്യോഗികമായി പ്രസ്താവിക്കപ്പെടുകയുണ്ടായി. ഇതോടെ പാർട്ടികൾ 2372 ആയി. രജിസ്ട്രേഷൻ നേടിയിട്ടും അംഗീകാരം ലഭിക്കാതെപോയ പാർട്ടികൾ 2301. ബിജെപി, കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, സിപിഐ, സിപിഎം, എൻസിപി എന്നീ ഏഴു കക്ഷികൾക്ക് മാത്രമാണ് ദേശീയ അംഗീകാരമുള്ളത്. സംസ്ഥാന പാർട്ടികളായി അംഗീകാരമുള്ളത് 64 പാർട്ടികൾക്ക് മാത്രമാണ്. കേരളത്തിൽ ജനതാദൾ എസും, മുസ്ലിം ലീഗും, കേരള കോൺഗ്രസ്സും, ആർ.എസ്.പി യും ഇതിൽപ്പെടുന്നു.
അഴിമതി നിവാരണം, തൊഴിൽ ലഭ്യത, ജലസൗകര്യം ആരോഗ്യ സംരക്ഷണം, കാർഷിക വായ്പ്പ, ഗതാഗത സൗകര്യം തുടങ്ങിയവയൊക്കെ അവകാശങ്ങളായിക്കണ്ടാണ് ജനങ്ങൾ തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതെന്നു നമുക്കറിയാം. സ്ത്രീശാക്തീകരണം മുതൽ ഭീകരതയ്ക്കെതിരായ പോരാട്ടം വരെ വോട്ട് ചെയ്യാൻ വരിനിൽക്കുന്നവരുടെ മനസ്സുകളിലേക്ക് നേതാക്കൾ കടത്തി വിടാറുണ്ട്.
എന്നാൽ ഒരാൾക്ക് ഒരു വോട്ട് എന്ന നിയമം പറയുമ്പോഴും ഓരോ സംസ്ഥാനത്തും വോട്ടിന്റെ മൂല്യത്തിൽ ഏറ്റക്കുറച്ചിൽ ഏറെയാണ്. ഇത് നിയോജക മണ്ഡലങ്ങളിലും പ്രതിഫലിക്കുന്നത് സ്വാഭാവികം. പത്തുലക്ഷം പേർക്ക് ഒരു മണ്ഡലം എന്ന നിലക്കാണ് നമ്മുടെ കണക്കെങ്കിലും, അവിടെ ഓരോയിടത്തും വോട്ടർമാരുടെ എണ്ണം ആറുലക്ഷത്തിൽ കുറവാണു. അതേസമയം തെലങ്കാനയിലെ 32 ലക്ഷം വോട്ടർമാർക്ക് മൽകാജ് ഗിരി എന്ന ഒരൊറ്റ നിയോജകമണ്ഡലമേയുള്ളൂ. അര ലക്ഷം വോട്ടർമാർ മാത്രമുള്ള ലക്ഷദ്വീപിന് ഒരു എംപി യെ തിരഞ്ഞെടുത്തയാക്കാനും കഴിയും. ഫലത്തിൽ ഒരു ലക്ഷദ്വീപ്കാരന്റെ വോട്ടിനു മൽകാജ് ഗിരിയിലെ 64 വോട്ടിന്റെ വില ഉണ്ടെന്നർത്ഥം. മൂന്നു ലക്ഷം വോട്ടർമാരുണ്ടായിട്ടും ഡൽഹിക്കുപോലും കിട്ടാത്ത സൗഭാഗ്യം. ഭാഗ്യത്തിന് കേരളത്തിലെ ഒരു വോട്ടിനു ദേശീയ ശരാശരിയുടെ ഒന്നേകാൽ ഇരട്ടി മൂല്യമുണ്ടെന്ന് നമുക്ക് അഭിമാനിക്കാമെന്നുമാത്രം.
ജനപ്രാധിനിത്യനിയമത്തിൽ ഭേദഗതികൾ വരുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചാൽ മാത്രമേ ജനാധിപത്യം അതിലിന്റെ ശരിയായ അർത്ഥത്തിൽ വിജയിക്കുകയുളൂ.









