കോവിഡ് പ്രതിസന്ധിയിലും ലോകരാജ്യങ്ങള്‍ പലതും പിടിച്ചുനിന്നത് ആയുധ വില്പനയിലൂടെയാണത്രെ. അമേരിക്കമാത്രം നടത്തിയത് 53 കോടി ഡോളറിന്റെ വ്യാപാരമാണ്. അപ്പോഴും രക്ഷപ്പെടാന്‍ കഴിയാതിരുന്ന റക്ഷ്യയുമായി ഇന്ത്യ അയ്യായിരം കോടി രൂപയുടെ തോക്ക് നിര്‍മ്മാണ കരാര്‍ ഒപ്പു വെച്ചിരിക്കുന്നു.
കരിയാടന്‍
ഇരുപത്തി ഒന്നാം ഉച്ചകോടിക്കായി ഡല്‍ഹിയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിന്‍ പുടിന് ഇന്ത്യയുമായി പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവെച്ചുവെന്ന വാര്‍ത്ത വായിച്ചപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ 2031 വരെ കാലാവധിയുള്ള കരാറുകളില്‍ ഒന്നു ആറുലക്ഷം എ.കെ. 203 റൈഫിളുകള്‍ നിര്മിക്കാനുള്ളതാണെന്നു കണ്ടപ്പോള്‍ മനസ്സിലേക്ക് ഓടിവന്നത്, ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നാഗാലാന്‍ഡില്‍ 14 ആദിവാസി കര്‍ക്ഷകര്‍ വെടിയേറ്റു മരിച്ച സംഭവമാണ്.
തീവ്രവാദികളുടെ നീക്കം നടക്കുന്നതായി അറിഞ്ഞ് എത്തിയ 21 കമാന്‍ഡോകള്‍ സംശയത്തിന്റെ പേരില്‍ ആ വഴി ജീപ്പുകളില്‍ വരികയായിരുന്നവര്ക്കെതിരെ നിറഒഴിക്കുകയായിരുന്നു. മോണ്സിറ്റിയിലേക്ക് വരികയായിരുന്ന ജീപ്പ് നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ വഴങ്ങിയില്ലെന്നും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ തല്‍ക്ഷണം മരിച്ചുവെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ആ ഗ്രാമീണര്തയാറാവാതിരിക്കുകയും സൈനികരെ ആക്രമിക്കുകയും സൈനിക വാഹനത്തിനു തീ കൊടുക്കുകയും ചെയ്തുവത്രെ. തുടര്‍ന്നു സായുധസേന വീണ്ടും നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍കൂടി മരണപ്പെട്ടു. ഒപ്പം ഒരു സൈനികനും. 28 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇതേപ്പറ്റി പാര്‍ലമെന്റില്‍ ബഹളമുണ്ടായപ്പോള്‍ ആത്മരക്ഷാര്‍ഥമാണ് വെടി വെച്ചതെന്നു ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞുനോക്കിയെങ്കിലും കേന്ദ്രഗവണ്മെന്റ് ഖേദം പ്രകടിപ്പിക്കേണ്ടിവരികയുണ്ടായി. മരണപ്പെട്ടവരുടെ കുടുംബത്തിന് പതിനൊന്നു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് ഒന്നരലക്ഷം രൂപയും ആശ്വാസധനം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയോടെ അന്വേക്ഷണത്തിനു മേജര്‍ ജനറല്‍ റാങ്ക് ഉദ്യോഗസ്ഥനെ നിയോഗിച്ച് ഉത്തരവാകുകയുമുണ്ടായി.
വിവിധ ഗോത്ര സംഘടനകളുടെ ആഹ്വാനമനുസരിച്ച് പിറ്റേന്നു സംസ്ഥാനമാകെ ബന്ദ് ആചരിച്ചു. കരസേനയുടെ 21-ാം പാരാ സ്പെഷ്യല്‍ പോലീസിന്റെ ഈ ചെയ്തിയില്‍ നാഗാലാന്‍ഡ് പോലീസ് കേസെടുക്കുകയും ചെയ്തു.
