വർഷങ്ങൾക്കപ്പുറത്ത് കാര്യമായി ഒന്നുമില്ലാത്ത നമ്മുടെ കേന്ദ്രബഡ്ജറ്റ് അപ്പോഴും പറയുന്നു സാമ്പത്തികനില ഭദ്രമെന്നു. പിന്നെ എന്തിനു വിമാനത്താവളങ്ങൾ വിൽക്കുന്നു? റെയിൽവേ സ്വകാര്യവല്കരിക്കുന്നു? പാചകവാതകത്തിനു മുമ്പൊരിക്കലുമില്ലാത്ത വിധം മൂന്നിരട്ടി വില കൂട്ടുന്നു?
എൻ അബു
സ്വച്ഛ ഭാരത് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർ ഭരണഘടനയെത്തന്നെ അട്ടിമറിക്കുകയാണ്. കോടിക്കണക്കിനു രൂപ അധികൃതരുടെയെല്ലാം ഒത്താശയോടെ വെട്ടിച്ചെടുത്ത് കടൽ കടന്നു പോയവരുടെ പട്ടിക നീണ്ടുപോവുമ്പോഴും ദരിദ്രനാരായണൻമാരുടെ പിച്ചച്ചട്ടിയിൽ നിന്നു കയ്യിട്ടുവാരാൻ ശ്രമിക്കുന്നു ഭരണാധികാരികൾ.
രാഷ്ട്രത്തിന്റെ സാമ്പത്തിക ഭാവിയെകുറിച്ച് ധനശാസ്ത്ര വിദഗ്ദൻമ്മാർ ആശങ്ക പെടുമ്പോൾ ആ വിവരമൊന്നും നാട്ടുകാർ അറിയാതിരിക്കാൻ ഭരണകൂടം തന്നെ വംശഹത്യക്കു നേതൃത്വം നൽകുന്നു.
അരുൺ ജെറ്റ്ലിയെ തുടർന്നു ധനമന്ത്രിപദം ഏറ്റെടുത്ത നിർമലാ സീതാരാമൻ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്ത മഹിളയാണെങ്കിലും അവർ ധനകാര്യ വിദഗ്ദയാണെന്നു ആരും പറയില്ല. കളിമൺ പാത്രങ്ങൾക്കുവരെ വിലകൂടുന്നതരത്തിലുള്ള ബജറ്റ് പ്രഖ്യാപനമാണല്ലോ മന്ത്രി നടത്തിയത്. പിന്നാലെ പാചകവാതകത്തിനു 148 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ 284 രൂപയുടെ വർധന.
കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും പറഞ്ഞു നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയിട്ട് ആറേഴ് വര്ഷങ്ങളായി. കള്ള നോട്ടിന്റെ അന്ത്യം കുറിക്കുമെന്നും പറഞ്ഞു. ഒരു രാത്രിയിൽ നോട്ട് നിരോധനം പ്രഖ്യാപിച്ചവർ നോക്കിനിൽക്കുമ്പോഴും കള്ളനോട്ടുകൾ ബി.ജെ.പി. നേതാവിൽ നിന്ന് കൂടി പിടികൂടിയ വാർത്തയും നാം വായിച്ചു.
ബാങ്കുകളെ വെട്ടിച്ചു കോടിക്കണക്കിനു രൂപയുമായി കടൽ കടക്കുന്നു, മുപ്പതിലേറെപ്പേർ. മിക്കവരും ഗുജറാത്ത് സ്വദേശികളാണെന്നു കൂടി കൂട്ടി വായിക്കുമ്പോൾ പ്രദാനമന്ത്രി നരേന്ദ്രമോദിയെയും അഭ്യന്തര മന്ത്രി അമിത്ഷായെയും പ്രസവിച്ച സംസ്ഥാനത്തിന് എന്ത് പറയാനുണ്ട്. എന്നിട്ടും വിദേശ നിക്ഷേപം കുത്തനെ കൂടുമെന്ന പ്രസ്താവനയാണ് ധനമന്ത്രിയുടേത്. ലോകമാകെ സാമ്പത്തിക ദുരിതമനുഭവിക്കുന്ന കാലഘട്ടത്തിലാണിതെന്നു ഓർക്കണം.
തമിഴ്നാട്ടിൽ തിരുച്ചിറപ്പള്ളി സീതാലക്ഷ്മി കോളേജിൽ നിന്നു സാമ്പത്തിക ശാസ്ത്രം പഠിച്ചു കയറിയ ആൾ എന്ന നിലയിലാവണം നേരത്തെ വാണിജ്യവകുപ്പിന്റെ ചുമതല വഹിച്ചിടത്തു നിന്നു മാറ്റി ധനമന്ത്രാലയത്തിന്റെ വകുപ്പ് ഈ അറുപതുകാരിയെ മോദി ഏൽപ്പിച്ചത്. എന്നാൽ പ്രതീക്ഷിച്ച വളർച്ചാനിരക്ക് നാടിനു നേടാനായില്ലെന്നു ബജെറ്റ് അവതരണത്തിനു തലേന്ന് പാർലമെന്റിൽ അവതരിക്കപ്പെട്ട സാമ്പത്തിക സർവേ പറയുമ്പോഴും നമ്മുടെ സാമ്പത്തിക നില ഭദ്രമാണെന്നു അവർ അവകാശപ്പെടുന്നു.