എന്നാല്‍ ഇത് അവിടെ പെട്ടെന്നു തീരുന്ന പ്രശ്നമല്ല എന്നു തോന്നുന്നു. അഫ്സ്പാ എന്ന പേരില്‍ തീവ്രവാദം സംശയിക്കുന്നിടത്തൊക്കെ കടന്നുചെല്ലാനും വെടിവെക്കാനും സൈനികര്‍ക്ക് പ്രത്യേക അധികാരം നല്കുന്ന നിയമത്തിന്റെ ബലത്തിലാണ്, ഈ നരനായാട്ട് നടത്തുന്നത്. നാഗാലാന്‍ഡില്‍ ഭീകരവാദം ശക്തിപ്പെടുന്നു എന്ന അര്‍ഥത്തില്‍ സൈനികര്‍ക്ക് നല്കപ്പെട്ട ഈ പ്രത്യേക അധികാരം ആസ്സാം, അരുണാചല്‍, മണിപ്പൂര്‍, ജമ്മൂകശ്മീര്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ
അയല്പക്ക ജില്ലകളിലും വര്‍ഷങ്ങളായി നിലവിലുണ്ട്. ഇത് പിന്‍വലിക്കണമെന്നു പലനാളുകളായി ജനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മ്മിളയുടെ നേതൃത്വത്തില്‍ ഒരു ജനകീയ മുന്നേറ്റം തന്നെ നടത്തുകയുണ്ടായി. അതിനിടയിലാണ് നാഗാലാന്‍ഡിലെ വീരശൂര പരാക്രമം. മേഖാലയ മുഖ്യമന്ത്രി കോണ്‍റാഡ് സംഗ്മയും, നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഷിറിയോയും ഈ കിരാതനിയമം പിന്‍വലിക്കണമെന്നു ആവശ്യപ്പെട്ടിരിക്കുന്നു. ബി.ജെ.പി. ഭരണ മുന്നണിയില്‍ അംഗത്വമുള്ള ടോക്ക് ഹിനോ യെപാതമി എം.പി.യും അഹതാ സംഗ്മ എം.പി.യും ലോകസഭയിലും ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നു.
മനുഷ്യജീവനു തെല്ലും വില കല്പിക്കാത്ത ഇത്തരം കാടനിയമങ്ങള് നാഗാലാന്‍ഡുമായി സമാധാന ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ്. അതിനുപിന്നാലെ വന്ന വാര്‍ത്ത അയ്യായിരം കോടിരൂപയുടെ എ.കെ 203 തോക്കുകളുടെ നിര്‍മാണത്തിനു 2031 വരെയുള്ള ഒരു കരാറില്‍ റക്ഷ്യയുമായി ഇന്ത്യ ഒപ്പിട്ടിരിക്കുന്നു എന്നതാണ്. ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ തന്നെ ആറ് ലക്ഷം റൈഫിളുകള്‍ ഉടന്‍ നിര്‍മിക്കാനാണ് പരിപാടി.
തോക്ക് കൈയില്‍ കിട്ടിയാല്‍ സായുധസൈനികര്‍ എന്തിനും ഒരുമ്പെടുമെന്നത് ലോകത്തില്‍ എല്ലാവര്ക്കും അറിയാവുന്നതാണ്. നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് 1919 ഏപ്രില്‍ 13നു പഞ്ചാബിലെ ജാലിയാന്വാലാബാഗില് ആയിരത്തോളം പേരെയാണ് ബ്രിട്ടീഷ് പട്ടാളം വെടിവെച്ചിട്ടത്. രണ്ടു വര്‍ഷം കഴിഞ്ഞ് 1921ല്‍ മലബാര്‍ ലഹള എന്നു രേഖപ്പെടുത്തിയ കലാപത്തില്‍ പതിനായിരത്തോളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതും ചരിത്രം തന്നെ.
എന്നാല്‍ അഹിംസ വേദവാക്യമായി സ്വീകരിച്ച് ലോകത്തിനുതന്നെ മാതൃകയായ ഒരു രാഷ്ട്രപിതാവിനെ സൃഷ്ടിച്ച ഇന്ത്യ എന്ന മഹാരാജ്യം വീണ്ടും തോക്ക് നിര്‍മ്മാണത്തിനായാണ് കോടികളുടെ ഉടമ്പടി ഒപ്പിടുന്നതെന്നത് 135 കോടി ജനങ്ങളെ ഭീതിപ്പെടുത്തുന്നു. വിവിധഭാഷക്കാരും ദേശക്കാരും മതക്കാരുമായി ആറരക്കണക്കിനാളുകള് ജീവന് നല്കി നേടിയെടുത്ത സ്വാതന്ത്രം ഇങ്ങനെ തൂക്കേണ്ടതുണ്ടോ?
1947ല്‍ സ്വാതന്ത്രത്തെതുടര്ന്ന് നമ്മുടെ നാടിന്റെ പല ഭാഗങ്ങളിലും നടക്കുന്ന വര്‍ഗീയ സംഘട്ടനങ്ങള്‍ക്കും, കൂട്ടക്കൊലപാതകങ്ങള്‍ക്കും കയ്യും കണക്കുമില്ലായിരുന്നു. എന്നിട്ടും നാം ഇന്നും ഒറ്റയായും കൂട്ടായും പരസ്പരം കുത്തിവീഴ്താനാണ് മത്സരിക്കുന്നത്.
സൂര്യന് അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കെട്ടുകെട്ടിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാത്മാഗാന്ധി 1947 ഓഗസ്റ്റ് 15നു ആ സ്വാതന്ത്രദിനാഘോക്ഷങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ല ബംഗാളില്‍ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ സംഘട്ടനങ്ങള്‍ നടക്കുന്നുവെന്നറിഞ്ഞപ്പോള്‍ നവഖാലിയില്‍ നിരായുധനായി സമാധാനത്തിന്റെ പദയാത്ര നടത്തുകയായിരുന്നു. എന്നിട്ടും ആ മഹാത്മാവിനെ ഒരു വര്‍ഷത്തിനകം നാം വെടിവെച്ചു കൊന്നു. ഒരു ഇന്ത്യക്കാരന്റെ കയ്യിലെ തോക്കുതന്നെ ഇന്ത്യന്‍ മതേതരത്വത്തിനു ഏല്പിച്ച വന്‍ ആഘാതമായിരുന്നു അത്. വെടിയുണ്ടകളുടെ ദാഹം തീരാത്ത മനസ്സ് 36 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നെഞ്ചിലേക്കുള്ള നിറയൊഴിക്കലായി, 1984ല്‍ ആവര്‍ത്തിക്കുന്നത് കണ്ടും മനസ്സ് പിടഞ്ഞു.
1992 ഡിസംബര്‍ ആറിനു മറ്റൊരു വലിയ ഞെട്ടലിനു ഇന്ത്യ സാക്ഷ്യം വഹിച്ചു. വിശ്വഹിന്ദു പരിഷത്ത്കാരായ ഒരു ലക്ഷത്തിലേറെ കാര്‍സേവകരെ അണിനിരത്തി, ഭാരതീയ ജനതാപാര്‍ട്ടി അയോധ്യയില്‍ ബാബ്റി മസ്ജിത് തകര്‍ത്തതായിരുന്നു അത്. മതേതര ഇന്ത്യ പൊതുവെ സംയമനം പാലിച്ചതിനാല്‍, മൊത്തത്തില്‍ കലാപങ്ങള്‍ പടര്‍ന്നു കയറിയില്ല.