രണ്ടേമുക്കാൽ മണിക്കൂർ സംസാരിച്ചിട്ടും ബജെറ്റ് പ്രസംഗം പൂർത്തിയാക്കാൻ കഴിയാതെവന്ന ധനമന്ത്രി, ഒരു മണിക്കൂർ സമയമെടുത്ത് മറുപടി പ്രസംഗം നടത്തി. ആദായനികുതി ഘടനയിൽ കാര്യമായ മാറ്റം വരുത്തിയെന്നു പ്രഖ്യാപിച്ച അവർ തന്നെ പക്ഷെ സമ്മതിച്ചത്. ആ വകയിൽ തന്നെ രാജ്യത്തിന് 40000 കോടി രൂപയുടെ വരുമാനവും ഉണ്ടാകണമെന്നാണ്.
കർഷകരുടെ വരുമാനവും ഇരട്ടിയാകുമെന്ന് പ്രഖ്യാപിക്കുമ്പോഴും നാട്ടിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാൻ ഫലപ്രദമായ ഒരു നടപടിയും ബജറ്റിലില്ല. പ്രോവിഡന്റ് ഫണ്ട് മുതൽ നാഷണൽ പെൻഷൻ സ്കീം വരെ നികുതിയുടെ പരിധിയിൽ കൊണ്ടുവരികയും ചെയ്യുന്നു. ഫലം സമ്പന്നന്മാർ അതിസമ്പന്നരാകുന്നു, ദരിദ്രനാരായണന്മാർ, പരമ ദരിദ്രനാരായണന്മാരാകുന്നു.
ഐ.ഡി.ബി.ഐ.മുതൽ ൽ.ഐ.സി.വരെയുള്ളവയുടെ ഓഹരികൾ വിറ്റും ധനം സമാഹരിക്കാനാണ് മോദി ഭരണത്തിന്റെ നീക്കം. അങ്ങനെയെങ്കിലും കരകയറാനൊക്കുമോ എന്നുള്ള നോട്ടം.
തിരുവന്തപുരത്തു ബി.എസ്.എൻ.എൽ. ആസ്ഥാനത്തെ ഒരു നിലയാകെ ബറോഡ ബാങ്കിന് കൊടുത്തുകഴിഞ്ഞു.
റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണർ രാജിവച്ചൊഴിഞ്ഞു. കിട്ടാക്കടത്തിൽപ്പെട്ടു ഉഴലുന്ന യെസ് ബാങ്കിന്റെ നടത്തിപ്പിലും പാകപ്പിഴകളേറെ കണ്ടുവത്രെ.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 26 പൊതു മേഖലാ ബാങ്കുകളുടെ 34000 ശാഖകൾ അടച്ചിടുകയോ ലയിപ്പിക്കുകയോ ചെയ്തുവെന്നാണ് വിവരാവകാശ രേഖ നൽകുന്ന വിവരം.
രൂപവില കുറയുകയും സ്വർണവില കുത്തിക്കുകയും ചെയ്യുമ്പോൾ അതും കൊറോണയും കോവിഡും കാരണമാണെന്നു പറയുമോ ആവോ?
രാജ്യത്തിനാകെ ഒരേ ഒരു നികുതി എന്നു അവകാശപ്പെട്ടുകൊണ്ടാണ് ചരക്കു സേവന നികുതി നടപ്പാക്കിയത്. ജി.എസ്.ടി. പിരിവിൽ തുടർച്ചയായി ആറുമാസം ഒരു ലക്ഷം കോടി രൂപയുടെ മേൽ വരുമാനമുണ്ടായെന്നു ധനമന്ത്രി പറയുന്നുമുണ്ട്. എന്നാൽ ഇതുകാരണം എത്രപേർക്ക് തൊഴിൽ നഷ്ട്ടപ്പെട്ടുവെന്നോ എത്രപേർ ആത്മഹത്യ ചെയ്തുവെന്നോ എത്ര കുടുംബങ്ങൾ നിരാലംബരായെന്നോ മാദ്രിയുടെ കൈകളിൽ കണക്കില്ല.