എന്നാല്‍ 2002 ഫെബ്രുവരിയില്‍ ഗുജറാത്തിലെ ഗോദ്ര റയില്‍വെ സ്റ്റേഷനില്‍ ഉണ്ടായ തീപിടുത്തത്തില്‍ 58 പേര് വെന്തു മരിച്ചതോടെ സംഗതികളാകെ കൈവിട്ടുപോയി. അയോധ്യയില്‍ നിന്നു മടങ്ങുകയായിരുന്ന കാര്‍സേവകരാണ് മരണപ്പെട്ടത്. സ്റ്റേഷനില്‍ നിര്‍ത്തിയ സബര്‍മതി എക്സ്പ്രസിലെ ഒരു കംപാര്‍ട്ട്മെന്റില്‍ ആരോ ചിലര്‍ പെട്രോളൊഴിച്ചു തീകൊടുത്തു എന്നതായിരുന്നു ആരോപണം.
അതോടെ ഗുജറാത്തിന്റെ പലഭാഗങ്ങളിലും മുസ്ലിംകള്ക്കെതിരായ വ്യാപകമായ അക്രമങ്ങള്‍ നടന്നു. പലരേയും കൂട്ടക്കൊലക്ക് ഇരയാക്കി. വീടുകളും വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചു. നരേന്ദ്രമോദി മുഖ്യമന്ത്രിയും അമിത്ഷാ ആഭ്യന്തരമന്ത്രിയുമായിരുന്ന സംസ്ഥാന ഭരണകൂടം നോക്കിനിന്നു എന്നു ആരോപിച്ചവരില്‍ ഉന്നതതല പോലീസുദ്യോഗസ്ഥര്പോലും ഉണ്ടായി.
ഇതിനിടയില്‍ മധ്യ ആസ്സാമില്‍ നൗഗോങ്ങ് ജില്ലയിലെ നെല്ലിയില്‍ 1983 ഫെബ്രുവരിയില്‍ നടന്ന നരനായാട്ട് മറ്റൊരു കദനകഥയായി നില്പുണ്ടായിരുന്നു. ആയിരത്തോളം ആയുധധാരികള്‍ ആറു മണിക്കൂറോളം നടത്തിയ നഗ്നതാണ്ഡവത്തില് ബംഗാളി വംശജരായ 1800 പേര് വധിക്കപ്പെട്ടുവെന്നാണ് രേഖകള്‍ പറയുന്നത്.
എന്ത് കിട്ടിയാലും ആയുധമാക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് ആയുധങ്ങള്എത്തിച്ചുകൊടുക്കുന്നത് ആരാണ് ? അവരെ സഹായിക്കുന്നത് ഏതൊക്കെ കേന്ദ്രങ്ങളാണ്?.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംഭവം ഓര്‍ക്കുക. കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഏതാനും പേര്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഒരു കേന്ദ്ര മന്ത്രിയുടെ ആയിരുന്നു കാര്‍ എന്നും അത് ഓടിച്ചിരുന്നത് മന്ത്രി പുത്രനായിരുന്നുവെന്നതും ഉള്ള വാര്‍ത്തയാണ് പിന്നാലെ വന്നത്.
കേരളത്തിലാകട്ടെ കൊലക്കളങ്ങള്‍ തീര്‍ക്കുന്നതായി രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ആരോപിക്കുമ്പോള്‍തന്നെ ആയുധങ്ങളും ബോംബുകളും കണ്ടെടുക്കുന്നതായുള്ള വാര്‍ത്തകള്‍ക്കും ക്ഷാമമില്ല. 51 കുത്തേറ്റുമരിച്ച ടി.പി. ചന്ദ്രശേഖരന്റെ കഥ ഒഞ്ചിയം പറയുമ്പോള്‍ അരിയില്‍ അബ്ദുല്‍ ശുക്കൂര്‍ എന്ന യുവാവിന്റെ കൊലപാതകം കണ്ണൂരിലെ പട്ടുവത്ത് നിന്ന് വരികയുണ്ടായി.
പാലക്കാട് എലപ്പുള്ളിയല് ആര്.എസ്.എസ്. പ്രവര്‍ത്തകനായ എസ്. സജിത്തിന്റെ മരണവും പത്തനംതിട്ട തിരുവല്ലയില്‍ മാര്‍ക്സിസ്റ്റ് സെക്രട്ടറി പി.ബി. സന്ദീപ്കുമാറിന്റെ മരണവും ഒക്കെ പറയുന്ന കദനകഥകളും ഇതുതന്നെ.
കാസര്‍കോട്ടെ പെരിയയില്‍ രണ്ടു യൂത്ത് കോണ്ഗ്രസ്കാര് കൊല്ലപ്പെട്ടതില്‍ പ്രതിയാക്കപ്പെട്ടവരില്‍ ഒരു മുന്‍ മാര്‍ക്സിസ്റ്റ് എം.എല്‍.എ. കൂടി പെടുന്നു.
മുംബൈ മീറ്റില്‍ വന്ന ഒരു റിപ്പോര്‍ട്ടനുസരിച്ച 2000-2017 കാലഘട്ടത്തില്‍ 85 മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരും 65 ആര്.എസ്.എസ്. പ്രവര്‍ത്തകരും കേരളത്തില്‍ കൊല്ലപ്പെടുകയുണ്ടായി.
കോവിഡ് പ്രതിസന്ധിയില്‍ വാണിജ്യ വ്യവസായ മേഖലകള്‍ ലോകമെമ്പാടും തകര്‍ന്നപ്പോള്‍ രാഷ്ട്രങ്ങള്‍ പലതും പിടിച്ചു നിന്നത് ആയുധ വില്പനയിലൂടെയാണെന്നു ഓര്‍ക്കണം. ആയുധക്കമ്പനികള്‍ കഴിഞ്ഞ ഒരു വര്‍ഷം 53,10 കോടി ഡോളറിന്റെ ആയുധ വില്പന നടത്തിയെന്നാണ് ഔദ്യോഗിക വിവരം. അമേരിക്കന്‍ കമ്പനികളാണ് ഇതില്‍ പകുതിയും നേടിയെടുത്തത്. ചൈനയും ബ്രിട്ടനും ഫ്രാന്‍സുമൊക്കെ നില മെച്ചപ്പെടുത്തിയപ്പോള്‍ മൂന്നാം വര്‍ഷം റഷ്യയുടെ വില്പന കുറയുകയാണ് ചെയ്തത്.
റഷ്യന്‍ നിര്മിതമെല്ലാം തീര്‍ത്തും കുറ്റമറ്റതായിരിക്കുമെന്നൊന്നും എല്ലാവരും പറയുമെന്നൊന്നും തോന്നുന്നില്ല. അവര്‍ നിര്‍മ്മിച്ചു നല്കിയ ഹെലിക്കോപ്റ്ററുകളില്‍ ആറാമത്തെതാണല്ലോ, കഴിഞ്ഞാഴ്ച നിര്‍ഭാഗ്യവശാല്‍ തമിഴ്നാട്ടില്‍ ഊട്ടിക്കരികെ തകര്‍ന്നുവീണത്. യന്ത്രത്തകരാറാണ് കാരണമെന്നൊന്നും പറഞ്ഞ്കൂടെങ്കിലും സംയുക്ത സേനാമേധാവിയടക്കം പതിമൂന്ന് പേരെയാണ് നമുക്ക് നഷ്ടപ്പെട്ടത്.
സമാധാനത്തിനുള്ള നോബല്‍ സമ്മാനം വാങ്ങിയ ഓങ്ങ്സാന്‍ പോലും മ്യാന്മാറില്
തടവ് ശിക്ഷക്ക് വിധിക്കപ്പെടുന്ന ലോകത്ത് നിന്ന് ശാദൂത് കേള്‍ക്കാന്‍ ഇനി എത്ര
എത്ര കാലം കാത്തിരിക്കണം.!