നമ്മുടെ ബജറ്റ് തുകയേക്കാൾ ഏറെ പണം നാട്ടിലേയ്ക്ക് അയച്ചുകൊണ്ടിരുന്ന പ്രവാസികൾ സ്വദേശിവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടമായിത്തന്നെ നാട്ടിലേയ്ക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നതൊന്നും സർക്കാരിനു അറിയില്ലെന്നു തോന്നുന്നു. ഇന്ത്യക്കകത്ത് പൗരത്വ പട്ടിക പുതുക്കി നിർണയിക്കാനും, ഒരു പ്രത്യേക സമുദായക്കാരെ നാട്ടിൽ നിന്നു ആട്ടിയോടിക്കാനും ശ്രമിക്കുന്ന ഭരണനേതൃത്വത്തിനു, ഇന്ത്യക്കാരായ എത്രപേർ വിദേശങ്ങളിലുണ്ടെന്നു പാസ്സ്പോർട്ട് എണ്ണിനോക്കി തിട്ടപ്പെടുത്താൻ പോലും ഇതേവരെ സാധിച്ചിട്ടില്ല. വ്യത്യസ്ത എംബസികൾ നൽകുന്ന കൊട്ടക്കണക്കിലാണ് അവർ അഭയം തേടുന്നത്. മുൻവർഷത്തെ വിദേശനിക്ഷേപം 2130 കോടി ഡോളറിൽനിന്നും 2460 കോടി ആയി ഉയർന്നുവെന്നു മന്ത്രി പറയുന്നു. പുതിയ ഇളവുകൾ കൂടുതൽ നിക്ഷേപം നാട്ടിലെത്തിക്കുമെന്നും മന്ത്രി പറയുമ്പോൾ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഏഴ് ലക്ഷം ഇന്ത്യക്കാർ സൗദി അറേബ്യയിൽ നിന്നു തന്നെ മടങ്ങിവന്നതായി വിദേശമന്ത്രാലയത്തിന്റെ കഴിഞ്ഞ മാസത്തെ കണക്കുകൾ പോലും അവരെ കൊഞ്ഞനം കുത്തുന്നു.
സാമ്പത്തികം അത്രമാത്രം ഭദ്രമാണെങ്കിൽ റെയിൽവേ വകുപ്പും എയർ ഇന്ത്യയും കമ്പി-തപാൽ വകുപ്പും (ബി . എസ് . എൻ . എൽ ) എൽ ഐ സി യും എല്ലാം വിറ്റഴിക്കുകയും സ്വകാര്യവത്കരിക്കപെടുകയും ചെയുന്നതെന്തിനാണ്. ഈ അവസരത്തിലും നമ്മുടെ സമ്പദ് വ്യവസ്ഥ അഞ്ചുലക്ഷം കോടി രൂപയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നു ബജറ്റിന്റെ മറുപടി പ്രസംഗത്തിലും മന്ത്രി പറയുന്നത് വായിച്ചു . എന്നാൽ 4400 കോടി രൂപയാണത്രേ എയർ ഇന്ത്യയുടെ നഷ്ട്ടം . തപാൽ വകുപ്പിന്റേത് 15 ,000 കോടിയും. സമ്പത് വൃവസ്ഥ മെച്ചപ്പെടുന്നെങ്കിൽ അഞ്ചു വിമാനത്താവളങ്ങൾ എന്തിനു അദാനി ഗ്രൂപ്പിനു വിറ്റു?
മോദിയുടെ പ്രോത്സാഹനത്തിൽ വളർന്നു പന്തലിച്ച സ്വകാര്യ സംരംഭങ്ങൾ പോലും ഭീമൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത് ഭരണവർഗം തിരിച്ചറിയുന്നില്ല. ഇന്റർനെറ്റിൽ വെളിച്ചം കണ്ട കണക്കുകൾ വിശ്വസിക്കാമെങ്കിൽ ബി.എസ്.എൻ.എല്ലിന്റെ നഷ്ട്ടം 14000 കോടി രൂപയാണെങ്കിൽ എയർടെൽ 23000 കോടിയിലും വൊഡാഫോൺ 50000 കോടിയിലും വന്നു നിൽക്കുന്നു.
ഓട്ടോ മൊബൈൽ വ്യവസായ രംഗത്ത് പത്തുലക്ഷം പേര് തൊഴിൽ രഹിതരാവുന്നു. വളരെ നല്ല നിലയിൽ നടന്നു വന്നിരുന്ന ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ ശമ്പളം കൊടുക്കാൻ പണമില്ല പോലും. കെട്ടിട നിർമ്മാതാക്കൾ പണികഴിപ്പിച്ച ലക്ഷകണക്കിന് വീടുകളും ഫ്ലാറ്റുകളും ആളുകളെ കാത്ത് ഭാർഗ്ഗവീനിലയങ്ങൾ പോലെ ഒറ്റപ്പെട്ടു കിടക്കുന്നു.
ഒരു കാർട്ടൂൺ ഈയിടെ പുറത്തു വന്നത് ശ്രദ്ധയിൽ പെടുകയുണ്ടായി. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നമുക്കു സുപ്രീം കോടതിയും വിറ്റുകൂടേ എന്നു ധനമന്ത്രി നിർമലാ സീതാരാമൻ ചോദിക്കുന്നു.
പ്രധാനമന്ത്രിയുടെ മറുപടി പാടില്ല പാടില്ല അവിടെയാണ് നാമിപ്പോൾ പിടിച്ചു നിൽക്കുന്നത്.